ജോലി നല്ല ‘അസ്സൽ തേപ്പ്’, പക്ഷെ യുവതി നേടുന്നത് ലക്ഷങ്ങൾ !

Web Desk
Posted on November 15, 2019, 1:02 pm

ജോലി തേപ്പാണ്, എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കാൻ വരട്ടെ. ഇസ്തിരിപ്പെട്ടി’ എന്ന സ്റ്റാർട്ട് അപ് സംരംഭം വഴി സന്ധ്യ നമ്പ്യാ‍ർ എന്ന യുവ സംരംഭക മാസം ഉണ്ടാക്കുന്നത് 8 മുതൽ 10 ലക്ഷം രൂപ വരെയാണ്. മൂന്ന് വർഷം മുൻപ് ചെന്നൈയിൽ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സന്ധ്യയ്ക്ക് ഇസ്തിരിപ്പെട്ടി എന്ന ബിസിനസ് ആശയം മനസ്സിൽ ഉരുത്തിരിഞ്ഞത്. ചുരുക്കി പറഞ്ഞാൽ തനിക്ക് തന്നെ വളരെ അത്യാവശ്യമായി തോന്നിയ ഒരുകാര്യം മലയാളികൂടിയായ സന്ധ്യ ബിസിനസിനായി തിരഞ്ഞെടുത്തു എന്ന് പറയാം.

കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയുന്ന ദിവസങ്ങളിൽ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ലഭിക്കുക എന്നത് അക്കാലത്ത് സന്ധ്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമുള്ള കാര്യമായിരുന്നു. പ്രത്യേകിച്ചും ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി നോക്കുമ്പോൾ വളരെ മാന്യമായും വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കേണ്ടത് വളരെ ആവശ്യമാണ്. എന്നാൽ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അതിനായി സമയം കളയാനുമുണ്ടായിരുന്നില്ല. പ്രൊഫഷണലായി വളരെ മികച്ച രീതിയിൽ വസ്ത്രങ്ങൾ ഇസ്തിരിയിട്ടു നൽകുന്ന ആരെയും കണ്ടെത്താനും സന്ധ്യയ്ക്കായില്ല. ഇങ്ങനെയിരുന്നപ്പോഴാണ് എന്തുകൊണ്ട് തനിയ്ക്ക് തന്നെ ഇസ്തിരിയിടൽ ഒരു ബിസിനസാക്കി മാറ്റിക്കൂടാ എന്ന് തോന്നിയത്. എന്നെങ്കിലും സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന് മനസ്സിൽ കണക്കുക്കൂട്ടിയിരുന്ന സന്ധ്യയ്ക്ക് ആ തിരിച്ചറിവ് കൂടുതൽ ആവേശം പകർന്നു തന്റെ ബിസിനസ് ആശയത്തെക്കുറിച്ച് സന്ധ്യ ആദ്യം പറഞ്ഞത് ഭ‍ർത്താവ് ശ്യാമിനോടാണ്. പൂർണ പിന്തുണയുമായി ശ്യാം ഒപ്പം നിന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. പിന്നീട് സ്വന്തമായൊരു ബിസിനസ് എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മാറ്റാനുള്ള യാത്രയിലായിരുന്നു സന്ധ്യ. അതിനായുള്ള റിസേർച്ചുകളും ആരംഭിച്ചു. നിരവധിയാളുകളെ നേരിൽ കണ്ടും സംസാരിച്ചും ഇസ്തിരിയിടൽ രീതികളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയുമാണ് ഓരോ ചുവടും മുന്നോട്ട് വച്ചത്. ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം തരണം ചെയ്താണ് സന്ധ്യ ഇസ്തിരിപ്പെട്ടി എന്ന തന്റെ ആദ്യ ബിസിനസ് ആരംഭിക്കുന്നത്.

എംബിഎ വരെ പഠിച്ച സന്ധ്യ എന്തിന് ഇസ്തിരിയിടൽ പോലുള്ള ബിസിനസ് തിരഞ്ഞെടുക്കുന്നു എന്നതായിരുന്നു പലരുടെയും സംശയം. എന്നാൽ അതിന് മറുപടി നൽകാനായിരുന്നില്ല, വിജയിച്ച് കാണിക്കാനാണ് സന്ധ്യ തീരുമാനിച്ചത്. അത് തന്നെയാണ് വെറും ഒരു വർഷത്തിനുള്ളിൽ മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന സംരംഭമായി ഇസ്തിരപ്പെട്ടിയെ വളർത്തിയതും. നിലവിൽ ചെന്നൈ കേന്ദ്രമായാണ് ഇസ്തിരിപ്പെട്ടി പ്രവ‍ർത്തിക്കുന്നത്. ഇസ്തിരിയിടൽ യൂണിറ്റായി 2018 ജനുവരിയിൽ ചെന്നൈ നുങ്കമ്പാക്കത്താണ് ആദ്യ പ്ലാന്റ് ആരംഭിക്കുന്നത്. തുടർന്ന് ചെന്നൈയിലെ തന്നെ പള്ളിക്കാരനായി എന്ന സ്ഥലത്ത് അലക്ക് കൂടി ഉൾപ്പെടുത്തിയുള്ള യൂണിറ്റ് ആരംഭിച്ചു. രണ്ട് മാസത്തിനുള്ളിൽ കേരളത്തിലേയ്ക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോഴിക്കാട് കേന്ദ്രീകരിച്ചാണ് പ്രവർത്തനം ആരംഭിക്കുക.

മാർക്കറ്റിം​ഗിലൂടെ കമ്പനിയെക്കുറിച്ച് അറിയുന്ന ഉപഭോക്താക്കൾ നേരിട്ട് വിളിച്ചാണ് ഇടപാട് ആരംഭിക്കുന്നത്. ഉപഭോക്താവ് പറയുന്ന സ്ഥലത്ത് പോയി വസ്ത്രങ്ങൾ ശേഖരിക്കും. ഫാക്ടറിയിലെത്തി ആദ്യം ഓരോ വസ്ത്രത്തിനും പ്രത്യേകമായി ബ്ലീഡ് ടെസ്റ്റ് നടത്തു. കളർ ഇളകുന്ന വസ്ത്രങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. അലക്കിയ വസ്ത്രങ്ങൾ വെയിലത്ത് ഉണക്കുന്നതിന് പകരം പ്രത്യേക മെഷീൻ ഉപയോ​ഗിച്ചാണ് തുണികൾ ഉണക്കുന്നത്. വസ്ത്രങ്ങളുടെ ​ഗുണനിലവാരം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സന്ധ്യ പറയുന്നു. അതിനും ശേഷം ഓരോ വസ്ത്രങ്ങളും തേച്ച് മടക്കി പ്രത്യേകം പായ്ക്കറ്റുകളിലാക്കിയാണ് ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നത്. വസ്ത്രങ്ങളുടെ തൂക്കത്തിന് അനുസരിച്ചാണ് നിരക്ക് ഈടാക്കുന്നത്. മൂന്ന് കിലോയ്ക്ക് 200 രൂപയാണ് ചാ‍ർജ്.