വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കഞ്ചാവ് വിൽപ്പന നടത്തിയാൾ അറസ്റ്റിൽ; ഗ്രൂപ്പിൽ രാഷ്ട്രീയ നേതാക്കളും വിദ്യാർത്ഥികളും

Web Desk
Posted on November 25, 2019, 4:16 pm

കൊച്ചി: വാട്ട്സ് ആപ്പില്‍ ഗ്രൂപ്പ് ഉണ്ടാക്കി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. ആലപ്പുഴ ഹരിപ്പാട് അനീഷ് ഭവനത്തില്‍ അനീഷിനെയാണ് രണ്ടര കിലോ കഞ്ചാവുമായി തൃപ്പൂണിത്തുറ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.

കഞ്ചാവ് വില്‍പ്പനയ്ക്കായി വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഇയാള്‍ ഗ്രൂപ്പില്‍ വരുന്ന മെസേജ് പ്രകാരം ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. ഇതിനായി ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നും ട്രെയിനിലൂടെയാണ് കഞ്ചാവ് എത്തിച്ചിരുന്നത് എന്ന് എക്‌സൈസ് സംഘം പറഞ്ഞു.കഞ്ചാവ് വില്‍പ്പനയ്ക്കായി ഇയാള്‍ തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പില്‍ നൂറ് കണക്കിനാളുകളാണ് ഉള്ളത്. ഇക്കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നു.

പിടിയിലായതിന്‌ ശേഷവും ‘സാധനം’ ആവശ്യപ്പെട്ട് ഒട്ടേറെ കോളുകള്‍ അനീഷിന്റെ ഫോണിലേക്ക് എത്തിയിരുന്നതായും എക്സൈസ് അധികൃതര്‍ പറഞ്ഞു. ഇവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.എന്‍. സതീശന്‍, സി.കെ. മധു, ടി.കെ. രതീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീഷ് ബാബു, ദിനീപ് പരമേശ്വരന്‍, ബിജോ പി. ജോര്‍ജ്, വി.ബി. റസീന, ടി.എന്‍. ശശി, സുനില്‍കുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.