വിലപേശി നാടോടിപ്പാത്രങ്ങൾ വാങ്ങുന്ന മലയാളിക്കറിയാമോ ഈ ‘ഗുരുതര’ പ്രശ്നങ്ങൾ വല്ലതും?

Web Desk
Posted on October 23, 2019, 7:09 pm

ദേശീയ പാതയോരങ്ങളിൽ വിൽപ്പന നടത്തുന്ന നാടോടികൾ കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും സ്ഥിരം കാഴ്ചകളിൽ ഒന്നാണ്. ഇത്തരത്തിൽ മണ്‍തവ വിൽക്കുന്നവരെ നമ്മൾ കണ്ടു കാണും, ചിലപ്പോൾ മൺ പാത്രങ്ങളോടുള്ള മലയാളിക്കുള്ള ഇന്റിമസിയുടെ പേരിൽ ഒട്ടു മിക്ക ആളുകൾ വാങ്ങിയും കാണും. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് മണ്‍തവ എന്ന പേരില്‍ വഴിയരികില്‍ നാടോടികള്‍ വില്‍ക്കുന്നത് ഗ്രാനൈറ്റ്, മാര്‍ബിള്‍ വേസ്റ്റ് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന തവകൾ ആണെന്നാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇത്തരം തവകള്‍ ഉണ്ടാക്കുക. ഇവ ഗ്യാസില്‍ വെച്ച് ചപ്പാത്തിയും മറ്റും പാകം ചെയ്തു കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

ചുരുക്കി പറഞ്ഞാൽ മാരക വിഷപാത്രമാണ് മണ്‍തവ എന്ന നിലയില്‍ വില്‍പ്പന നടത്തുന്നത്. ഇത്തരം ഫ്രൈ പാനുകള്‍ വാങ്ങിച്ചു വഞ്ചിതരാവരുത് എന്നാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഗ്രാനൈറ്റ് വേസ്റ്റ് കെമിക്കല്‍ ചേര്‍ത്ത് റെഡ് ഓക്സൈഡ് കൊണ്ട് മണ്‍തവ എന്ന രീതിയില്‍ പെയിന്റു ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. അടുപ്പില്‍ വെച്ച് മണ്‍തവ ചൂടാക്കുമ്ബോള്‍ ഒരു പ്രത്യേക കെമിക്കലിന്റെ മണമാണ് വരുന്നത്. ദേശീയ പാതയോരങ്ങളിലെല്ലാം ഇത്തരം തവകളുടെ വില്‍പ്പന വ്യാപകമാണ്. മണ്‍പാത്രത്തിന്റെ കളര്‍ അടിച്ചാണ് ഇത് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത് എന്നതിനാല്‍ ആരും തിരിച്ചറിയില്ല.

തുടക്കത്തില്‍ 500 രൂപ വിലപറയുന്ന ഇവര്‍ പേശലിനൊടുവില്‍ 75 രൂപയ്ക്ക് വരെ വില്‍ക്കും. 500 രൂപയുടെ സാധനം നിസാര വിലക്ക് വാങ്ങി അഭിമാനത്തോടെ യാത്രയാകുന്ന മലയാളി പലപ്പോഴും അതിനു പിന്നിലെ ഭവിഷ്യത്തിനെ കുറിച്ച് ആലോചിക്കുന്നത് പോലും ഇല്ല.മണ്‍തവയാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ അടിക്കുന്ന പെയിന്റും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഇകെമിക്കല്‍ പരിശോധനയില്‍ മാത്രമേ എന്ത് രീതിയിലുള്ള ഉത്പ്പന്നങ്ങളാണ് ഈ മണ്‍തവകളില്‍ അടങ്ങിയിരിക്കുന്നത് എന്ന് മനസിലാവുകയുള്ളൂ. ഭക്ഷണത്തിലെ മായം പോലെ തന്നെ ഗുരുതരമാണ് ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലെ മായവും.പാത്രങ്ങളില്‍ കെമിക്കല്‍ കലരുമ്ബോള്‍ വരുന്ന അപകടങ്ങള്‍ തിരിച്ചറിയാത്ത സാധാരണക്കാരാണ് ഇതിന്റെ ഇരകള്‍.