ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; രക്ഷയായത് അമ്മയുടെ ഇടപെടല്‍

Web Desk
Posted on September 18, 2019, 1:13 pm

ലുധിയാന: വീട്ടുകാര്‍ക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. രക്ഷയായത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍. പഞ്ചാബിലെ ലുധിയാന റിഷി നഗറില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം.

വീടിന് പുറത്ത് ഉറങ്ങിക്കിടക്കുന്ന കുടുംബത്തെ സൈക്കിള്‍ റിക്ഷയുമായി എത്തിയ ആള്‍ നിരീക്ഷിച്ചു നിന്നു. പിന്നീട് സാവകാശം കുട്ടിയെ എടുത്ത് റിക്ഷയില്‍ വച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. റിക്ഷയുമായി എത്തിയ ആള്‍ കുട്ടിയെ എടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് സമീപത്തുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

കുട്ടിയെ എടുത്തതോടെ സമീപത്തുകിടന്ന അമ്മ ഉണര്‍ന്നു ബഹളം വച്ചു. ഇതോടെ കുട്ടിയുടെ പിതാവും ഉണര്‍ന്നു. തുടര്‍ന്ന് മോഷ്ടാവ് സൈക്കിള്‍ റിക്ഷയുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതും പിതാവ് അയാളെ പിന്തുടരുന്നതും വീഡിയോയിലുണ്ട്. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു.