Web Desk

ന്യൂഡല്‍ഹി

June 12, 2021, 8:25 pm

ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകളെ തിരിച്ചെത്തിക്കില്ല

Janayugom Online

അഫ്ഗാനിസ്ഥാനില്‍ വിചാരണ ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും

ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന നാല് മലയാളി വനിതകളെ കേന്ദ്രസര്‍ക്കാര്‍ തിരികെ കൊണ്ടുവരില്ലെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2016–18 ലാണ് നിമിഷ എന്ന ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റഫീല, മെറിന്‍ ജേക്കബ് എന്ന മറിയം എന്നിവര്‍ ഐഎസ് പ്രവര്‍ത്തകരായ ഭര്‍ത്താക്കന്മാരോടൊപ്പം അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലേക്ക് പോയത്. അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഭർത്താക്കന്മാര്‍ കൊല്ലപ്പെട്ടതിനെ തുടർന്ന് നാല് പേരും 2019 ല്‍ അഫ്​ഗാൻ സർക്കാരിൽ കീഴടങ്ങിയിരുന്നു. നിലവിൽ ഇവരെ കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
ഇവരെ മടക്കി അയക്കാന്‍ അഫ്ഗാന്‍ അധികൃതര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. 13 രാജ്യങ്ങളില്‍ നിന്നുളള 408 പേരെ തടവില്‍ പാര്‍പ്പിച്ചിട്ടുളളതായി നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് അറിയിച്ചിരുന്നു. ആകെ ഏഴ് ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാകിസ്ഥാനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലദ്വീപുകാരുമാണ് തടവില്‍ കഴിയുന്നത്.
ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യൻ ഏജൻസികൾക്കിടയിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഇവരുമായി നടത്തിയ സംഭാഷണത്തിൽ തീവ്ര മതമൗലികവാദ നിലപാടുള്ളവരാണെന്ന് വ്യക്തമായെന്നും ഇന്ത്യൻ അന്വേഷണ ഏജൻസികൾ പറയുന്നു. അതിനാൽ ഇവരെ അഫ്​ഗാനിസ്ഥാനിൽ തന്നെ വിചാരണ ചെയ്യാൻ അഭ്യർഥിച്ചേക്കും. ഡല്‍ഹിയിലെ അഫ്ഗാന്‍ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് കാബൂളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Sum­ma­ry: Malay­alee women who joined IS unlike­ly to allow in India

You may like this video also