മലയാളി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

Web Desk
Posted on July 28, 2019, 3:43 pm

ഷാര്‍ജ: അമേരിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ പൈക്ക് കൗണ്ടി ജില്ലയിലെ ബ്രാന്‍ഡിഡ്ജില്‍ അക്രമിയുടെ വെടിയേറ്റാണ് മലയാളിയായ നീല്‍ പുരുഷ് കുമാര്‍ (30) ആണ് മരിച്ചത്. ഷാര്‍ജയില്‍ അഞ്ചര പതിറ്റാണ്ടോളമായി ഇംപ്രിന്റ് എമിറേറ്റ്‌സ് പബ്ലിഷ് കമ്പനി നടത്തുന്ന തൃശൂര്‍ വെളിയന്നൂര്‍ സ്വദേശി പുരുഷ് കുമാറിന്റെയും സീമയുടെയും മകനാണ് നീല്‍ പുരുഷ് കുമാര്‍. ബുധനാഴ്ച രാവിലെ ആറിനാണ് സംഭവം.

ട്രോയ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ ഹൈവെ 10ലെ റെയില്‍വേ ലൈനിനു സമീപത്തെ, ഗുജറാത്ത് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് ഗ്യാസ് സ്‌റ്റേഷനിലെ മിനിമാര്‍ക്കറ്റില്‍ പാര്‍ട് ടൈം സെയില്‍ മാനേജരായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഗ്യാസ് സ്‌റ്റേഷനിലെത്തിയ അക്രമി തോക്ക് ചൂണ്ടി പണം കവര്‍ന്ന ശേഷം നീലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

രാവിലെയായിരുന്നതിനാല്‍ സ്‌റ്റേഷനില്‍ ആരും ഉണ്ടായിരുന്നില്ല. ഗ്യാസ് സ്‌റ്റേഷന് സമീപത്തെ മരത്തില്‍ തീര്‍ത്ത മതില്‍ക്കെട്ടിനു സമീപം മറഞ്ഞിരുന്ന അക്രമി കറുത്ത വസ്ത്രവും മുഖം മൂടിയും വെളുത്ത കൈയുറയും ധരിച്ച് ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കുവാനായി മതിലിനോട് ചേര്‍ന്ന് നടന്ന്, ഗ്യാസ് സ്‌റ്റേഷനിലേക്ക് പാഞ്ഞ് കയറുന്നതിന്റെയും കൃത്യം നിര്‍വഹിച്ച് പുറത്ത് പോകുന്നതിന്റെയും വീഡിയോ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. കട തുറന്ന് നാല് മിനുട്ടുകള്‍ക്കുള്ളിലാണ് ഇതെല്ലാം നടന്നിട്ടുള്ളതെന്ന് പൊലീസ് മേധാവി മോസസ് ഡേവന്‍പോര്‍ട്ട് പറഞ്ഞു.