ആന്‍ഡ്രോയ്ഡ് ഫോണുകളിലെ സുരക്ഷയ്ക്ക് മലയാളി യുവാക്കളുടെ കണ്ടുപിടിത്തം

Web Desk
Posted on November 30, 2017, 10:01 pm
ഡിഎഫ്എസ് ആന്‍ഡ്രോയ്ഡ് മൊബൈല്‍ സെക്യുരിറ്റി ആപ്പ് വികസിപ്പിച്ചെടുത്ത എസ്എആര്‍ കമ്പനിയുടെ സാരഥികള്‍

ആഡ്രോയ്ഡ് ഫോണുകളിലെ വിവരങ്ങളുടെ സുരക്ഷയ്ക്കു നവീനസംവിധാനങ്ങളടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുമായി മലയാളി യുവാക്കള്‍. തൃശൂര്‍ സ്വദേശികളായ ആര്‍ ടി റാസിക്, അമീര്‍ പി ഹംസ, മോഹ്‌സിന്‍ അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സോഫ്റ്റ്‌വെയര്‍ ആന്‍ഡ് റോബോട്ടിക് ഇന്‍വെന്‍ഷന്‍സ് (എസ്എആര്‍) എന്ന കമ്പനിയാണു ഡിഎഫ്എസ് ആന്‍ഡ്രോയ്ഡ് മൊബൈല്‍ സെക്യുരിറ്റി ആപ്പ് എന്ന പേരിലുള്ള മൊബൈല്‍ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
ഡിലിറ്റു ചെയ്യുന്ന ഫയലുകള്‍ റിക്കവര്‍ ചെയ്യാനുള്ള സാങ്കേതികസംവിധാനത്തെ പ്രതിരോധിക്കുന്നതിനു ഡിഎഫ്എസ് ആപ്ലിക്കേഷന്‍ പര്യാപ്തമാണ്. ഡിജിറ്റല്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്നതിനു പകരം തുണ്ടുകളായി പൊടിച്ച് നശിപ്പിക്കുന്ന (ഷ്റെഡിംഗ്) സാങ്കേതിക വിദ്യയാണ് സെക്യുരിറ്റി ആപ്പിന്റെ പ്രധാന സവിശേഷതയെന്നു കമ്പനി ചെയര്‍മാന്‍ ആര്‍ ടി റാസിക് പറഞ്ഞു. നശിപ്പിച്ച ഫയലുകള്‍ സോഫ്റ്റ്‌വെയറുകള്‍ക്കു തിരിച്ചെടുക്കാന്‍ കഴിയില്ല. പതിനൊന്നു തരത്തിലുള്ള ഷ്റെഡിംഗ് ആപ്പിലുണ്ട്.
ഏതാനും സൗജന്യ അപ്ഡേറ്റുകളും ആപ്പിന്റെ ഭാഗമായി ലഭിക്കും. ഫോണ്‍ മറന്നു വച്ചാല്‍ (ഓഫ്ലൈനിലും) എസ്എംഎസിലൂടെ ജിപിഎസ് ലൊക്കേഷന്‍ ലഭ്യമാക്കല്‍, മാല്‍വെയറുകള്‍ തടയാനുള്ള സ്‌കാന്‍, സര്‍ച്ച് സെക്യുരിക്കായി ആന്റി ഫിസിംഗ്, വിവിധ ആപ്പുകളിലെ വിശ്വാസ്യത സ്ഥിരീകരിക്കല്‍, ഇമേജ് റിക്കവറി, കോള്‍ ആന്റ് എസ്എംഎസ് ബ്ലോക്കര്‍, ഫയര്‍ വാള്‍, പാസ്‌വേഡ് മാനേജര്‍, സെക്വര്‍ ചാറ്റ്, ക്ലൗഡ് സ്റ്റോറേജ്, ഫയല്‍ ലോക്ക് എന്നിവയ്ക്കും ഇതില്‍ സംവിധാനമുണ്ട്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡിഎഫ്എസ് മൊബൈല്‍ സെക്യുരിറ്റി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 399 രൂപയുടെ ലൈഫ് ടൈം വരിസംഖ്യയാണു നല്‍കേണ്ടത്. ഡിഎഫ്എസ് മൊബൈല്‍ സെക്യുരിറ്റിയുടെ ഉദ്ഘാടനം കൊച്ചിയില്‍ ഇന്നസെന്റ് എംപി നിര്‍വഹിച്ചു.