17 April 2024, Wednesday

മലേഗാവ് സ്ഫോടനക്കേസ് : വിചാരണാ നടപടികള്‍ ഇഴയുന്നു

Janayugom Webdesk
മുംബൈ
September 30, 2022 6:56 pm

ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ അടക്കം പ്രതിയായ മലേഗാവ് സ്ഫോടനക്കേസ് നടന്ന് 14 വര്‍ഷം കഴിയുമ്പോഴും വിചാരണാ നടപടികള്‍ ഇഴയുന്നു.
പ്രത്യേക എന്‍ഐഎ കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇനിയും ഒരുപാട് സാക്ഷികളെ വിസ്തരിക്കാന്‍ ബാക്കിയുണ്ട്. ഇതിനോടകം 26 പേര്‍ കൂറുമാറുകയും ചെയ്തു. പ്രഗ്യാ സിങ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് വിചാരണ നേരിടുന്നത്. യുഎപിഎ അടക്കം ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവില്‍ ഏഴു പേരും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നേ പുറത്താണ്.
450 സാക്ഷികളില്‍ 272 പേരുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ഇതില്‍ 26 പേര്‍ കൂറുമാറി. വിചാരണ വേഗത്തില്‍ തീര്‍പ്പാക്കാന്‍ 2015ല്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വിചാരണ നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് കാണിച്ച് കുറ്റാരോപിതനായ സമീര്‍ കുല്‍ക്കര്‍ണി ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യത്തില്‍ ഹൈക്കോടതി വിചാരണക്കോടതിയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിരുന്നു.
2008 സെപ്റ്റംബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ മാലേഗാവ് ടൗണിലെ മുസ്‌ലിം പള്ളിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടന സ്ഥലത്തു നിന്നും കണ്ടെടുത്ത ഒരു സ്കൂട്ടര്‍ പ്രഗ്യാ സിങ് ഠാക്കൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതാണെന്ന് മഹാരാഷ്ട്ര പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തവയില്‍ പ്രഗ്യാ സിങ് ഠാക്കൂറിന്റെ ഇരുചക്രവാഹനവുമുണ്ടായിരുന്നുവെന്ന് കേസിലെ 261-ാം സാക്ഷിയായ റിട്ട. ഫോറന്‍സിക് വിദഗ്ധന്‍ മുംബൈയിലെ പ്രത്യേക കോടതിയില്‍ അടുത്തിടെ മൊഴി നല്‍കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയിരുന്നത്. പിന്നീടിത് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.

Eng­lish Summary:Malegaon blast case: Tri­al pro­ceed­ings drag on
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.