Web Desk

തിരുവനന്തപുരം

March 24, 2020, 12:17 pm

‘മുടിയിൽ ചുറ്റിപ്പിടിച്ച് മുഖത്തും ചെവിയിലും തലയിലും ഇടിച്ചു’; നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി കറങ്ങി നടന്നത് റിപ്പോർട്ട് ചെയ്ത ആരോഗ്യ പ്രവർത്തകയെ വീടുകയറി മർദ്ദിച്ചു

Janayugom Online

വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി കറങ്ങി നടന്നത് റിപ്പോർട്ട് ചെയ്ത ആരോഗ്യ പ്രവർത്തകയെ യുവാവ് വീട്ടിൽ കയറി ആക്രമിച്ചു. വാമനപുരം പഞ്ചായത്തിലെ ആശാവര്‍ക്കറായ ലിസി (37)യാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ പ്രതിയായ വിഷ്ണു(27)വിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾ ഒളിവിലാണ്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നുസംഭവം.

കഴിഞ്ഞ 9ന് നാട്ടിലെത്തിയ വിഷ്ണുവിനോട് നിരീക്ഷണത്തില്‍ വീട്ടിലിരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിർദ്ദേശിച്ചിട്ടും അത് അനുസരിക്കാതെ കറങ്ങി നടക്കുകയായിരുന്നു. ഈ വിവരം ലിസി ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചതാണ് വിഷ്ണുവിനെ പ്രകോപിപ്പിച്ചത്. ലിസിയും മകളും മാത്രമുള്ള സമയം വീട്ടില്‍ അതിക്രമിച്ച് കയറിയ വിഷ്ണു ഇവരെ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പിനെ അറിയിച്ചതെന്തിനാണെന്ന് ചോദിച്ചു കൊണ്ടായിരുന്നു ആക്രമണം.

you may also like this video;

ലിസിയുടെ മുടിയിൽ ചുറ്റിപ്പിടിച്ച് മർദ്ദിക്കുകയും മുഖത്തും ചെവിയിലും തലയിലും ഇടിക്കുകയും ചെയ്തു. പത്ത് മിനിറ്റോളം നീണ്ട മർദ്ദനത്തിൽ ലിസിയുടെയും മകളുടെയും നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. അതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ഇവരെ വാമനപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടിലെത്തിയ ഇയാളോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ അനുസരിച്ചിരുന്നില്ല. ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ആരോഗ്യവകുപ്പ് ഇടപെടുകയും ചെയ്തു. ആശാവർക്കർ കൂടി ആയ ലിസി ഉള്‍പ്പെട്ട ടീമിനായിരുന്നു നിരീക്ഷണ ചുമതല. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് 19 ന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു ലിസി. ഇവരെ ആക്രമിച്ചതിനു ശേഷം ഒളിവിൽ പോയ വിഷ്ണുവിനായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വിഷ്ണുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.

you may also like this video;