എരുമ വില്‍പ്പനയെ ചൊല്ലി തര്‍ക്കം; ആന്ധ്ര സ്വദേശി ഭാര്യയുടെ കാലുകള്‍ അരിഞ്ഞു മാറ്റി

Web Desk

കൃഷ്ണ

Posted on March 13, 2019, 9:56 pm

എരുമ വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആന്ധ്ര സ്വദേശി ഭാര്യയുടെ കാലുകള്‍ വെട്ടിമാറ്റി. ലിംഗലപാഡ് ഗ്രാമത്തിലെ  ജി പിച്ചയ്യയും ഭാര്യ രാജേശ്വരിയും തമ്മില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. ഇതേ തുടര്‍ന്നുണ്ടായ ദേഷ്യമാണ് ഭാര്യയുടെ കാലുകള്‍ അരിഞ്ഞെടുക്കുന്നതിലേക്ക് അയാളെ നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കോടാലി കൊണ്ടാണ് ഇയാള്‍ ഭാര്യയുടെ കാലുകള്‍ വെട്ടി മാറ്റിയത്. ആക്രമിച്ച കോടാലി വെള്ളത്തില്‍ കഴുകിയെടുക്കാന്‍ അമ്മയോട് അച്ഛന്‍ ആവശ്യപ്പെട്ടതായി അവരുടെ മകള്‍ പറയുന്നു.‘എന്റെ മാതാപിതാക്കളുടെ ദാമ്പത്യ ജീവിതത്തില്‍ ഒരിക്കലും സന്തോഷമുണ്ടായിട്ടില്ല. കഴിഞ്ഞ രാത്രിയില്‍ എരുമ വില്‍പനയെ ചൊല്ലി വലിയ ബഹളമുണ്ടായി.

പാതിരാത്രി നിലവിളി കേട്ട് വന്നു നോക്കിയപ്പോള്‍ കാണുന്നത് അമ്മയുടെ ഇരുകാലുകളും അച്ഛന്‍ വെട്ടി മാറ്റിയതായാണെന്ന് മകള്‍ പറയുന്നു. അമ്മയുടെ സഹോദരന്റെ വീടായ കീസരയിലേക്ക് ഞങ്ങളെ മാറ്റണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ ഈ നിര്‍ദേശം അച്ഛന്‍ അംഗീകരിച്ചില്ലെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലും ആക്രമിച്ച ഭര്‍ത്താവ് പൊലീസ് പിടിയിലുമാണ്.