പോഷകാഹാരക്കുറവ് ഇന്ത്യയില്‍ ഇന്നും ഒരു ഗുരുതര പ്രശ്‌നം: ഡോ മഞ്ജു ശര്‍മ

Web Desk

കൊച്ചി

Posted on January 23, 2018, 4:49 pm

പോഷകാഹാരക്കുറവ് ഇന്ത്യയില്‍ ഇന്നും ഒരു ഗുരുതര പ്രശ്‌നമായി തുടരുകയാണെന്ന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് മുന്‍ സെക്രട്ടറിയും പത്മഭൂഷണ്‍ ജേതാവുമായ ഡോ മഞ്ജു ശര്‍മ്മ. ഗ്രാമപ്രദേശങ്ങളില്‍ കുട്ടികളനുഭവിക്കുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണം. 21 ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവ് മൂലം മരണമടയുന്നുവെന്നത് ഗൗരവമായി കാണണമെന്നും അവര്‍ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ മഞ്ജു ശര്‍മ്മ.

ഇത് പരിഹരിക്കുന്നതിന് രാജ്യാന്തര സഹകരണത്തോടെയും സാമൂഹിക ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയും ഗവേഷണവികസന പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ച് പരിശീലനങ്ങളും ബോധവല്‍ക്കരണവും വേണം. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള ജനകേന്ദ്രീകൃത വികസന പദ്ധതികളാണ് രാജ്യത്തിന് വേണ്ടത്. കാര്‍ഷിക മേഖലയില്‍ സ്ത്രീസാന്നിധ്യം ഉറപ്പ് വരുത്തിയാല്‍ മാത്രമേ ഗ്രാമീണതലങ്ങളില്‍ പുരോഗതിയുണ്ടാകൂ. സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗ്രാമീണ തലങ്ങളില്‍ സംയുക്ത വികസന പദ്ധതികള്‍ നടപ്പിലാക്കണം.

ഹരിത വിപ്ലവത്തിന് ശേഷം ജനിതക വിപ്ലവമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ വികസനം ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ വന്‍ മാറ്റമാണ് ഉണ്ടാക്കിയതെന്ന് പ്രസ്തുത കാലയളവില്‍ കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ മഞ്ജു ശര്‍മ്മ പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും പഠനങ്ങള്‍ നടത്തണമെന്നും അവര്‍ പറഞ്ഞു.

സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മറൈന്‍ ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ പി വിജയഗോപാല്‍, സീനിയര്‍ സയന്റിസ്റ്റ് ഡോ കാജല്‍ ച്ക്രവര്‍ത്തി എന്നിവര്‍ സംസാരിച്ചു.