തേനീച്ച കുത്തേറ്റ് തിരുവല്ല സ്വദേശി മരിച്ചു

Web Desk
Posted on October 18, 2019, 9:31 am

തിരുവല്ല: തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചാത്തങ്കരി കളത്തിപറമ്പില്‍ കെ ഒ ജോര്‍ജ്(86) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ജോര്‍ജിന് തേനിച്ചകളുടെ കുത്തേല്‍ക്കുന്നത്. ചാത്തങ്കരി മാര്‍ത്തോമ പള്ളിക്ക് മുന്‍പില്‍ നിന്ന് മൂലേപ്പടിയിലേക്ക് പോവുന്ന റോഡില്‍ വെച്ചാണ് സംഭവം. ഇവരുടെ പുരയിടത്തില്‍ തന്നെയുള്ള മാവിന്റെ ഉയരമുള്ള കൊമ്പില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകളാണ് ആക്രമിച്ചത്.

തേനീച്ചക്കൂട്ടില്‍ പരുന്ത് കൊത്തിയതോടെയാണ് തേനീച്ചകള്‍ ഇളകിയെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജോര്‍ജിന്റെ ശരീരം മുഴുവന്‍ പറ്റിപ്പിടിച്ച് നിന്ന് ഇവ കുത്തി. ജോര്‍ജിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികള്‍ തീകത്തിച്ചാണ് തേനീച്ചകളെ അകറ്റിയത്. രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ ജേര്‍ജിന്റെ ഭാര്യയ്ക്കും മറ്റ് നാട്ടുകാര്‍ക്കും തേനീച്ചകളുടെ കുത്തേറ്റിരുന്നു.