Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

July 20, 2021, 2:13 pm

അനന്തപുരിക്ക് അഭിമാനമായി ഡോ. ഫൈൻ സി ദത്തൻ; ടോക്കിയോയിൽ ഇനി കളിക്കളം നിയന്ത്രിക്കും

Janayugom Online

ജൂലൈ 23 നു ടോക്കിയോയിൽ ആരംഭിക്കുന്ന ഒളിംപിക്സിൽ ബാഡ്മിന്റൻ മത്സരങ്ങൾ നിയന്ത്രിക്കാൻ മലയാളിയായ ഒരു അംപയറുമുണ്ടാകും. തിരുവനന്തപുരം ശംഖുമുഖം ഷിഫിൻ വില്ലയിൽ ഡോ. ഫൈൻ സി ദത്തൻ ആണ് ഒളിംപിക്സ് അംപയർ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറാണ് ഫൈൻ സി ദത്തൻ.

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (ബി ഡബ്ള്യു എഫ്) ഒളിംപിക്സിനായി തിരഞ്ഞെടുത്ത 26 പേരുള്ള പാനലിലെ ഏക ഇന്ത്യക്കാരനെന്ന പ്രത്യേകതയും ഇദ്ദേഹത്തിന് സ്വന്തം. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, തോമസ് & ഊബർ കപ്പ്, സുധിർമാൻ കപ്പ് തുടങ്ങിയ ലോക ചാംപ്യൻഷിപ്പുകളടക്കം നിയന്ത്രിച്ചതിന്റെ മികവുകൾ കണക്കിലെടുത്താണ് ഒളിംപിക്സ് പാനലിലേക്കു ഡോ. ഫൈൻ സി ദത്തനെ തെരഞ്ഞെടുത്തത്. ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ അംഗീകാരമുള്ള അമ്പതുപേരിൽ ഒരാളാണ് ഇദ്ദേഹം. ഒളിംപിക് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറന്റീനിൽ കഴിയുന്ന ഡോ. ഫൈൻ സി ദത്തൻ 20 ന് ടോക്കിയോയിലേക്കു തിരിക്കും.

ദേശീയ ബാഡ്മിന്റൺ കളിക്കാരുടെ മാനസിക പ്രാപ്തിയെന്ന വിഷയത്തിൽ കേരള സർവ്വകലാശാലയിൽ നിന്നും പി എച്ച്ഡിയും നേടിയിട്ടുണ്ട് അദ്ദേഹം. 2014 മുതൽ ബി‌ ഡബ്ല്യു‌ എഫ് എലൈറ്റ് പാനൽ അമ്പയറാണ് അദ്ദേഹം. എൻ‌ ഐ‌ എസ് ഡിപ്ലോമ കോഴ്‌സ് പാസായ അദ്ദേഹം എട്ട് വർഷത്തോളം കേരള സ്‌കൂൾസ് ബാഡ്‌മിന്റൺ ടീമിനെ പരിശീലിപ്പിച്ചു. ബാഡ്മിന്റൺ ഏഷ്യയുടെ ടെക്നിക്കൽ ഒഫീഷ്യൽസ് അസ്സെസർ കൂടിയാണ് ഇദ്ദേഹം. തിരുവനന്തപുരം ജില്ലാ ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സെക്രട്ടറിയാണ് നിലവിൽ ഫൈൻ. 1994 ൽ അമ്പയർ ജീവിതം ആരംഭിച്ച ഫൈൻ എ കെ ജി സി ടി എ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. അമ്പയർ ആകാൻ ഉപദേശിച്ച കെ എസ് ബി എ മുൻ സെക്രട്ടറി എസ് മുരളീധരനോടുള്ള കടപ്പാട് ഫൈൻ മറച്ചു വയ്ക്കുന്നില്ല

Eng­lish summary:malayali umpire in tokyo olympics

You may also like this video: