നേപ്പാളിൽ റിസോർട്ട് മുറിയിൽ മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. നേപ്പാൾ ടൂറിസം വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഒമ്പത് മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പൊലീസ് അറിയിച്ചിട്ടുള്ളത്. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തിരുവനന്തപുരം ചേങ്കോട്ടുകോണം രോഹിണി ഭവനിൽ കൃഷ്ണൻ നായരുടെ മകൻ പ്രവീൺ (39), ഭാര്യ ശരണ്യ (34) മക്കളായ ശ്രീഭദ്ര (8), ആർച്ച (6), അഭിനവ് (4), കോഴിക്കോട് കുന്നമംഗലം വെളൂർ പുനത്തിൽ രഞ്ജിത്ത്(37), ഭാര്യ ഇന്ദുലക്ഷ്മി(29), മകൻ വൈഷ്ണവ് (രണ്ട്) എന്നിവരാണ് ദമാനിലെ റിസോർട്ടിൽ മരിച്ചത്. തണുപ്പകറ്റാൻ ഇവർ മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഹീറ്ററിൽനിന്നുണ്ടായ വാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണു പ്രാഥമിക നിഗമനം.
ശനിയാഴ്ചയായിരുന്നു 15 അംഗ സംഘം നേപ്പാളിലേക്കു പോയത്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് ഇവർ റിസോർട്ടിലെത്തിയത്. നാലു മുറികളായിരുന്നു ബുക്ക് ചെയ്തിരുന്നത്. ഒരു മുറിയിൽ താമസിച്ച എട്ടു പേരാണു മരിച്ചത്. മറ്റുള്ളവർ മറ്റു മുറികളിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.