Sunday
25 Aug 2019

പ്രാവര്‍ത്തികമാക്കാന്‍ മലയാളികള്‍ പ്രാപ്തര്‍

By: Web Desk | Monday 13 May 2019 10:56 PM IST


C R Joseprakash

സി ആര്‍ ജോസ്പ്രകാശ്

മണ്ണ്, മണല്‍, പാറ, തടി, കമ്പി, സിമന്റ്, ടൈല്‍സ്, പെയിന്റ്, ഗ്ലാസ് ഇവയെല്ലാം ഉപയോഗിച്ചുള്ള നമ്മുടെ സാധാരണ കെട്ടിടനിര്‍മ്മാണത്തിന്റെ ചെലവു കണക്കാക്കിയാല്‍ അതിന്റെ മൂന്നിലൊന്നു ചെലവുമാത്രമേ ഈ രാജ്യങ്ങളിലെ സാധാരണ വീടുകള്‍ക്കുണ്ടാകു. വെള്ളത്തിനും മണ്ണിനും മണലിനും തടിക്കും മാത്രമല്ലാ, പാറയ്ക്കുകൂടി കേരളത്തില്‍ ക്ഷാമമാണ്. വലിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം ഇന്നത്തെ രീതിയില്‍ തുടര്‍ന്നാല്‍ എത്രകാലം കേരളത്തിന് മുന്നോട്ടുപോകാനാകും എന്നത് വലിയ ചോദ്യമാണ്. ചെറിയ രീതിയിലുള്ള ലളിതമായ കെട്ടിടങ്ങളാണ് നമ്മള്‍ നിര്‍മ്മിക്കുന്നതെങ്കില്‍, നവീന നിര്‍മാണ സാമഗ്രികള്‍ ഉപയോഗപ്പെടുത്താനാകും എന്ന കാര്യവും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. പൊതുവെ പരിസ്ഥിതി ദുര്‍ബല പ്രദേശമായ കേരളത്തിന് താങ്ങാവുന്നതിനേക്കാള്‍ കെട്ടിടങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. 86 ലക്ഷം കുടുംബങ്ങള്‍ ഉള്ള കേരളത്തില്‍ ചെറുതും വലുതുമായി 97 ലക്ഷം വീടുകളുണ്ട്. മൂന്നര ലക്ഷം കുടുംബങ്ങള്‍ക്ക് വീടില്ല എന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ 14 ലക്ഷം വീടുകള്‍ ആള്‍പാര്‍പ്പില്ലാതെ കിടക്കുകയാണ്. ഇതില്‍ ഭൂരിപക്ഷവും ആധുനിക സൗകര്യങ്ങള്‍ ഉള്ള വലിയ വീടുകളാണ്. ഇങ്ങനെയൊരവസ്ഥ ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. അതുപോലെ തന്നെ മൊത്തം കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ എത്രയോ അധികം വാഹനങ്ങള്‍ കേരളത്തിലുണ്ട്. അതില്‍ തന്നെ കൂടുതല്‍ സൗകര്യങ്ങളുള്ള വലിയ വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുകയാണ്. ബൈക്കുകളുടെ എണ്ണം മണിക്കൂറുകള്‍ക്കിടയിലാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വാഹനങ്ങളെല്ലാം കൂടി ഏതുവഴി സഞ്ചരിക്കും എന്നത് ആശങ്കയുളവാക്കുന്ന സംഗതിയാണ്. കാലപ്പഴക്കം ചെല്ലുമ്പോള്‍ ഇവയെല്ലാം എവിടെ കൊണ്ടിടും എന്നതും പ്രശ്‌നമാണ്. ഗുരുതരമായ ഈ സാഹചര്യത്തില്‍ തന്നെ ചെലവു കുറഞ്ഞ, പരിസ്ഥിതിക്ക് ദോഷം വരുത്താത്ത, ആരോഗ്യത്തിന് ഗുണകരമാകുന്ന സൈക്കിളുകള്‍ കേരളത്തില്‍ അപൂര്‍വമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്?
ഏഴ് രാജ്യങ്ങളിലൂടെയുള്ള ദീര്‍ഘമായ ബസ് യാത്രയില്‍ ഒരിടത്തും നിലം നികത്തുന്നതായോ മല ഇടിക്കുന്നതായോ കാണാന്‍ കഴിഞ്ഞില്ല. ചെറുതും വലുതുമായ മിക്ക പുഴകളിലെയും വെള്ളം ശുദ്ധിയുള്ളതാണ്. പുഴയുടെ അടിത്തട്ട് തെളിമയോടെ കാണാം. ഇറ്റലി ഒഴികെ മറ്റേതെങ്കിലും രാജ്യത്ത് എവിടെയെങ്കിലും ചപ്പുചവറുകളോ മാലിന്യക്കൂമ്പാരമോ കാണാന്‍ കഴിഞ്ഞില്ല. വൃത്തിയില്ലാത്ത ഒരു റോഡും ശ്രദ്ധയില്‍പ്പെട്ടില്ല.
സ്ത്രീകള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ശ്രദ്ധേയമാണ്. ഏതു രാത്രിയിലും ഏതു വഴിയിലും സ്ത്രീകള്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നതു കാണാം. ഞങ്ങള്‍ താമസിച്ച എല്ലാ ടൂറിസ്റ്റ് ഹോമുകളിലെയും ജീവനക്കാരില്‍ 80-90 ശതമാനവും സ്ത്രീകളായിരുന്നു. രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസം ഇല്ല. (ഈ സ്വാതന്ത്ര്യം മദ്യപാനത്തിലും സിഗരറ്റുവലിയിലും അടക്കം ദൃശ്യമാണ് എന്നത് മറ്റൊരു സംഗതി.) കുട്ടികളോടും വൃദ്ധരോടും സമൂഹത്തിന് വലിയ കരുതലാണ്. ഉച്ചത്തില്‍ സംസാരിക്കുന്ന രീതി പൊതുവെ കുറവാണ്. പതിനായിരങ്ങള്‍ വന്നെത്തുന്ന വെനീസിലെ ചരിത്രമുറങ്ങുന്ന കേന്ദ്രത്തില്‍ പോലും വലിയ ഒച്ചയോ ബഹളമോ അനുഭവപ്പെട്ടില്ല എന്നത് കൗതുകമായി. ഇത്ര വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടായില്ല എന്നതും പ്രത്യേകതയായിരുന്നു.
എല്ലാ കാര്യങ്ങളിലും കൃത്യസമയം പാലിക്കുക എന്നത് ഇവിടെ വളരെ പ്രധാനമാണ്. ചരിത്ര സ്മാരകങ്ങള്‍ കാട്ടിത്തന്ന് വിശദീകരിക്കാന്‍, മുന്‍നിശ്ചയപ്രകാരം ഗൈഡ് റോമില്‍ കാത്തുനിന്നു. എന്നാല്‍ നമ്മുടെ വാഹനം അവിടെയെത്താന്‍ 12 മിനിട്ട് വൈകി. അതവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ നിശ്ചിത സമയത്തിന് 12 മിനിട്ട് മുന്‍പേ അവര്‍ ജോലി നിര്‍ത്തി പോയി. സര്‍ക്കാര്‍ ഓഫീസുകളുടെയും കമ്പനികളുടെയും പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനം, പദ്ധതികള്‍ പൂര്‍ത്തിയാക്കല്‍, ബസ്-ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി എല്ലാ കാര്യത്തിലും ഈ സമയനിഷ്ഠ പ്രധാനമാണ്.
മഞ്ഞുപുതച്ച മലനിരകള്‍, മനോഹരമായ പുഴകള്‍, ചരിത്ര സ്മാരകങ്ങള്‍, ശില്‍പങ്ങള്‍, ലോകമറിയുന്ന പ്രതിഭകളുടെ ജനന- മരണ സ്ഥലങ്ങള്‍, ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളര്‍ച്ച തുടങ്ങി എന്തും ടൂറിസത്തിന്റെ അനന്ത സാധ്യതയാക്കി അവര്‍ മാറ്റുന്നു. സമ്പദ്ഘടനയ്ക്ക് കരുത്തുപകരാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും രാജ്യത്തെക്കുറിച്ചുള്ള മതിപ്പ് പുറംരാജ്യങ്ങളില്‍ എത്തിക്കാനും അവര്‍ ശ്രദ്ധിക്കുന്നു. അതേസമയം തന്നെ പരിസ്ഥിതിക്ക് ദോഷമാകുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാനും മാലിന്യം കുന്നുകൂടാതിരിക്കാനും വാഹന പ്രളയം ഒഴിവാക്കാനും നല്ല കരുതല്‍ കാട്ടുകയും ചെയ്യുന്നു. എങ്ങനെയും പണം മിച്ചംവയ്ക്കുക എന്നത് അവരുടെ പൊതുവായ ശീലമല്ല. കുട്ടികളെ നല്ലരീതിയില്‍ സംരക്ഷിക്കുന്നതോടൊപ്പം തന്നെ, സ്വന്തം ജീവിതം ആസ്വദിക്കേണ്ടതാണെന്ന തിരിച്ചറിവ് അവര്‍ക്ക് നല്ലരീതിയിലുണ്ട്.
ഏഴ് രാജ്യങ്ങളിലൂടെ ബസില്‍ കടന്നുപോയിട്ട് ഒരിടത്തുപോലും രാജ്യാതിര്‍ത്തിയില്‍ പരിശോധന ഉണ്ടായിരുന്നില്ല എന്നത് പുതിയ അനുഭവമായിരുന്നു. ഏതു ഉല്‍പന്നം എവിടെ നിന്നു വാങ്ങിയാലും അതിന്റെ നികുതി കൃത്യമായി സര്‍ക്കാരിലെത്തും. വളരെ ഫലപ്രദമായി ജിഎസ്ടി നടപ്പിലാക്കിയിട്ടുണ്ട്. നികുതി വെട്ടിപ്പിനുള്ള വഴികളെല്ലാം ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തടയാന്‍ കഴിയുന്നു. ബാങ്കിംഗ് മേഖല ചലനാത്മകമാണ്. ലോകസമ്പത്ത് ആകര്‍ഷിക്കുന്നതിന് ഒട്ടേറെ വഴികളാണ് സ്വീകരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്റ് എന്ന കൊച്ചുരാജ്യത്തെ ലോകം അറിയുന്നതിനേക്കാള്‍ കൂടുതല്‍ സ്വിസ് ബാങ്കും’സ്വിസ് വാച്ചും’ലോകം അറിയുന്നു. ഇത് സ്വാഭാവികമായി സംഭവിച്ചതല്ല. രാജ്യത്തിന്റെ ആസൂത്രിതമായ നീക്കമാണ് ഇതിന് വഴിതെളിച്ചത്. ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗവേഷണം ഏറ്റവും മുഖ്യമായി ഈ രാജ്യങ്ങള്‍ കാണുന്നു. ചെറുതും വലുതുമായ കണ്ടുപിടിത്തങ്ങള്‍ സ്വന്തമാക്കിവച്ച് ഉല്‍പാദനം നടത്തുന്നു. ഉല്‍പാദനചെലവിന്റെ എത്രയോ ഇരട്ടി വില നിശ്ചയിച്ച് പുതിയ ഉല്‍പന്നം ലോക മാര്‍ക്കറ്റില്‍ എത്തിക്കുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മരുന്നുകള്‍, ചികിത്സാ ഉപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യം വര്‍ധിപ്പിക്കുന്ന സാധനങ്ങള്‍ തുടങ്ങി നൂറുകണക്കിന് ഉല്‍പന്നങ്ങളാണ് ഓരോ വര്‍ഷവും മാര്‍ക്കറ്റില്‍ വന്നിറങ്ങുന്നത്. അടുത്ത 10 വര്‍ഷം കൊണ്ട് ഈ രാജ്യങ്ങള്‍ സാമ്പത്തിക രംഗത്ത് ഇനിയും കുതിച്ചുചാട്ടം നടത്തും എന്നതുറപ്പാണ്. കാര്‍ഷിക മേഖലയില്‍ പോലും ശ്രദ്ധയോടെ ഉള്ള പരീക്ഷണങ്ങള്‍ ശക്തമാണ്. വിദ്യാര്‍ഥികളില്‍ അടക്കം സാമൂഹിക ബോധവും പൗരബോധവും അച്ചടക്കവും സൃഷ്ടിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിസവും ഉള്‍പ്പെടെയുള്ള ശാസ്ത്രത്തിന്റെ വളര്‍ച്ചയെ, രാജ്യനന്മയ്ക്കായി സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നു. (ഇതെല്ലാം കോര്‍പ്പറേറ്റുകള്‍ വ്യത്യസ്ത രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നത് മറ്റൊരു കാര്യം.)
നമുക്ക് ഒട്ടും സ്വീകാര്യമല്ലാത്ത, അനുകരിക്കാന്‍ കഴിയാത്ത ധാരാളം കാര്യങ്ങള്‍ യൂറോപ്പിലുണ്ട്. അവിടുത്തെ തണുത്ത കാലാവസ്ഥയും വ്യത്യസ്തമായ രീതികളും പൊതുവെ നമുക്ക് സ്വീകാര്യമായതല്ല. ദീര്‍ഘകാലം ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളെ നേരിട്ടും അല്ലാതെയും ചൂഷണം ചെയ്ത് സമ്പത്ത് വാരിക്കൂട്ടിയത് മുഖ്യമായും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ്. ഈ സാഹചര്യങ്ങളൊക്കെ ഉള്ളപ്പോഴും അവിടത്തെ നന്മകള്‍ സാധ്യമായത്ര സ്വീകരിക്കുന്നതിന്റെ പ്രയോജനം ലഭിക്കുന്നത് നമുക്കു തന്നെയാണ്. കെട്ടിട നിര്‍മ്മാണത്തിലെ ധൂര്‍ത്ത്, അമിതമായ വാഹന ഉപയോഗം, മത്സര ഓട്ടം, അപകടമരണങ്ങള്‍, മാലിന്യക്കൂമ്പാരം, സമയനിഷ്ഠയിലെ ജാഗ്രതയില്ലായ്മ, ജീവിതശൈലീ രോഗങ്ങള്‍ സൃഷ്ടിക്കുന്ന നമ്മുടെ ശീലങ്ങള്‍, പൗരബോധം പ്രകടിപ്പിക്കുന്നതിലെ അശ്രദ്ധ, പെരുമാറ്റത്തില്‍ കാട്ടേണ്ട ശ്രദ്ധയില്ലായ്മ, പരിസ്ഥിതി സംരക്ഷണത്തില്‍ കാട്ടുന്ന അലംഭാവം, ആവശ്യമില്ലാതെ മതിലുകളും ഗേറ്റുകളും കെട്ടിപ്പൊക്കുന്നതിന്റെ വ്യര്‍ത്ഥത, സ്ത്രീ സമൂഹത്തോട് കാട്ടുന്ന അവഗണനയും അവര്‍ക്കെതിരെയുള്ള അതിക്രമവും, വൃദ്ധസമൂഹത്തോടുള്ള അവജ്ഞ, ഓരോ കുടുംബത്തിനും കൂട്ടാകേണ്ട സൈക്കിളുകള്‍ ഉപേക്ഷിക്കുന്ന രീതി, ഗവേഷണരംഗത്തെ ജാഗ്രതക്കുറവ് ഇക്കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച സമൂഹത്തില്‍ നടക്കണം. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ണതോതില്‍ നടത്തേണ്ട സാഹചര്യത്തില്‍ ഈ ചര്‍ച്ചയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സ്വയംവിമര്‍ശനത്തോടെ കാര്യങ്ങള്‍ വിലയിരുത്താന്‍ സമൂഹം നിര്‍ബന്ധിക്കപ്പെടണം. ഇങ്ങനെ അര്‍ഥപൂര്‍ണമായ ഒരു ചര്‍ച്ച നടക്കണമെങ്കില്‍ അതിന് കേരള സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തണം. സാംസ്‌കാരിക രംഗത്തുള്ളവരെയും ശാസ്ത്ര രംഗത്തുള്ളവരെയും ഒപ്പം കൂട്ടണം. അധ്യാപകരെയും വിദ്യാര്‍ഥികളെയും മുന്നില്‍ നിര്‍ത്തണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും നന്മ വിളഞ്ഞു നില്‍ക്കുന്നത് നെതര്‍ലാന്റ് എന്ന കൊച്ചുരാജ്യത്താണ്. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍, അതിനെക്കാള്‍ നല്ല രീതിയില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരാണ് മലയാളികള്‍. അതിന് നല്ല കൂട്ടായ്മ സൃഷ്ടിക്കപ്പെടണം എന്നുമാത്രം.

അവസാനിച്ചു