മമത ജീവനൊടുക്കിയത് സഹപ്രവർത്തകന്റെ ഭീഷണി മൂലമെന്ന് അച്ഛൻ

Web Desk
Posted on January 23, 2018, 11:38 am

റാഞ്ചി: ജംഷഡ്പുർ സ്വദേശിയായ യുവ ‍ഡോക്ടർ മമത റായി കൊച്ചിയിലെ ഹോട്ടലിൽ ജീവനൊടുക്കിയത് എയിംസിലെ സഹപ്രവർ‍ത്തകന്റെ ഭീഷണിമൂലമെന്നു പിതാവ്.

എയിംസിലെ തന്നെ സഹപ്രവർത്തകനായ ഡോക്ടർ മമതെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആറു മാസമായി പിന്നാലെ കൂടിയിരുന്നു. എന്നാൽ മമമത ആവശ്യം നിരാകരിച്ചതിനുശേഷം മകളെ പലതവണ ഭീഷണിപ്പെടുത്തിയതിനു പുറമേ അപായപ്പെടുത്താനും അയാൾ ശ്രമിച്ചിരുന്നതായി ബിഎസ്എൻഎൽ റിട്ട. ജീവനക്കാരനായ പിതാവ് അരവിന്ദ് കുമാർ റായി പറയുന്നു.

വെള്ളിയാഴ്ച രാത്രി പത്തരയോടെ മകളുമായി സംസാരിച്ചതാണെന്നും ജീവനൊടുക്കുന്നതിന്റെ സൂചനകളൊന്നും സംഭാഷണത്തിലില്ലായിരുന്നെന്നും മാനസിക സമ്മർദത്തിനു യുവതി മരുന്നു കഴിച്ചിരുന്നെന്ന ആരോപണം നുണയാണെന്നും റായി വ്യക്തമാക്കി.

ചർമരോഗ ചികിൽസാ വിദഗ്ധരുടെ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ന്യൂഡൽഹി എയിംസിലെ ഡോക്ടറും ഡൽഹി നമ്പർ രണ്ട് മസ്ജിദ് മോദിലെ ഗേൾസ് ഹോസ്റ്റൽ താമസക്കാരിയുമായ മമതയെ (27) വെള്ളിയാഴ്ചയാണു ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിനു കൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ട് . മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. റാഞ്ചിയിൽ വിമാനമാർഗ്ഗം എത്തിച്ച മൃതദേഹം ജംഷഡ്പൂരിലെ ആദിത്യപൂരിൽ സംസ്കരിച്ചു.