യുവാവിന്റെ കൊലപാതകം: ഭര്‍ത്താവ് സ്വയം കഴുത്തറുത്തെന്ന് ഭാര്യ; കുട്ടിയുടെ മൊഴിയില്‍ കാമുകന്‍ അറസ്റ്റില്‍

Web Desk
Posted on May 21, 2019, 8:33 am

തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. തൊഴുവന്‍കോട് സ്വദേശി മനോജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യയെന്ന് കരുതിയ കേസിലാണ് വഴിത്തിരിവുണ്ടായത്.

ഈമാസം പന്ത്രണ്ടാം തീയതിയതിയായിരുന്നു സംഭവം. കുടുംബ വഴക്കിനിടെ വിനോദ് സ്വയം കഴുത്തില്‍ കുത്തിയെന്നാണ് ഭാര്യ രാഖി പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. പക്ഷെ, ശാസ്ത്രീയ പരിശോധനകളും വിനോദിന്റെ ആറ് വയസ്സുള്ള മകന്റെ മൊഴിയും കേസില്‍ പ്രധാനമായി. അമ്മയുടെ സുഹൃത്തായ മനോജാണ് വിനോദിനെ കത്തികൊണ്ട് കുത്തിയതെന്നായിരുന്നു കുട്ടിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓട്ടോ ഡ്രൈവറായ മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ആദ്യം മനോജ് കുറ്റം സമ്മതിക്കാതിരുന്നത് പോലീസിനെ കുഴക്കിയിരുന്നു. സംഭവദിവസം വിനോദ് വീട്ടിലെത്തുമ്പോള്‍ മനോജിനെ കണ്ടത് ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ പിടിവലിക്കിടയിലാണ് കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. മനോജാണ് ഒന്നാം പ്രതി.വിനോദിന്റെ ഭാര്യ രാഖി കേസില്‍ രണ്ടാം പ്രതിയാണ്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ മനോജിനെ റിമാന്‍ഡ് ചെയ്തു.

https://youtu.be/pTzlBNXiu5M