Web Desk

കൊച്ചി

April 04, 2020, 3:26 pm

അയർലന്റിൽ കോവിഡ് ബാധിച്ച മലയാളിയോട് ഗുരുതരമായാല്‍ മാത്രം വിളിച്ചാൽ മതിയെന്ന് ഡോക്ടര്‍

Janayugom Online

ആരോഗ്യ രംഗത്ത് മലയാളികൾക്ക് പ്രാമുഖ്യമുള്ളഅയർലന്റ്കൊറോണ ബാധിതരെ അവഗണിക്കുകയും നിസാരവൽക്കരിക്കുകയാണെന്ന് ഐറിഷ് മലയാളിയുടെ കുറിപ്പ്. രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. ആദ്യ ഘട്ടത്തില്‍ വിമാനത്താവളങ്ങളില്‍ യാതൊരു പരിശോധനയും ഇല്ലായിരുന്നു. ഇറ്റലിയില്‍ നിന്ന് യാത്ര കഴിഞ്ഞ് വന്നവരെ രോഗലക്ഷണം ഇല്ലാത്തതിനാല്‍ ജോലിക്ക് കയറാന്‍ അനുവദിക്കുന്ന ആശുപത്രികളാണ് ഇവിടെയെന്ന് പ്രവാസി മലയാളിയായ സിബി സെബാസ്റ്റ്യന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. ഭാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും തനിക്ക് രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഐസോലേഷനിലാണെന്നും സിബി കുറിക്കുന്നു.

പനി കൂടിയാല്‍ പാരസെറ്റാമോള്‍ കൊടുക്കാം. ശ്വാസം കിട്ടാതാകുമ്പോള്‍ മാത്രം എമര്‍ജന്‍സി സര്‍വീസിനെ വിളിക്കാമെന്നാണ് ഡോക്ടര്‍ ഫോണില്‍ പറഞ്ഞതെന്നും സിബി പറയുന്നു. പതിനായിരങ്ങള്‍ ടെസ്റ്റിനായി കാത്തുകിടക്കുന്നു. ആഴ്ച്ചകളായിട്ടും ടെസ്റ്റിന് റഫര്‍ ചെയ്തവരുടെ സാമ്പിൾ എടുക്കുന്നില്ല. ടെസ്റ്റ് റിസള്‍ട്ട് ഒരാഴ്ചയായിട്ടും കിട്ടുന്നില്ല, രോഗം ബാധിച്ചവരെ അവരുടെ വീടുകളില്‍ കഴിഞ്ഞുകൊള്ളാന്‍ ഉദാസീനതയോടെ പറയുന്നു. ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ആണ് ഭൂരിഭാഗവും ഹെല്‍ത്ത് സര്‍വീസില്‍. പലരും രോഗം ബാധിച്ചവരായി മാറി. അവര്‍ സ്വന്തം വീടുകളില്‍ ഐസോലേഷനില്‍ താമസിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കാന്‍ വരെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ല.

കമ്മ്യൂണിറ്റി സ്‌പ്രെഡിങ് നിയന്ത്രിക്കാന്‍ കാര്യമായ നിയന്ത്രങ്ങള്‍ ഇല്ല.പ്രോട്ടോക്കോള്‍ നടപ്പില്‍ ഇല്ല. ഇന്ത്യന്‍ വംശജനായ കാവല്‍ പ്രധാനമന്ത്രിയും ആരോഗ്യവകുപ്പും ജനത്തെ കൊറോണക്ക് വിട്ടുകൊടുക്കുകയാണ്. കമ്മ്യൂണിറ്റി സ്‌പ്രെഡിങ് നിയന്ത്രിക്കുന്നതിന് വെറുതെ ഒരു ലോക്ക് ഡൗണ്‍ മാത്രം. വന്നവരെ ആശുപത്രിയില്‍ അയക്കുകയോ രോഗികളെ ഐസോലേറ്റ് ചെയ്യുകയോ ചെയ്യുന്നില്ല. ഓരോ രോഗിയില്‍ നിന്നും വീട്ടുകാരും അതിലൂടെ സമൂഹത്തിലും പടരുന്നുവെന്നും സിബി പറയുന്നു.സിബിയുടെ കുറിപ്പ് താഴെ

ആരോഗ്യ പ്രവർത്തകർക്ക് ന്ത് #മനുഷ്യാവകാശം ല്ലേ.കൊറോണ ബാധിച്ച രോഗികളെ നോക്കി നോക്കി ‚നമുക്കും കിട്ടി!..ഭാര്യയ്ക്ക് കോവിഡ് 19 ‑സ്ഥിരീകരിച്ചു…

വീട്ടിൽ ഐസലേഷനിൽ ആണ്.അതേ ഇവിടെ നടക്കൂ …ഹെൽത്ത് ഡിപ്പാർട്ട്മെന്റ് വക ഫോണിൽ കൂടി ഒരു ഉപദേശം കിട്ടും .എന്തൊക്കെ ചെയ്യണം എന്ന പതുങ്ങിയ ശബ്ദത്തിൽ . സർക്കാരോ അധികാരികളോ ഒന്ന് തിരിഞ്ഞു നോക്കുക പോലും ഇല്ല..വീട്ടിൽ മക്കളും ഞാനും കൂടിയ ജീവിതം. ആരോഗ്യവാരായി ഇരിക്കുക ‘എന്ന എന്ന ആരോഗ്യശാസ്ത്രം മാത്രമാണ് ഇപ്പോൾ നടപ്പിൽ വരുത്തിയിരിക്കുന്നത്.അതാണ് ഞങ്ങൾക്കുള്ള മരുന്നും.

പനി കൂടിയാൽ പാരസെറ്റാമോൾ കൊടുക്കാം…ശ്വാസം കിട്ടാതാകുമ്പോൾ മാത്രം എമർജൻസി സർവീസിനെ വിളിക്കാം എന്ന് ഫോണിൽ നമ്മുടെ സ്വന്തം ഡോക്ടർ ഫോണിൽ ഒരു ഉപദേശവും നൽകി .എനിക്ക് പനി തുടങ്ങിയപ്പോൾ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ വിളിച്ചു. അരമണിക്കൂർ വെയ്റ്റിങ് കഴിഞ്ഞുകിട്ടിയ ഫോണിൽ മറുപടി പറഞ്ഞു , വീട്ടിൽ മറ്റൊരു റൂമിലേക്ക് ഐസലേഷനിലേക്ക് മാറിക്കൊള്ളാൻ !! എന്റെ മൂന്നു കുട്ടികളെ ആര് നോക്കും എന്ന് ചോദിച്ചപ്പോൾ ‘കുറച്ച് ആലോചനക്കും ശേഷം പറഞ്ഞു ‑ഓക്കേ കുട്ടികളെ നോക്കി വീട്ടിൽ തന്നെ ഇരുന്നുകൊള്ളുക!! അതായത് വീട്ടിൽ അടിച്ചു പൊളിച്ചുകൊള്ളുക , പുറത്തിറങ്ങി നടക്കരുത് എന്ന ഉപദേശം.പുറത്തിറങ്ങിയാൽ മോണിറ്റർ ചെയ്യാനൊന്നും ഇവരല്ല ആരും മെനക്കെടില്ല..അതാണീ വികസിത രാജ്യത്തെ അവസ്ഥ …പിന്നെ നമ്മളായിട്ട് മറ്റുള്ളവർക്ക് കൊടുക്കാതിരിക്കാൻ ഇതിനകത്ത് ഇരിക്കുന്നു..ഹാപ്പിയാണ് ‚കുട്ടികൾ ഓൺലൈനിൽ കിട്ടുന്ന ഹോം വർക്ക് ചെയ്യുന്നു ‚ഗാർഡനിൽ കളിക്കുന്നു ‚ഇടക്കൊക്കെ എത്തിനോക്കുന്ന സൂര്യപ്രകാശത്തെ കാണുന്നു ‚നാരങ്ങാ വെള്ളം കുടിക്കുന്നു ‚വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നു.തുടങ്ങി ദിവസ ജീവിതം…

”ഒന്നാമത്തെ നിലയിൽ ‘തടവിൽ പോലെ കഴിയുന്ന ”അമ്മ ഇടക്ക് ജനലികൂടി കുട്ടികളെ ആർത്തിയോടെ നോക്കും!!വിഷമം ഉള്ളിൽ ഒതുക്കി ചിരി വരുത്തും !!കുട്ടികളും അമ്മയോട് ജനലിൽ കൂടി നോക്കി സംസാരിക്കും. ഒരുവീട്ടിൽ തന്നെ വിലക്കുകൾ എന്തിനു എന്ന ചോദ്യത്തിന് നിന്നുകൊടുക്കേണ്ട ആവശ്യം ഇല്ല .15 11 ‚7 വയസുകാരനായ അവർക്കറിയാം നമ്മെക്കാൾ കൂടുതൽ ഈ മാരക രോഗത്തെപറ്റി.കഠിനമായ ഭക്ഷണ ക്രമത്തെ അവർ സ്വീകരിച്ചുതുടങ്ങി !!SSLC ക്ക് ശേഷം പുറത്തായിരുന്നു പഠനമെന്നതിനാൽ കുക്കിങ് അറിയാവുന്നത് നന്നായി പരീക്ഷിക്കയാണിപ്പോൾ .നന്നായി ഭക്ഷണം ഉണ്ടാക്കുന്നു ‑കുട്ടികൾക്കും ഭാര്യക്കും കൊടുക്കുന്നു ‚കഴിക്കുന്നു .അതിനാൽ തിരക്കാണ് ജീവിതം . പാത്രം കഴുക്ക് മുതൽ ക്ളീനിങ് വരെ നല്ല ഭംഗിയായി നടത്തുന്നു.

ഇന്ന് എട്ട് ദിവസങ്ങൾ കഴിഞ്ഞു .ഞങ്ങൾക്ക് ടെസ്റ്റിനായുള്ള കാത്തിരിപ്പ് തുടരുകയാണ് നമ്മുടെ നാടിനെ രാഷ്ട്രീയം പറഞ്ഞു കുറ്റപ്പെടുത്തുന്നവർ പറുദീസാ തേടി വരണം ഇവിടേക്കൊക്കെ.#പാവാട വിസക്കാരും -#സാരി #വിസക്കാരും അതിജീവനത്തിന്റെ പോരാട്ടത്തിൽ തന്നെയാണ്.കൊറോണയെ കണ്ട് ഭയക്കാനാവില്ല ഭയമില്ലതാനും .കരുതലാണ് ആവശ്യം അതിജീവനത്തിലേക്കുള്ള പോരാട്ടമാണ്. കുട്ടികളെ ഓർത്ത് മനുഷ്യസഹജമായ ആശങ്ക ഉണ്ടാവുക സ്വാഭാവികം . കേരളത്തിലെയും ഇന്ത്യയിലെയും അധികാരികളെയും നേതാക്കളെയും നെഞ്ചോട് ചേർത്തുവെച്ച്കൊണ്ട് പറയുന്നു ..നിങ്ങളാണ് ലോകത്തിന് മാതൃക ‚നിങ്ങളാണ് നാളെ ലോകത്തെ #പ്രകാശത്തിലേക്ക് നയിക്കേണ്ടത് !!

എല്ലാവരും മെസഞ്ചറിലും വാട്സ് ആപ് ലും ” കാണുന്നില്ലല്ലോ ” എന്ന ചോദ്യങ്ങൾ ചോദിക്കുന്നതിനാൽ എല്ലാവർക്കുമായി ഈ ചെറിയൊരു മെസേജ്..കൊറോണ കാലം ‑വിശദമായി പിന്നീട് എഴുതാം .

You may also like this video