മലയാളത്തിനൊരു ‘തള്ള്’

Web Desk
Posted on August 04, 2019, 8:13 am

വിജയ് സി എച്ച്

‘തള്ള്’ എന്ന പദം അടുത്ത കാലം വരെ, സ്റ്റാര്‍ട്ടാവാത്ത വാഹനമുള്ളവരാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. പിന്നെ, സ്‌കൂള്‍ കുട്ടികള്‍ കയറുന്ന ബസ്സിലും. ഈ സാധാരണ വചനം ഇന്ന് ‘ബുജി‘കള്‍ പേറ്റന്റ് ചെയ്തിരിക്കുന്നു. അവര്‍ക്ക് ഇഷ്ടമില്ലാത്തവ പറയുന്നതൊക്കെ പരിഹസിക്കാനും, നിന്ദിച്ചുതള്ളാനും!

ഏറെ ‘ഫാഷനബിള്‍’ ആയ ഈ തള്ള് മലയാളത്തിനൊരു നുള്ളായി ഇന്ന് ഭാഷയുടെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നു, ന്താ, ല്ലേ!
ഇന്ന് ‘തള്ളെ‘ന്നാല്‍, പെരുപ്പിക്കല്‍, കൂട്ടിപ്പറയല്‍, അതിശയോക്തി കലര്‍ത്തല്‍, കാപട്യം കാണിക്കല്‍ എന്നൊക്കെയോ, എന്തരൊക്കെയോയാണ്. ഇപ്പോള്‍ വാമൊഴിയിലധികം കാണുന്ന ഈ അര്‍ഥ വ്യത്യാസം, നാളെ നിഘണ്ടുവില്‍ പുതുക്കിയ നിര്‍വചനത്തില്‍ പ്രവേശനത്തിനു കാത്തിരിക്കുന്നു! ആ സ്ഥിതിക്ക്, ഈ തള്ളിനെ നിഷ്‌കര്‍ഷയോടെ തള്ളിക്കളയുന്നതത്ര ബുദ്ധിയല്ല. അന്തം വിട്ടു നില്‍ക്കാതെ കൂടെകൂട്ടുന്നതാണ് ഉചിതം!
നവമാധ്യമങ്ങളിലെ വ്യവഹാരങ്ങള്‍ക്ക് നവീകരിച്ച പദസമ്പത്തും വേണമല്ലൊ. പോസ്റ്റുക, ലൈക്കുക, കമന്റുക, ‘ടാഗുക, ഷേറുക, എഡിറ്റുക, ഡിലീറ്റുക മുതലായ പദങ്ങള്‍ക്കൊപ്പം, ന്യൂജെന്‍ ഭാഷാപ്രേമികളുടെ ‘കട്ട’ സപ്പോര്‍ട്ടുമായി, കിടു, മച്ചു, പൊളിച്ചു, തേച്ചു മുതലായ പദങ്ങളും നിഘണ്ടുവില്‍ ഉടന്‍ പ്രവേശനത്തിനു ശ്രമിക്കും! ക്യൂവില്‍ നിന്ന് ‘പോസ്റ്റാവാതെ’, കാര്യം കാണുന്നത് ‘വേറെ ലെവലില്‍’ ആയിരിക്കുമെന്നുമാത്രം!
മലയാളത്തില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്ളവരും, ഭാഷാ പിതാവിന്റെ പേരിലുള്ള മലയാള സര്‍വകലാശാലയില്‍ നിന്ന് എംഫില്‍ എടുത്തവരും വരെ പറയുന്നു, ‘എന്റെ ചങ്ക് ഇന്നലെ ഒരു കിടു സാധനം പോസ്റ്റി! ഞാനത് ലൈക്കി!

jayaraj warrier
സമകാലിക വൈജ്ഞാനിക വ്യാവഹാരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭാഷയെ സജ്ജമാക്കുകയെന്നത്, മലയാള സാഹിത്യത്തിന്റെയും കേരള സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് വേണ്ട ഗവേഷണം ഏറ്റെടുത്തു നടത്തുന്ന തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ സുപ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. ‘മലയാള ഭാഷയിലെ പുതിയ പ്രവണതളും, തല്‍ഭവ പദങ്ങളും’ എന്ന ഒരു പ്രബന്ധത്തിന്, മലയാള സര്‍വകലാശാല ഡോക്റ്ററേറ്റ് ലഭിച്ചെന്ന വാര്‍ത്ത വായിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല!
കാവിലെ (Calw, south­ern Germany)ലെ കല്ലറയില്‍കിടന്ന് ഗുണ്ടര്‍ട്ടു ഞെട്ടുന്ന ഈ വക പദവിന്യാസങ്ങളോടെ, നമ്മുടെ ‘ചങ്ക്‌സ്’ മലയാളം അങ്ങനെ ‘കിടുക്കി തിമിര്‍ക്കു‘ന്നതുകേള്‍ക്കാന്‍ ഒരു പ്രത്യേക രസംതന്നെയാണ്. പക്ഷേ, ഇതു കേട്ട് നടുങ്ങി, ആദ്യത്തെ മലയാള നിഘണ്ടു സംഗ്രഹിച്ചു നമുക്കു സമ്മാനിച്ച മഹാന്‍, തന്റെ കുഴിമാടത്തില്‍ നിന്നുതന്നെ ‘സ്‌കൂട്ട്’ ആവുമോയെന്നറിയില്ല!
താന്‍ പഠിച്ച പാലക്കാട് വിക്ടോറിയ കോളേജില്‍, ഒ വി വിജയന്‍ ഒരിക്കല്‍ സന്ദര്‍ശിച്ചപ്പോള്‍, അവിടെ അന്ന് മാസ്റ്റര്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന ‘ചെത്ത്’ പെണ്‍പിള്ളേര്‍ പറഞ്ഞത്രേ, ഖസാക്കുകാരന്‍ ഇട്ടിരുന്ന ഷര്‍ട്ട് ചെത്തിയിട്ടുണ്ടെന്ന്. അപ്പോള്‍ വിജയന്റെ മറുപടി ഇങ്ങിനെയായിരുന്നു: ‘ഞാനൊക്കെ ഇവിടെ പഠിച്ചിരുന്ന കാലത്ത്, തെങ്ങിന്റെ മണ്ടയില്‍ കേറിയിരുന്നാണ് ചെത്തിയിരുന്നത്, നിങ്ങടെ കാലായപ്പോള്‍ കുപ്പായത്തിലും കേറി ചെത്തിത്തുടങ്ങിയോ?’

പതിനായിരം പേരെ ഒരുമിച്ചു ചിരിപ്പിക്കുന്ന ജയരജ് വാര്യര്‍, എന്റെ തള്ള് കേട്ട് ചിരിയോട്ചിരി. താനിപ്പോള്‍ കണ്ടം വഴി ഓടുമെന്ന് എനിക്കു മുന്നറിയിപ്പും നല്‍കി!
‘ഇപ്പോള്‍ ചെത്തും നിര്‍ത്തി. ഈയിടെ ആയിട്ട് അതിന് ഫാഷന്‍ കൊറവാ, ‘ക്യൂട്ട്’ അല്ലെങ്കില്‍ ‘ഫ്രീക്കിങ്’ എന്നൊക്കെ പറയണം. കാലം മാറീലേ? നമ്മള് കൊറെ കാലായിട്ട് ഊണുകഴിക്കാറേയില്ലല്ലൊ, റൈസ് അല്ലേ കഴിക്കണത്.’ ജയരാജ് വ്യക്തമാക്കി. ‘ചാക്കീന്ന് നേരിട്ട്!’
ജയരാജിന്റെ ‘ചാക്കീന്ന് നേരിട്ട് ഊണുകഴിക്കുന്ന’ തള്ള് കേട്ട്, ചിരി ഞാന്‍ ഏറ്റെടുത്തു. ചായയുമായെത്തിയ വാരസ്യാരും കൂടെ കൂടി!
‘ഇത് സൈബര്‍ യുഗമാണ്. നേരിട്ടു കാണുന്നവരുടെ മുഖത്ത് നാം നോക്കാറില്ലെങ്കിലും, നമ്മുടെ ആയിരക്കണക്കിനു ചങ്ക്‌സ്, ലോകം മുഴുവന്‍ പരന്നു കിടക്കുന്നു!’
‘ഈ പുതുപുത്തന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നാം ഒരേ വീട്ടില്‍ താമസിക്കുന്നവരുമായിത്തന്നെ എഫ്ബിയില്‍ പോസ്റ്റി, ബൗദ്ധികമായ കാര്യങ്ങള്‍ ഷേറുന്നത്!’ ജയരാജ് എല്ലാവരേയും ചേര്‍ത്ത് ഒന്ന് ‘ആക്കി’!
പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ജനപ്രതിനിധികളും ഇന്ന് അവര്‍ക്കു പറയാനുള്ള പലതും ജനങ്ങളിലേക്ക് എത്തിക്കുന്നത് സമൂഹ മാധ്യമങ്ങള്‍ വഴിയല്ലേ?
‘അതെ, അതുകൊണ്ടു തന്നെയാണല്ലോ, ‘അവന്‍ പോസ്റ്റി, ഞാന്‍ ലൈക്കി’ എന്ന പരിഷ്‌കൃതിക്ക് ഇത്രയും ആധികാരികത ലഭിച്ചത്! അച്ചടി മീഡിയക്കു പോലുമുള്ള ഇന്‍പുട്ട്‌സ് പലപ്പൊഴും എഫ്ബിയും, റ്റ്വിറ്ററും മറ്റുമാണ്.’
എന്തോ അല്‍പ്പം ആലോചിച്ചതിനു ശേഷം ജയരാജ് തുടര്‍ന്നു: ‘ഈ വക ഹൈഫൈ വിദ്യകളെല്ലാം പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നമ്മുടെ എഴുത്തച്ഛന് നല്ല പിടിയായിരുന്നു. ഭാഷാ പിതാവ് എഫ്ബിയില്‍ അത്ര പോരായിരുന്നു, പക്ഷെ റ്റ്വിറ്ററില്‍ ബഹു മിടുക്കന്‍!’
‘കിളിപ്പാട്ട്?’ ഞാന്‍ തിരക്കി.

jayaraj warrier
പിന്നെയങ്ങോട്ടു ചിരിയായിരുന്നു, മൂന്നുപേരും കൂടി, ഏറെ നേരം.
ഓട്ടന്‍തുള്ളലില്‍ കലാജീവിതം തുടങ്ങിയ ജയരാജിന്, ചെറുപ്പക്കാരുടെ ഇടയിലെ പുത്തന്‍ പ്രവണതകളിലും, ഭാഷയില്‍ വന്നുകൊണ്ടിരിക്കുന്ന രൂപാന്തരങ്ങളിലുമുള്ള ഊടറിവ് ഒന്നുവേറെത്തന്നെയാണ്. ആക്ഷേപഹാസ്യം സാധാരണക്കാരന്റെ അഭിരുചിക്കനുസരിച്ച് നര്‍മ്മംചേര്‍ത്തു സാമൂഹ്യവിമര്‍ശനം നടത്തുന്നതാണല്ലൊ തുള്ളല്‍ ശാഖകളൊക്കെ. സാധാരണക്കാരന് ‘കലിപ്പ്’ തോന്നാത്ത ജനകീയമായ കഥകളി!
അപ്പോള്‍, ജയരാജ് അന്നും ഇന്നും ചെയ്യുന്നത് പ്രാഥമികമായി ഒന്നുതന്നെ. കൊള്ളിവാക്കും, കളിയാക്കലും പരിഹാസവും! എല്ലാം എല്ലാവരും ആസ്വദിക്കുന്ന ഹാസ്യം ചേര്‍ത്ത്. ഇതൊരു പുരാതനവും ആദരണീയവുമായ പ്രദര്‍ശന കലയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വിശകലനവും, പോരായ്മകള്‍ക്ക് പ്രതിവിധി മാര്‍ഗ്ഗങ്ങളും.
നാടന്‍ സംസാര ശൈലിയും, ജീവിത സമ്പ്രദായവും, മേനറിസം എന്നു വേര്‍തിരിച്ചിട്ടുള്ള പെരുമാറ്റ രീതിയും, പ്രകടമായ ശീലവൈകൃതവുമെല്ലാം ജയരാജിന്റെ സൂക്ഷ്മനിരീക്ഷണ പരിധിയില്‍പ്പെടുന്നു. എന്റെ ഈ കട്ട സുഹൃത്ത്, പട്ടികയില്‍ ഇപ്പോള്‍ തള്ളും ആക്കലും ഒക്കെ ചേര്‍ത്തിട്ടുണ്ട്. ആ പഴയ തുള്ളലുകൊണ്ട് മാത്രം ഇന്ന് കാര്യം നടക്കില്ലല്ലൊ!
പക്ഷെ, തുള്ളലും, തള്ളും, തമാശയും തരം തിരിച്ച്, ഇവക്കൊക്കെ തനതായ താളമിടുകയാണ് ഈ അഭിനവ കുഞ്ചന്‍ നമ്പ്യാര്‍! ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞാതാവ് നമ്പ്യാരാണെങ്കില്‍, കേരികേച്ചര്‍ എന്ന കലാരൂപത്തിന്റെ പിതാവ് വാര്യരാണ്. ആറു നാട്ടില്‍ നൂറു ഭാഷ എന്നാണല്ലൊ പണ്ഡിത മതം. അപ്പോള്‍, ഒരു മലയാള നാട്ടില്‍, എത്ര മലയാളം?
‘അത് ഈസിയായി കാല്‍ക്കുലേറ്റ് ചെയ്യാലൊ, നൂറിനെ ആറുകൊണ്ട് ഹരിച്ചാല്‍ പോരേ?’ ജയരാജ് മലയാളത്തിന്റെ കണക്ക് ലളിതമാക്കി.
പണ്ഡിതന്‍മാര്‍ പറയുന്നതനുസരിച്ച്, നമ്മുടെ നാട്ടില്‍ പതിനാറില്‍ ചില്വാനം മലയാളങ്ങളേ വരുന്നുള്ളൂ.
ആകെ പതിനാല് ജില്ല. അങ്ങനെയാകുമ്പോള്‍, ഒന്നില്‍ ചില്വാനം മലയാളമാണ് ഒരു ജില്ലക്ക് അവകാശപ്പെട്ടത്.
‘അത്രയേയുള്ളൂ?’
‘ആറു മലയാളിക്ക് നൂറു മലയാളം എന്നാണല്ലൊ കുഞ്ഞുണ്ണി മാഷ് പറഞ്ഞത്?’
‘കുഞ്ഞുണ്ണി മാഷ്‌ടെ കണക്കനുസരിച്ച്, Ker­ala pop­u­la­tion, divid­ed by six, whole mul­ti­plied by 100, അല്ലേ?’ ജയരാജ് കണക്കുകൂട്ടി, ഞെട്ടി!
‘അത് സ്വല്‍പ്പം കൂടുതലാ… കേരികേച്ചര്‍ ഷോയില്‍, ഒരു ജില്ലക്ക് ഒരു സ്ലാങ് വരെയേ ഇതുവരെ ഞാന്‍ പോയിട്ടുള്ളൂ.’

‘എന്നിട്ടുതന്നെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് കൊല്ലം കറങ്ങി, എര്‍ണാകുളത്തൊന്നു കുറുക്കി, പാലക്കാട്ടൊന്നു പരത്തി, തൃശ്ശൂര്‍ക്കാരെ എട്ടുനിലയില്‍ പൊട്ടിച്ച്, മലപ്പറോം കോഴിക്കോടും കഴിഞ്ഞ്, കണ്ണൂരൊന്നു കണ്ണോടിച്ച്, പയ്യേ പയ്യന്നൂരൊന്നുകേറി, കാസര്‍കോട് എത്തുമ്പഴേക്ക് മൂന്നു മണിക്കൂറെങ്കിലും ആവുന്നുണ്ട്. മലയാളങ്ങള്‍ മൊഴിഞ്ഞു തീരേണ്ടേ?’
കലയുടെ പരിവേഷമുണ്ടെങ്കിലും, സറ്റയര്‍, സര്‍കാസം, മോക്കറി എന്നൊക്കെ പറയുന്ന ഈ ശകാര സാഹിത്യം, വ്യക്തികളെയോ, അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശത്തുള്ളവരെയോ സസൂക്ഷ്മം തിരഞ്ഞെടുത്ത്, സാമ്പ്രദായികമോ, സാമൂഹികമോ, രാഷ്ട്രീയമോ, ഭാഷാപരമോ ആയി വിമര്‍ശിക്കുന്ന ഏര്‍പ്പാടല്ലേ? കൊള്ളാം, തള്ള് രൂപേണെയുള്ള ഈ തല്ല് കൊണ്ട് ആര്‍ക്കെങ്കിലും ഇതുവരെ വേദനിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
‘ഇല്ല. സ്വയം വിമര്‍ശിക്കപ്പെടുന്നതിന് ഏറ്റവും റിസപ്റ്റീവ് ആയ ഒരു ജനവിഭാഗമാണ് മലയാളികള്‍, ‘മിടുക്കത്തരങ്ങള്‍’ വേറെ നൂറൂട്ടം ഉണ്ടെങ്കിലും! സമകാലീന കാര്യങ്ങള്‍ കൊടും വിദൂഷണത്തിന് വിധേയമാവുന്നത് അവര്‍ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ഇത്രയും ഹ്യൂമര്‍ സെന്‍സുള്ള പ്രേക്ഷകര്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലതാനും. ഹ്യൂമര്‍ ആണ് അവരുടെ ഏറ്റവും വലിയ ദൗര്‍ബല്യം. വിമര്‍ശിക്കപ്പെടുന്നത്, താനായാലും മറ്റുള്ളവരായാലും.’ ജയരാജ് ആവേശം കൊണ്ടു.
പെട്ടെന്നാണ് ജയരാജ് ഇരുന്ന കസാലയില്‍നിന്ന്, കെപിഎസി ലളിതയുടെ ശബ്ദം കേട്ടത്! അമ്പരന്ന്, തലയൊന്നുവെട്ടിച്ച്, വീണ്ടും നോക്കിയപ്പോള്‍ കണ്ടത് ജയരാജിനെതന്നെ, പക്ഷെ, ശബ്ദം ലളിതചേച്ചിയുടേതാണ്. ജയരാജിന് ചേച്ചിയുടെ ഒരു കാള്‍ വന്നിരുന്നു. മിമിക്രിയുടെ മഹാരാജാവ്, ചേച്ചിയോട് മറുപടി പറഞ്ഞിരുന്നതും ചേച്ചിയുടെ ശബ്ദത്തില്‍തന്നെ!
യഥാര്‍ത്ഥത്തില്‍, ഹൃദയഹാരിയായ ആ വാഗ്‌ധോരണിയില്‍ നിമഗ്‌നനായി, ചെറുതായൊന്ന് ചിരിക്കുകമാത്രം ചെയ്ത്, ഞാന്‍ ആ കലാവല്ലഭനുമേല്‍ മൗനമായ അനുമോദനങ്ങള്‍ കോരിച്ചൊരിയുകയായിരുന്നു!
ചേച്ചി ‘ഇവിടേയും അവിടേയും’ പറഞ്ഞവസാനിപ്പിച്ചപ്പോള്‍, ഞങ്ങള്‍ മുന്നെ സംസാരിച്ചുകൊണ്ടിരുന്ന വിഷയത്തിലേക്ക് ജയരാജ് തിരിച്ചുപോയി.
‘ഒരിക്കല്‍ ഇ കെ നായനാര്‍ പങ്കെടുത്ത ഒരു പരിപാടിയില്‍, ഞാന്‍ അദ്ദേഹത്തെ അനുകരിച്ചു. സംഗതി ഹിറ്റായി. പക്ഷെ, സഖാവിന്റെ പ്രതികരണം എന്തൂട്ടാവും എന്നോര്‍ത്ത് ഞാന്‍ ഇത്തിരി സമ്മര്‍ദ്ദത്തിലായിരുന്നു. ഷോ കഴിഞ്ഞപ്പോള്‍, നായനാര്‍ എന്നെ അടുത്തു വിളിച്ചു പറഞ്ഞു, ”ഇയ്യ് എത്ര വേണേലും ഇന്നെ ‘ആക്കിക്കോ. ഇനിക്കൊരു ദേഷ്യോം ല്ല്യാ. അന്റെ ആക്കലൊക്കെ എനിക്ക് വല്ല്യേ പബ്ലിസിറ്റിയാണ്.” ഹാ… വല്ലാത്തൊരാശ്വാസം തോന്നി എനിക്ക്, സഖാവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍!’

‘ശരിക്കും പറഞ്ഞാല്‍, സഖാവ് പറഞ്ഞത് എനിക്ക് വലിയ പ്രചോദനം തന്നെയായിരുന്നു! പിന്നീടുള്ള സ്റ്റേജുകളിലെല്ലാം ‘സഖാവ് നായനാര്‍’ എന്റെ ഒരു സ്ഥിരം ഐറ്റം ആയിമാറി.’
1983ല്‍, ഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ നാടകോത്സവത്തില്‍, ‘മുദ്രാരാക്ഷസം’ എന്ന നാടകത്തിലെ ചാണക്യന്‍ കഥാപാത്രത്തിന് മികച്ച നടനുള്ള പുരസ്‌കാരവും, 2011ല്‍ നാടകാഭിനയത്തിനും കാരികേച്ചറിനും കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും, അഭിനയത്തിനും ഹാസ്യത്തിനുമായി ഒട്ടനവധി മറ്റു സമ്മാനങ്ങളും നേടിയ നര്‍മ്മകലയുടെ ഒറ്റയാള്‍പ്പട്ടാളം, ‘ഒരു യാത്രാ മൊഴി’(1997)യില്‍ തുടങ്ങിയ തന്റെ വെള്ളിത്തിരയിലെ പടയോട്ടം, 2018ല്‍ റിലീസായ ‘ആമി‘യിലൂടെ തുടരുന്നു.
ലോകരാഷ്ട്രങ്ങളിലെല്ലാംചേര്‍ത്ത് ഏഴായിരത്തില്‍പരം സ്റ്റേജുകളും, പ്രാഞ്ചിയേട്ടനും, സ്വപ്‌ന സഞ്ചാരിയും, തിരുവമ്പാടി തമ്പാനും, പോപ്പിന്‍സും, സെല്ലുലോയ്ഡും, ചാര്‍ലിയും, ജോമോന്റെ സുവിശേഷങ്ങളുമടക്കം പത്തുനാല്‍പ്പതു പടങ്ങളും.
‘സിനിമയും സ്റ്റേജും തമ്മിലെങ്ങിനെ?’
‘വ്യത്യാസങ്ങള്‍ പലതുമുണ്ടെങ്കിലും, ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും സാരമായത്, സ്റ്റേജില്‍ ഓരോ ഷോയ്ക്കും പുതിയ തയ്യാറെടുപ്പുകളും പുതിയ പെര്‍ഫോര്‍മന്‍സും വേണമെന്നുള്ളതാണ്. നാടക നടനായാലും സാറ്ററിസ്റ്റായാലും, നൂറു ഷോ ചെയ്യാന്‍, നൂറു പ്രാവശ്യം പ്രയത്‌നിക്കണം. ലൈവ് ആയതിനാല്‍, കറക്ഷനും ഇംപ്രൂവ്‌മെന്റിനും അവസരവുമില്ല.’ ജയരാജ് വിവരിച്ചു.
‘എന്നാല്‍, സിനിമയില്‍ ഇംപ്രൊവൈസേഷനാണ് വര്‍ക്കിനെ കുറ്റമറ്റതാക്കുന്നത്. ഒരിക്കല്‍ ചെയ്തവസാനിപ്പിച്ചാല്‍, എത്ര ഷോ വേണമെങ്കിലും, എത്ര വര്‍ഷം വേണമെങ്കിലും, ആ പടം ഓടിക്കൊണ്ടിരിക്കും.’
‘ഷാലില്‍ കല്ലൂര്‍ സംവിധാനം ചെയ്ത, ‘കാട്ടുമാക്കാ‘നില്‍, കേട്ടോരൊക്കെ കൊള്ളാം എന്നുപറയുന്ന ഒരു പാട്ടു പാടീന്ന് കേട്ടല്ലൊ! ഈ തള്ള് നിര്‍ത്തി അതൊന്ന് പടൂ…’
‘മൂവന്തി കള്ളും മോന്തി
എരിപിരി കൊള്ളണ നേരത്ത്
കളിവാക്കാല്‍ ഒളികണ്ണിട്ടെന്‍
കരളിലിരിക്കണതാരാണ്
കറിവയ്ക്കണ ഓമനയോ
കലിതുള്ളും ശാരദയോ
വിലകൂടിയ പെണ്ണ് ചതിയ്ക്കും
വിലകൂടിയ മണ്ണ് ചതിയ്ക്കും
കൊല ചെത്തണ തെങ്ങ്
ചതിയ്ക്കില്ലെന്ന് പറഞ്ഞത് നേരാണേ.…’
‘പൊളിച്ചു!’
തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാക്കി വികസിപ്പിച്ച്, അവിടെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം തുടങ്ങിയത് ശക്തന്‍ തമ്പുരാന്‍. ഭൂമിയില്‍ നടക്കുന്ന ഏറ്റവും വര്‍ണ്ണശബളമായ ഈ ഉത്സവത്തിന് തത്സമയവിവരണം ആരംഭിച്ചതും, ഇപ്പോഴും പൂരമെന്തെന്ന് പൂരപ്രേമികള്‍ക്ക് പരിചയപ്പെടുത്തുന്നതും, അവതാരകന്മാരുടെ അവതാരകനായ, മ്മ്‌ടെ ഗടി ജയരജ് വാര്യരാണ്.…

jayaraj