ടി കെ അനിൽകുമാർ

ആലപ്പുഴ

March 18, 2020, 10:08 pm

ഐസൊലേഷൻ വാർഡിൽ കൊറോണയെ തളച്ചത് പരിചരണം

ഇന്ത്യയിൽ രണ്ടാമതായി കോവിഡ് 19 സ്ഥിരീകരിക്കുകയും ആദ്യമായി രോഗവിമുക്തനാകുകയും ചെയ്ത മലയാളി മെഡിക്കൽ വിദ്യാർത്ഥി ആലപ്പുഴയിലെ ഐസൊലേഷൻ വാർഡിലെ ഓർമകൾ പങ്കിടുന്നു
Janayugom Online

രോ തട്ടിവിളിച്ചപ്പോഴാണ് പാതിമയക്കത്തിൽ നിന്നുണർന്നത്. കണ്ണുതുറന്നപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ നിറഞ്ഞ ചിരിയുമായി രണ്ട് നഴ്സുമാർ. ‘കഴിക്കാൻ എന്താണ് വേണ്ടത്? അവരുടെ ചോദ്യം കേട്ട് രണ്ട് വട്ടം ആലോചിച്ചില്ല, മറുപടി വേഗത്തിൽ പറഞ്ഞു- ‘ഒരു പ്ലേറ്റ് ബിരിയാണി പോരട്ടെ’. ‘പനിയുള്ളപ്പോഴും ഹെവിഫുഡ് മാറ്റരുത്’- നഴ്സുമാർ പറഞ്ഞപ്പോൾ പിന്നവിടെ കൂട്ടച്ചിരിയായി. ഇന്ത്യയിൽ രണ്ടാമതായി കോവിഡ് 19 സ്ഥിരീകരിക്കുകയും ആദ്യമായി രോഗത്തിൽ നിന്നും മുക്തനാകുകയും ചെയ്ത മലയാളിയായ മെഡിക്കൽ വിദ്യാർത്ഥി ഐസൊലേഷൻ വാർഡിലെ അനുഭവങ്ങൾ ജനയുഗവുമായി പങ്കുവെച്ചു. കോവിഡ് ‑19 ന്റെ തലസ്ഥാനമായ ചൈനയിലെ വുഹാൻ സർവ്വകലാശാലയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് ഈ യുവാവ്. ഐസൊലേഷൻ വാർഡിനെ ഭയന്ന് ചികിത്സ തേടാതെ രോഗം പരത്തുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണീ അനുഭവങ്ങൾ.

ഐസൊലേഷൻ വാർഡിലെ അനുഭവങ്ങൾ 

ജീവിതത്തിൽ ആദ്യമായാണ് ആശുപത്രിയിൽ അഡ്‌മിറ്റാകുന്നത്. ഐസൊ­ലേഷൻ വാർഡിന്റെ പടികടന്നെത്തുമ്പോൾ കുറച്ച് ദുഃഖവും സന്ദേഹവുമെല്ലാം ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം മാറി. അത്രയേറെ ഹൃദ്യമായിരുന്നു അവിടുത്തെ അനുഭവങ്ങൾ. താൻ കാരണം ഒരാൾക്കുപോലും രോഗം ഉണ്ടാകരുതെന്ന ഉറച്ച നിലപാടാണ് ചികിത്സയ്ക്ക് വിധേയനാകാനുള്ള തീരുമാനത്തിന് പിന്നിൽ. ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും നാല് മണിക്കൂർ ഇടവിട്ട് ഷിഫ്റ്റ് ഡ്യൂട്ടിയാണ്. എപ്പോഴും അവർ റൂമിലെത്തും. കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണം. അപ്പവും സ്റ്റൂവും ബിരിയാണിയും ചോറും മീനും ഇറച്ചിയുമെല്ലാം സുലഭമായി ലഭിക്കും. മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയുന്നതിനാലും ‍ഡോക്ടർമാരുടേയും നഴ്സുമാരുടേയുമെല്ലാം സ്നേഹപൂർവ്വമായ സാമീപ്യമുള്ളതിനാലും അതൊരു ഒറ്റപ്പെടലിന്റെ വാർഡാണെന്ന് തോന്നിയിട്ടേയില്ല.

ചൈനയിൽ നിന്നും കേരളത്തിലെത്തിയപ്പോഴുള്ള അനുഭവം

കോവിഡ് 19 ചൈനയിൽ വ്യാപകമായതോടെ ഒട്ടേറെ നിയന്ത്രണങ്ങളും അവിടുത്തെ ഭരണകൂടം കൊണ്ടുവന്നു. ജനുവരി 24ന് പുതിയ മുന്നറിയിപ്പ് പുറത്തുവിട്ടു. നാളെ മുതൽ വിമാനവും ബസും അടക്കമുള്ള എല്ലാ യാത്രാ സർവ്വീസുകളും നിർത്തിവെയ്ക്കും. പിന്നെ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന ചിന്തമാത്രമായി. അന്ന് തന്നെ രണ്ടായിരത്തോളം കിലോമീറ്റർ ദൂരെയുള്ള കുൻമിംഗ് എന്ന സ്ഥലത്തേയ്ക്ക് ട്രെയിൻ മാർഗമെത്തി. പിന്നീട് വിമാനത്തിൽ കൊൽക്കട്ടയിലേയ്ക്ക്. അവിടെ എത്തിയപ്പോൾ തന്നെ വുഹാനിൽ നിന്നാണ് വന്നതെന്ന സത്യവാങ് മൂലം നൽകി. പിന്നീട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്ക്. അവിടെയും റിപ്പോർട്ട് ചെയ്തു. നാട്ടിലെത്തിയപ്പോൾ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരങ്ങൾ ധരിപ്പിച്ചു. വീട്ടുകാരുമായി സമ്പർക്കം പുലർത്താതെ കുറച്ച് ദിവസം ഒറ്റയ്ക്ക് കഴിയാനായിരുന്നു അവരുടെ നിർദ്ദേശം. ആരോഗ്യവകുപ്പ് ജീവനക്കാർ എപ്പോഴും വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്നു.

ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റാനുള്ള സാഹചര്യം 

തൃശൂരിൽ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനി സഹപാഠിയാണ്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ആലപ്പുഴ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേയ്ക്ക് ജനുവരി 30ന് മാറ്റിയത്. തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെ വീട്ടിലെത്തി. മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത് ഈ ഡോക്ടറാണ്. പിന്നീട് അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ ഏർപ്പെട്ടു. മാതാപിതാക്കളെ മറ്റൊരു വാഹനത്തിൽ ജനറൽ ആശുപത്രിയിലേയ്ക്കും മാറ്റി.

ഏറെ വേദനിപ്പിച്ച അനുഭവം 

സോഷ്യൽ മീഡിയയിൽ ഉണ്ടായ വ്യാജ പ്രചരണമാണ് ഏറെ വേദനിപ്പിച്ചത്. രോഗം ബാധിച്ച താൻ ഉത്സവങ്ങളിലും കല്യാണ ചടങ്ങുകളിലും പങ്കെടുത്തെന്നായിരുന്നു പ്രചരണം. തന്റെ ഫോട്ടോ ഉൾപ്പെടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു. സൈബർസെൽ അധികൃതർക്ക് നൽകി പരാതിയെ തുടർന്ന് ഉടൻ തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

രോഗലക്ഷണങ്ങൾ

പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ തുടക്കത്തിൽ ഇല്ലായിരുന്നു. പിന്നീട് പനി കൂടി നൂറ് ഡിഗ്രിവരെ എത്തി. മറ്റ് രോഗങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വളരെ കുറച്ച് മരുന്നുകൾ മാത്രമാണ് നൽകിയത്. ഓരോ രോഗിക്കും വ്യത്യസ്തങ്ങളായ ലക്ഷണങ്ങളാണ് ഉള്ളത്. പ്രായം, മറ്റ് രോഗങ്ങൾ എന്നിവ അനുസരിച്ചായിരിക്കും മരുന്നും ഭക്ഷണവും നൽകുക.

പരിശോധനാഫലം വന്നപ്പോൾ

ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന തുടങ്ങുന്നതിന് മുൻപാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിച്ചത്. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നം 2 ദിവസം കഴിഞ്ഞാണ് പോസിറ്റീവാണെന്ന ഫലം വന്നത്. മരുന്നിനോടൊപ്പം ഡോക്ടർമാരും നഴ്സുമാരും നൽകിയ മാനസിക പിന്തുണയാണ് രോഗം പൂർണ്ണമായും മാറാൻ കാരണമായത്.

കേരളത്തിലെ അനുഭവങ്ങൾ മറക്കാനാവാത്തത്

ഒരു ദിവസം അപ്രതീക്ഷിതമായി ഫോൺ കോൾ വന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയായിരുന്നു അപ്പുറത്ത്. ‘ഞങ്ങളെല്ലാവരും കൂടെ തന്നെയുണ്ട്. കൃത്യമായി നിർദ്ദേശങ്ങൾ പാലിച്ചതിനാൽ നിങ്ങൾ കാരണം മറ്റാർക്കും രോഗം പകർന്നിട്ടില്ല. യാതൊരു ഭീതിയും വേണ്ട. ’ ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഒരു രോഗിയുടെ അവസ്ഥ ചോദിച്ചറിയുവാനും ആശ്വസിപ്പിക്കുവാനും ആരോഗ്യമന്ത്രി തന്നെ നേരിട്ട് വിളിക്കുന്നത് ഒരുപക്ഷേ കേരളത്തിന്റെ മാത്രം പ്രത്യേകതയായിരിക്കും.

സമൂഹത്തിനോട് പറയാനുള്ളത്

സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ തീർച്ചയായും ഇതിനേക്കാൾ വലിയ വൈറസുകളെ നമുക്ക് തുരത്താനാകും. വ്യക്തിശുചിത്വം ഏറ്റവും അനിവാര്യമാണ്. കൂടാതെ രോഗലക്ഷണമുള്ളവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുകതന്നെ ചെയ്യണം. അതല്ലെങ്കിൽ അവർമൂലം മറ്റുള്ളവരിലേയ്ക്ക് ബോധപൂർവ്വം രോഗം പടരാൻ ഇടയാകും. കൃത്യമായ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും രോഗം മാറ്റാൻ കഴിയുമെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ അനുഭവങ്ങൾ. കുറച്ച് നാൾ സമൂഹത്തിൽ നിന്നും മാറി നിന്നെങ്കിലും ഇപ്പോൾ പഴയപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി.

Eng­lish Sum­ma­ry; Malay­alee med­ical stu­dent shares mem­o­ries of Iso­la­tion Ward