പുറത്ത് നിന്ന് വന്ന വിവരം മെഡിക്കല്‍ ഹെല്‍പ്‌ലൈനില്‍ വിളിച്ചു പറഞ്ഞ യുവാവിനെ അടിച്ചു കൊന്നു

Web Desk

പട്‌ന

Posted on March 31, 2020, 1:04 pm

മഹാരാഷ്ട്രയില്‍ നിന്നും എത്തിയ രണ്ട് യുവാക്കളുടെ വിവരം കോവിഡ് മെഡിക്കല്‍ സംഘത്തെ വിളിച്ചു പറഞ്ഞതിന് യുവാവിനെ അടിച്ചു കൊന്നു. ബിഹാറിലെ സീതാമർഹി ജില്ലയിലെ മാധുവൽ ഗ്രാമത്തിലാണ് സംഭവം. 22 കാരനായ ബാബ്‌ലു കുമാറാണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയില്‍ നിന്നും യുവാക്കള്‍ എത്തിയ വിവരം ബാബ്‌ലു കോവിഡ് മെഡിക്കൽ ഹെൽപ്‌ലൈനിൽ വിളിച്ചറിയിച്ചിരുന്നു. തുടര്‍ന്ന് സംഘം സ്ഥലത്തെത്തുകയും ഇവരെ പരിശോധനയ്ക്കായി കൊണ്ടു പോകുകയും ചെയ്തു. രോഗബാധയില്ലെന്ന് പരിശോനയില്‍ കണ്ടെത്തുകയും വീടുകളിലേയ്ക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു. എങ്കിലും പതിനാലു ദിവസത്തേയ്ക്ക് ഹോം ക്വാറന്റീനില്‍ തുടരണമെന്ന് നിര്‍ദ്ദേശിച്ചു.

തിരികെ വീട്ടിലെത്തിയ യുവാക്കള്‍ ബാബ്‌ലുവാണ് മെഡിക്കല്‍ സംഘത്തെ വിവരമറിയിച്ചതെന്ന് മനസ്സിലാക്കുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു. അവശനായ ബാബ്‌ലുവിനെ കുടുംബാംഗങ്ങള്‍ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ സുധീർ മഹ്തോ, മുന്നാ മഹ്തോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബ്‌ലുവിന്റെ സഹോദരൻ ഗുഡ്ഡു കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Eng­lish Sum­ma­ry: Man beat­en to death for inform­ing Covid19 med­ical help cen­ter.

you may also like this video;