എടക്കാട് കടമ്പൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ ചോദ്യപേപ്പർ മോഷണം നടത്താൻ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളിയെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി മുസ്നിയുദ്ദീൻ(25) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.
സ്കൂൾ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുന്ന ഷട്ടർ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് ചോദ്യപേപ്പർ കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാബ് അസിസ്റ്റൻഡ് കെ വി ജ്യോതിപ്രകാശൻ ഓടിയെത്തുകയായിരുന്നു. അപ്പോഴാണ് ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്ന മോഷ്ടാവിനെ കാണുന്നത്. സ്കൂളിന്റെ ഒന്നാം നിലയിലായിരുന്നു ചോദ്യപേപ്പർ സൂക്ഷിച്ചിരുന്നത്. ഈ റൂമിലേക്കുള്ള സിസിടിവിയുടെ കണക്ഷൻ ബ്രേക്കർ ഓഫാക്കി എത്താന്നുള്ള മോഷ്ടാവിന്റെ ശ്രമമാണ് ജ്യോതി പ്രകാശൻ സമയോചിതമായ ഇടപെടലിലൂടെ വിഫലമാക്കിയത്.
എന്നാല്‍ കെട്ടിടത്തിന്റെ മറ്റൊരു മൂലയിൽ ഒളിച്ചിരുന്ന പ്രതി ആരെയോ ഫോണിൽ വിളിച്ച് സംസാരിക്കുന്ന ശബ്ദം കേട്ട് ജ്യോതി പ്രകാശൻ സ്കൂൾ മുഴുവൻ തിരയുമ്പോഴേക്കും സ്കൂൾ മാനേജർ പി മുരളീധരൻ സ്ഥലത്തെത്തിയി ലാബ് അസിസ്റ്റന്റിനെ ചീത്ത വിളിക്കുകയും സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എടക്കാട് പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയിൽ പറയുന്നു. ചോദ്യപേപ്പർ മോഷണ ശ്രമം നടന്നതിന്റെ തലേ ദിവസം രാത്രി 8.30 ഓടെ സംഭവ സ്ഥലത്ത് സ്കൂൾ മാനേജർ സംശയാസ്പദമായ രീതിയിൽ ചുറ്റിക്കറങ്ങിയതായും പരാതിയില്‍ പറയുന്നു.
ചോദ്യപേപ്പർ മോഷ്ടിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി വർഷങ്ങളായി ഇതേ സ്കൂൾ മാനേജറുടെ കെട്ടിട നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ട തൊഴിലാളിയായിരുന്നു എന്നാണ് വിവരം. അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കെ വി ജ്യോതിപ്രകാശന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന്ന് തടസ്സം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് സ്കൂൾ പ്രിൻസിപ്പൽ കെ പി ഷാജുവും സ്കൂൾ മാനേജർക്കെതിരെ എടക്കാട് പോലീസിൽ പരാതി നല്കിട്ടുണ്ട്.സംഭവത്തിൽ ജാഗ്രതയോടെയുള്ള അന്വേഷണവും നടപടികളും വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
English Summary; Man arrested for attempted question paper theft
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.