16 April 2024, Tuesday

യെഴുപതാാ… ഏയ് ചുമ്മ

Janayugom Webdesk
September 7, 2021 12:12 pm

മലയാളത്തിന്റെ മമ്മൂക്കായ്ക്ക് എഴുപത് വയസ്സേ. കണ്ടാൽ പറയോ? ഒരുപത്തുമുപ്പത് തോന്നും. കമലഹാസൻ പറഞ്ഞതുപോലെ കണ്ണാടിയിൽ നോക്കിയാൽ പോലും തോന്നില്ല. എഴുപത് അടുത്തടുത്ത് വരുന്നതിനിടെ എത്രയെത്ര കിടിലൻ ലുക്ക് പോസ്റ്ററാണ് ചുള്ളൻ ഇക്കാടെ പുറത്തുവന്നതെന്നറിയോ. എല്ലാം ഒന്നിനൊന്ന് ലുക്ക് തന്നെ. ഒരുതരം ലുക്ക്മാൻ. അല്ലേ. ഈയിക്കാടൊരു കാര്യം. കൊതിയാവാന്നേ. ഇപ്പഴാണ് ഹരികൃഷ്ണൻസിലെ ആ ചളിഞ്ഞ മൂക്കിന്റെയും ചെരിഞ്ഞ തോളിന്റെയും ഡയലോഗ് മത്സരം ഓർമ്മവരുന്നത്. അതൊക്കെ ഒരു കോമഡിക്ക് പറഞ്ഞൊപ്പിച്ചതല്ലേ. ഇക്ക മാസാണ്. മരണ മാസ്.

മലയാള സിനിമയുടെ നിത്യവസന്തമായ മമ്മുട്ടിക്ക് എഴുപത് തികഞ്ഞത് ഇനിയും വിശ്വസിക്കാനാവാത്തവർ ലോകത്തേറെയാണ്. അക്കൂട്ടത്തിൽ ഒരുവനാണ് ഉലകനായകൻ കമലഹാസൻ. ‘മമ്മൂട്ടി സാറിന് 70 വയസായി എന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള ആളാണ്, അല്ലെങ്കിൽ എന്നേക്കാൾ പ്രായം കുറവുള്ള ആളാണ് എന്നാണ് കരുതിയത്. ക്ഷമിക്കണം. വയസ് കൂടിയാലും ഞാൻ വന്നതിന് ശേഷമാണ് അദ്ദേഹം വന്നത്. അതുകൊണ്ട് എന്റെ ജൂനിയർ എന്നു പറയാം. അതുമാത്രമല്ല. കണ്ണാടിയിൽ നോക്കിയാലും എന്നെക്കാൾ ഇളയതാണ് എന്നേ തോന്നുള്ളൂ. എനിക്കും ജനങ്ങൾക്കും. ഈ ഊർജവും ചെറുപ്പവും എന്ന് കാത്തുസൂക്ഷിക്കാൻ കഴിയട്ടെ. എല്ലാ ആശംസകളും മുതിർന്ന പൗരന് നേരുന്നു. എന്ന് മറ്റൊരു മുതിർന്ന പൗരൻ. ’ – എന്നായിരുന്നു കമൽ വീഡിയോയിൽ പറഞ്ഞത്. മമ്മൂട്ടി തനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ തന്നെ സിനിമകൾ ചെയ്യാനായതും ഒരുമിച്ചഭനിയക്കാനായതും മഹാഭാഗ്യമായാണ് കരുതുന്നതെന്നുമാണ് മോഹൻലാൽ പറഞ്ഞു. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും മമ്മുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.


ഇതുകൂടി വായിക്കാം: സപ്തതി നിറവിൽ മമ്മൂട്ടി; പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്ന് പന്ന്യൻ രവീന്ദ്രൻ


സംവിധായകൻ വിനയനുൾപ്പെടെ സിനിമാലോകത്തെ മറ്റുപ്രമുഖരും മമ്മുട്ടിക്ക് ജന്മദിനാശംസകൾ നേർന്നു. ”സംഘടനാ പ്രശ്നമുണ്ടായപ്പോൾ, ചില വ്യക്തികളുടെ അസൂയമൂത്ത കള്ളക്കളികളിൽ വീണുപോയ സംഘടനാ നേതാക്കൾ ഇനി മേലിൽ വിനയനനെക്കൊണ്ട് സിനിമ ചെയ്യിക്കില്ല എന്നു തീരുമാനിച്ചപ്പോൾ ആ നേതാക്കളുടെ കൂടെയായിരുന്നു പ്രിയമുള്ള മമ്മൂക്ക നിന്നത് എന്നതൊരു സത്യമായിരുന്നു” എന്നുകൂടി സ്മരിച്ചായിരുന്നു വിനയന്റെ ആശംസാസന്ദേശം. എഴുപതിന്റെ തികവിലും നിറയൗവ്വനത്തിന്റെ തിളക്കം. കാലം നമിക്കുന്ന പ്രതിഭാസത്തിന്, പ്രിയമുള്ള മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ. തന്റെ നടനവൈഭവം കൊണ്ട് മനുഷ്യമനസ്സുകളെ കീഴടക്കിയ അഭിനയപ്രതിഭകൾ കേരളത്തിലും, ഇന്ത്യയിലും പലരുമുണ്ട്. പക്ഷേ സപ്തതി ആഘോഷ വേളയിലും സിനിമയിലെ മാസ്സ് ഹീറോ ആയി നിലനിൽക്കാൻ കഴിയുക എന്നത് അത്ഭുതമാണ്, അസാധാരണവുമാണ്. ഞാൻ രണ്ടു സിനിമകളേ ശ്രീ മമ്മൂട്ടിയേ വച്ചു ചെയ്തിട്ടുള്ളു ‘ദാദാസാഹിബും’ ‘രാക്ഷസ രാജാവും’. ആ രണ്ടു സിനിമയും വളരെ എൻജോയ് ചെയ്തു തന്നെയാണ് ഞങ്ങൾ ഷൂട്ടു ചെയ്തതും പുർത്തിയാക്കിയതും. ഷൂട്ടിംഗ് സെറ്റിൽ ആക്ഷൻ പറയുമ്പോൾ പെട്ടെന്നു കഥാപാത്രമായി മാറുന്ന രീതിയല്ല ശ്രീ മമ്മൂട്ടിയുടെത് ദാദാസാഹിന്റെ സീനാണ് എടുക്കുന്നതെങ്കിൽ രാവിലെ സെറ്റിൽ എത്തുമ്പോൾ മുതൽ ആ കഥാപാത്രത്തിന്റെ ഗൗരവത്തിലായിരാക്കും അദ്ദേഹം പെരുമാറുക. തമാശ നിറഞ്ഞ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെങ്കിൽ മമ്മൂക്കയുടെ പെരുമാറ്റത്തിലും ആ നർമ്മമുണ്ടാകാം. രണ്ടു ചിത്രങ്ങളിലും അദ്ദേഹം തന്ന സ്നേഹവും സഹകരണവും നന്ദിയോടെ സ്മരിക്കുന്നു- വിനയൻ പറഞ്ഞു.


ഇതുകൂടി വായിക്കാം: അഭിനയ മികവിന്റെ 50 വർഷങ്ങൾ ! മലയാളത്തിന്‍റെ മഹാനടൻ മമ്മുട്ടിക്ക് എഴുപതാം പിറന്നാൾ


1980 കളുടെ പകുതിയോടെയാണ് മമ്മൂട്ടിയെന്ന നടൻ മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. ഐ. വി ശശി-എംടി കൂട്ടുകെട്ടിലും ഐ. വി ശശി- ടി. ദാമോദരൻ കൂട്ടുകെട്ടിലും പിറന്ന നിരവധി ഹിറ്റുകൾ മമ്മൂട്ടിയെന്ന നടന്റെ സിംഹാസനം മലയാള സിനിമയിൽ ഉറപ്പിക്കുന്നതായിരുന്നു. തുടരെ തുടരെ പിറന്ന ഹിറ്റുകൾ പിന്ന കാലഘട്ടമായിരുന്നു അത്. എന്നാൽ 1985 ൽ മാത്രം മമ്മൂട്ടിയുടേതായി തിയേറ്ററുകളിലെത്തിയ 35 സിനിമകളിൽ പലതും പരാജയമായി. മമ്മൂട്ടിയെന്ന നടൻ അവസാനിച്ചുവെന്ന് ചിലരെങ്കിലും വിധിയെഴുതിയ സമയമായിരുന്നു അന്ന്. 1987 ൽ ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി തിയേറ്ററിൽ എത്തിയ ന്യൂഡൽഹി എന്ന സിനിമ മമ്മൂട്ടിയെന്ന നടന്റെ സൂപ്പർ സ്റ്റാർ പദവി ഉറപ്പിച്ചു. നിറക്കൂട്ട്, ശ്യാമ എന്നീ ഹിറ്റുകൾ മമ്മൂട്ടിക്കായി നൽകിയ ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലായിരുന്നു ന്യൂഡൽഹിയും പിറന്നത്. എം. ടി ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ഒരു വടക്കൻ വീരഗാഥ മലയാള സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം തന്നെ തിരുത്തിയെഴുതി എക്കാലത്തേയും വലിയ ഹിറ്റായി. മമ്മൂട്ടി എന്ന നടൻ ചന്തുവെന്ന കഥാപാത്രത്തിലൂടെ ആരാധക ഹൃദയങ്ങളിൽ വീരപുരുഷനായി. തിയേറ്ററിലിരിക്കുന്ന ഓരോ പ്രേക്ഷകരേയും ഊറ്റംകൊള്ളിക്കുന്ന ഡയലോഗുകളായിരുന്നു മമ്മൂട്ടി ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.