ഡോക്ടര്‍മാര്‍ മുസ്ലിം രോഗികളെ ചികിത്സിക്കരുതെന്ന് ബിജെപി ആവശ്യപ്പെടുന്നതായി മമതാ ബാനര്‍ജി

Web Desk
Posted on June 14, 2019, 9:12 am

കൊല്‍ക്കത്ത: ഡോക്ടര്‍മാര്‍ മുസ്ലിം രോഗികളെ ചികിത്സിക്കരുതെന്നാണ് ബിജെപിയുടെ ആവശ്യമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ന് രാജ്യവ്യാപകമായ പ്രതിഷേധം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. ഡോ. നീല്‍ രത്തന്‍ സിര്‍കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75കാരനായ രോഗിയുടെ മരണവുമായി ബന്ധപ്പെട്ടാണ് സമരം.

ഇതിനിടെ പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് സമരവും തുടരുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനവും ഡോക്ടര്‍മാരുടെ സംഘടന തള്ളി.
സംഭവത്തില്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി പരിബഹ മുഖോപാധ്യയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. ഇഷ്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. തലയോട്ടിയില്‍ ആഴത്തിലുള്ള വിടവുണ്ടായി പരിബഹ ഗുരുതരാവസ്ഥയിലാണ്.

പ്രതിഷേധ സൂചകമായി ഹെല്‍മറ്റ് ധരിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെ രോഗികളെ പരിശോധിച്ചത്. കൂടാതെ തലയില്‍ ബാന്‍ഡേജ് കെട്ടിയും പ്രതിഷേധിച്ചു.
പ്രതിഷേധ സൂചകമായി ഐഎംഎയുടെ എല്ലാ സംസ്ഥാന ശാഖകളിലും ഇന്ന് ധര്‍ണ നടത്തും. രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും രോഗികളെ പരിശോധിക്കുക. ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കില്‍ പങ്കുചേരും.
ഇന്നലെ രണ്ടുമണിക്ക് മുമ്പ് ജോലിക്ക് തിരികെ കയറണമെന്നും അല്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നുമായിരുന്നു മമത മുന്നറിയിപ്പ് നല്‍കിയത്. സംഭവത്തില്‍ ബിജെപി ഒരു സമുദായത്തെ ലക്ഷ്യംവയ്ക്കുകയാണെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടത്തുകയാണെന്നും മമത ആരോപിച്ചിരുന്നു.