26 March 2024, Tuesday

മലയാളിത്തിളക്കം

Janayugom Webdesk
ബിര്‍മിങ്ഹാം
August 7, 2022 11:32 pm

കോമൺവെൽത്ത് ഗെയിംസില്‍ മലയാളിത്തിളക്കം. ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾ സ്വന്തമാക്കി. 17.03 മീറ്റർ ദൂരം താണ്ടിയ എൽദോസ് പോൾ സുവർണനേട്ടം കൈവരിച്ചപ്പോൾ ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ അബ്ദുള്ള അബൂബക്കർ വെള്ളി മെഡൽ സ്വന്തമാക്കി.
എറണാകുളം കോലഞ്ചേരി സ്വദേശിയായ എല്‍ദോസ് കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് എല്‍ദോസ്. അടുത്തിടെ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരവും എല്‍ദോസാണ്.
ആദ്യ ശ്രമത്തില്‍ 14.62 മീറ്റര്‍ ദൂരം മാത്രമാണ് എല്‍ദോസ് കണ്ടെത്തിയത്. മൂന്നാം ശ്രമത്തിലാണ് മികച്ച ദൂരമായ 17.03 കുറിച്ചത്. ബിര്‍മിങ്ഹാമില്‍ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക്സ് സ്വര്‍ണമായി നേട്ടം. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 16.88 മീറ്റര്‍ ചാടിയതായിരുന്നു താരത്തിന്റെ നേരത്തെയുള്ള മികച്ച പ്രകടനം. ഒരേയിനത്തില്‍ ഇന്ത്യക്കാര്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കുന്നതും ആദ്യമായിട്ടാണ്. അത്‌ലറ്റിക് ഇനങ്ങളില്‍ സ്വര്‍ണം നേടിയ ആറാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് എല്‍ദോസ്.
കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുള്ള അബൂബക്കര്‍ അഞ്ചാം ശ്രമത്തിലാണ് മികച്ച ദൂരമായ 17.02 മീറ്റര്‍ കണ്ടെത്തിയത്. മത്സരത്തില്‍ പതിനേഴ് മീറ്റര്‍ മറികടക്കാനായത് ഇരുവര്‍ക്കും മാത്രമാണ്. ഇന്ത്യയുടെ തന്നെ പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനത്തെത്തി. 16.89 മീറ്റര്‍ ദൂരംകുറിച്ച പ്രവീണിനെ മറികടന്ന് ബ്രൂണൈയുടെ ജാന്‍ഹായി പെരിന്‍ചീഫ് വെങ്കലത്തിനുടമയായി.
ബോക്സിങിൽ ഇന്നലെ ഇന്ത്യ മൂന്ന് സ്വര്‍ണം നേടി. വനിതകളുടെ 48 കിലോഗ്രാം നീതു ഗൻഗാസും ലൈറ്റ് ഫ്ളൈ വെയ്റ്റ് വിഭാഗത്തില്‍ നിഖാത് സരീനും സ്വർണം നേടി. പുരുഷ ബോക്സിങില്‍ ഫ്ളൈ വെയ്റ്റില്‍ അമിത് പംഗല്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. നിലവില്‍ അഞ്ചാം സ്ഥാനത്തുളള ഇന്ത്യക്ക് 46 മെഡലാണുള്ളത്. 16 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവും ഇതില്‍ ഉള്‍പ്പെടും. അത്‌ലറ്റിക്സില്‍ ഒരു സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം എട്ട് മെഡലുകള്‍ ഇന്ത്യ നേടിയിട്ടുണ്ട്.

Eng­lish Sum­ma­ry: Malay­alees won medals in Com­mon­wealth games

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.