ഇതര സംസ്ഥാന എടിഎമ്മുകള്‍ വഴി മലയാളികളുടെ പണം കൊള്ളയടിക്കുന്നു

Web Desk
Posted on May 17, 2019, 10:21 pm

ബേബി ആലുവ

കൊച്ചി: ഒഡീഷ, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ മുഖേന മലയാളികളുടെ ലക്ഷങ്ങള്‍ കൊള്ളയടിക്കുന്ന സംഘങ്ങള്‍ സജീവം. പരിഹാരമില്ലാത്ത പരാതികള്‍ പെരുകുന്തോറും തട്ടിപ്പും തുടരുകയാണ്. ഉടമയറിയാതെ പണം പിന്‍വലിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ എടിഎം കൗണ്ടറുകളാണ് തട്ടിപ്പു സംഘങ്ങള്‍ ഉപയോഗിക്കുന്നത്. അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചതായ സന്ദേശം മൊബൈല്‍ ഫോണില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് ഉടമ അന്ധാളിക്കുന്നത്.

ബാങ്കുശാഖകളില്‍ച്ചെന്നു പരാതി നല്‍കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ക്കൂടി പരാതിപ്പെടാന്‍ ബാങ്കില്‍ നിന്നു ലഭിക്കുന്ന ഉപദേശത്തോടെ വിഷയം അവസാനിപ്പിക്കുകയാണെന്നാണ് പണം നഷ്ടപ്പെട്ടവരുടെ ആവലാതി.ഈയിടെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഒരാളുടെ 79,000 രൂപ ഒഡീഷയിലെ എടിഎം മുഖേനയും ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെയും തട്ടിയെടുത്തതാണ് പുറത്തു വന്ന അവസാനത്തെ സംഭവം. എടിഎം വഴി രണ്ടു തവണ 10,000 രൂപ വീതവും ഒരു തവണ 20,000 രൂപയും പിന്‍വലിച്ചതായാണ് കടലുണ്ടിനഗരം സ്വദേശിയുടെ മൊബൈല്‍ ഫോണിലേക്കു സന്ദേശമെത്തിയത്. ഇതു കൂടാതെ, ഈ വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നു ബിഹാര്‍ സ്വദേശിയായ ഒരാളുടെ അക്കൗണ്ടിലേക്ക് 39,000 രൂപ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്തതായ വിവരവുമെത്തി.ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടന്നതും ഒഡീഷയില്‍ നിന്നാണ്.എസ്ബിഐ ചെട്ടിപ്പടി ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

എറണാകുളം ഫോര്‍ട്ടുകൊച്ചി സ്വദേശിനിക്ക് എസ്ബിഐ തോപ്പുംപടി ശാഖയിലെ അക്കൗണ്ടില്‍ നിന്ന് ഈ മാസം ആദ്യം നഷ്ടമായത് 13,500 രൂപ. ബിഹാറിലെ ഒരു എടിഎം വഴിയായിരുന്നു പണം പിന്‍വലിച്ചത്.ബാങ്കില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം തോപ്പുംപടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയപ്പോള്‍, ബാങ്കിനാണ് പൂര്‍ണ ഉത്തരവാദിത്തം, ഞങ്ങള്‍ക്കു കേസെടുക്കാന്‍ നിര്‍വാഹമില്ല, എന്ന മറുപടിയാണ് ലഭിച്ചതെന്നു പണം നഷ്ടമായ ഫോര്‍ട്ടുകൊച്ചി സ്വദേശിനി പരാതിപ്പെടുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തൊട്ടടുത്ത ദിവസം വരാപ്പുഴ സ്വദേശിയുടെ 27,000 രൂപ ഇതേ രീതിയില്‍ കൈവിട്ടു പോയി. എസ്ബിഐ യുടെ എറണാകുളം ബ്രോഡ് വേ ശാഖയിലായിരുന്നു അക്കൗണ്ട്. ഇതര സംസ്ഥാനത്തെ എടിഎം മുഖാന്തരമായിരുന്നു ഈ തട്ടിപ്പും.

തിരുവനന്തപുരം പേയാട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് 12 ഇടപാടുകളിലായി അഞ്ചു ദിവസത്തിനുള്ളില്‍ ബിഹാറിലെ തട്ടിപ്പു സംഘം പിന്‍വലിച്ചത് രണ്ടു ലക്ഷം രൂപ. മൊബൈല്‍ ഫോണില്‍ എത്തിയ സന്ദേശം ശ്രദ്ധിക്കാതെ, അഞ്ചു ലക്ഷം രൂപ അക്കൗണ്ടിലുണ്ടെന്ന ഉറപ്പില്‍ ഇദ്ദേഹം മറ്റൊരാള്‍ക്കു ചെക്ക് കൊടുക്കുകയും പിന്‍വലിക്കാന്‍ ഉദ്ദേശിച്ച തുക അക്കൗണ്ടിലില്ലെന്നു ബോദ്ധ്യമാവുകയും ചെയ്തപ്പോഴാണ് കൂടുതല്‍ അന്വേഷണമാരംഭിച്ചതും തട്ടിപ്പ് തെളിഞ്ഞതും. തിരുവനന്തപുരത്തെ സ്വകാര്യ ബ്രോഡ്ബാന്‍ഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചാലക്കുടി സ്വദേശിയുടെ എസ്ബിഐ അക്കൗണ്ടില്‍ നിന്നു മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒഡീഷയിലെ അഞ്ച് എടിഎം കൗണ്ടറുകളിലൂടെ തട്ടിയെടുത്തത് 1.18 ലക്ഷം രൂപ.സമാനമായ രീതിയില്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയുടെ 2.3 ലക്ഷം രൂപയും ആലപ്പുഴ ഓലകെട്ടിയമ്പലം സ്വദേശിയുടെ 21,000 രൂപയും നഷ്ടപ്പെട്ടു. ചേമഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ 80,000 രൂപ തട്ടിയെടുത്തത് ഡല്‍ഹിയിലെ എടിഎം മുഖേനയാണ്.

എസ്ബിഐയുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണം മാത്രമാണ് നഷടപ്പെട്ടിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇടപാടുകാരുടെ അക്കൗണ്ടുകളിലെ പണം ചോരുന്ന പഴുതുകളറിയാതെ ഇരുട്ടില്‍ തപ്പുകയാണ് എസ് ബി ഐ അധികൃതര്‍. എന്നാല്‍ എസ്ബിഐ യുടെ ഭൂരിഭാഗം എടിഎം കൗണ്ടറുകളിലും ഉപയോഗിക്കുന്ന മെഷീനുകളിലെ സംവിധാനങ്ങള്‍ കാലത്തിനൊത്ത് മാറാത്തവയാണെന്ന് ഇടപാടുകാര്‍ കുറ്റപ്പെടുത്തുന്നു. ചിപ്പ് കാര്‍ഡുകള്‍ എത്തിയെങ്കിലും പഴയ എ ടി എം മെഷീനുകളില്‍ തട്ടിപ്പു സംഘങ്ങള്‍ക്ക് എളുപ്പത്തില്‍ ചൂഷണം ചെയ്യാന്‍ കഴിയുന്ന മാഗ്‌നറ്റിക് സ്ട്രിപ് തന്നെയാണ് ഇപ്പോഴും റീഡ് ചെയ്യുന്നത്.

You May Also Like This: