ഷിബു ടി ജോസഫ്

കോഴിക്കോട്

March 27, 2020, 8:23 pm

മലയാളികള്‍ക്ക് കർണാടകയിലേക്ക് പ്രവേശന വിലക്ക്

Janayugom Online
മാക്കൂട്ടം ചുരം റോഡിൽ മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തിയിരിക്കുന്നു.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാലാം ദിവസമായപ്പോള്‍ കൂടുതല്‍ കരുതലും ശ്രദ്ധയുമൊരുക്കി വടക്കന്‍ ജില്ലകളിലെ റവന്യൂ-ആരോഗ്യവകുപ്പുകളും പൊലീസ് സംവിധാനവും. ലോക്ക്ഡൗണ്‍ ജനജീവിതത്തെ പൂര്‍ണമായും ബാധിച്ചിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ കടുത്ത ദുരിതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് അതീവ ഗുരുതരാവസ്ഥയിലായ രോഗികളെപോലും മംഗലാപുരത്തേക്ക് പോകാന്‍ അതിര്‍ത്തി കടത്തിവിടുന്നില്ലെന്ന് വ്യാപകമായ പരാതികളുണ്ട്. അതിര്‍ത്തി മേഖലകളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ സ്ഥിരമായി ചികിത്സയ്ക്ക് എത്തുന്നത്.

ഹൃദയശസ്ത്രക്രിയയും വൃക്കമാറ്റിവയ്ക്കലും കരള്‍മാറ്റിവയ്ക്കലും കാന്‍സര്‍ ചികിത്സയും ഉള്‍പ്പെടെ അതിസങ്കീര്‍ണമായ ചികിത്സകള്‍ക്കായി മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിച്ചവര്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. സുള്യ‑കുണ്ടാര്‍ ദേശീയപാതയിലെ ഗാളിമുഖയില്‍ കര്‍ണാടക പൊലീസ് മണ്ണിട്ട് ഹൈവേ പൂര്‍ണമായും അടച്ചതും കേരളത്തില്‍ നിന്നുള്ള യാത്രയെ പൂര്‍ണമായും വിലക്കിയതിന്റെ തെളിവാണ്. ടിപ്പര്‍ ലോറിയില്‍ മണ്ണ് കൊണ്ടുവന്ന് ജെസിബി ഉപയോഗിച്ചാണ് ആറടിയോളം പൊക്കത്തില്‍ ഹൈവേ മണ്ണിട്ട് പൂര്‍ണമായും അടച്ചത്.

അതേസമയം, കേരളത്തില്‍ കൊറോണ ബാധ നിയന്ത്രിക്കുന്നതിന് സര്‍ക്കാരും ആരോഗ്യസുരക്ഷാ സംവിധാനങ്ങളും കിണഞ്ഞു പരിശ്രമിക്കുന്നതിന് ഫലം കാണുന്നുണ്ടെങ്കിലും കര്‍ണാടകത്തില്‍ ഇതിനകം മൂന്നുപേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ കര്‍ണാടക ഭരണകൂടം കടുത്ത പരിഭ്രാന്തിയിലാണ്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള ആംബുലന്‍സുകളെയും രോഗികളെയും അതിര്‍ത്തി കടത്തേണ്ടെന്ന കര്‍ശന നിലപാടുണ്ടായത്. അതിനിടെ, വയനാട്ടില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ പൊലീസ് ലോക്ക്ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കി. ഗ്രാമീണ മേഖലകളില്‍പോലും പട്രോളിംഗ് നടത്തി ആളുകള്‍ പുറത്തിറങ്ങാതെ വീട്ടിലിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണ്.

കഴിഞ്ഞ ദിവസം മുത്തങ്ങാ ചെക്‌പോസ്റ്റില്‍ നിന്ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ച ഇരുനൂറോളം ആളുകള്‍ക്ക് വേണ്ട സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ചെറിയ കുട്ടികളുള്ള കുടുംബങ്ങളെ കര്‍ശനമായ ഉപാധികളോടെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമെങ്കില്‍ പ്രത്യേക വാഹന സംവിധാനം ഉപയോഗപ്പെടുത്തി വീടുകളിലെത്തിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ബന്ധുവിനെ പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടുപോയതിന് കോര്‍പ്പറേഷന്‍ കൗണ്‍സിലറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ ഷെഫീക്കാണ് അറസ്റ്റിലായത്.

കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളും അതീവ ജാഗ്രത തുടരുകയാണ്. ഗ്രാമീണ മേഖലകളില്‍ അടക്കം പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പൊലീസ് ഇടപെടല്‍ ചിലയിടങ്ങളില്‍ അതിരുകടക്കുന്നതായും പരാതിയുണ്ട്. മാധ്യമപ്രവര്‍ത്തകരെ അടക്കം തടയുന്നതായും പരാതിയുണ്ട്. നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും എത്തിക്കുന്ന വാഹനങ്ങളെയും തടഞ്ഞ് കര്‍ശനമായ ചോദ്യം ചെയ്യലിന് വിധേയരാക്കുന്നതായും പാലക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊണ്ടോട്ടി നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും കടകളില്‍ പരിശോധന നടത്തുമ്പോള്‍ പൊലീസ് എത്തി കയ്യേറ്റം ചെയ്തത് വിവാദമായിരുന്നു. അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും കനത്ത ജാഗ്രതയാണുള്ളത്.

YOU MAY ALSO LIKE THIS VIDEO