ലോക്ഡൗൺ: നാട്ടിലെത്താൻ യുവാവ് ഉള്ളിക്കച്ചവടക്കാരനായി മാറി

Web Desk

അലഹാബാദ്

Posted on April 26, 2020, 8:54 pm

ലോക്ക് ഡൗണിൽ നാട്ടിലെത്താൻ ഒരൊറ്റ ദിവസംകൊണ്ട് ഉള്ളി കച്ചവടക്കാരനായി മാറി അലഹാബാദ് സ്വദേശി. മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്തുവരുന്ന പ്രേം മൂർത്തി പാണ്ഡെ എന്നയാളാണ് സവാള നിറച്ച ട്രക്കിന്റെ സഹായത്തോടെ നാട്ടിലെത്തിയത്. ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ മുംബൈയിൽ കുടുങ്ങിയ പ്രേം മെയ് മൂന്ന് വരെ രണ്ടാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലെത്താനുള്ള പരിശ്രമങ്ങൾ തുടങ്ങി.

പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിന് ഇളവുകളുണ്ടെന്ന് മനസിലാക്കിയ പ്രേം ആദ്യഘട്ട പരീക്ഷണമെന്ന നിലയിൽ ഏപ്രിൽ 17 ന് മിനി ട്രക്ക് വാടകയ്ക്കെടുത്ത് നാസിക്കിലെ പിമ്പാൽഗാവിൽനിന്ന് പതിനായിരം രൂപയ്ക്ക് 1,300 കിലോഗ്രാം തണ്ണീർമത്തൻ വാങ്ങി മുംബൈയിലെത്തിച്ചു. ഇത് വിജയിച്ചതോടെ ഈ മാർഗം ഉപയോഗിക്കാൻ പ്രേം തീരുമാനിക്കുകയായിരുന്നു. പിമ്പാൽഗാവിൽനിന്ന് വിലക്കുറവിൽ സവാള ലഭിക്കുമെന്ന വിവരം പ്രേം മനസിലാക്കി.

2.32 ലക്ഷം രൂപമുടക്കി 25,520 കിലോ സവാള വാങ്ങി. തുടർന്ന് 77,500 രൂപയ്ക്ക് ഒരു ട്രക്ക് വാടകയ്ക്ക് വിളിക്കുകയും അതിൽ സവാളയുമായി 12,000 കിലോമീറ്റർ അകലെയുള്ള അലഹാബാദിലേക്ക് യാത്ര തിരിച്ചു. ഏപ്രിൽ 23ന് പ്രേം അലഹാബാദിലെ മുന്ദേര മാർക്കറ്റിലെത്തി. എന്നാൽ ഇത്രയും സവാള വാങ്ങാൻ ആരും തയ്യാറാകാത്തിനെ തുടർന്ന് തന്റെ ഗ്രാമമായ കോട്വ മുബാറക്പുരിയിലേക്ക് പോയി. അവിടെ സവാള ഇറക്കി വാഹനം തിരികെ അയച്ചു.

ഇതിനിടെ മഹാരാഷ്ട്രയിൽ നിന്ന് ലോക്ക് ഡൗൺ ലംഘിച്ച് ഒരാൾ എത്തിയിട്ടുണ്ടെന്നറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും പ്രേമിനെതിരെ കേസെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച മെഡിക്കൽ സംഘമെത്തി പരിശോധന നടത്തി ഇയാളോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. അന്ധേരിയിൽ വൈറസ് പടരാനുള്ള സാധ്യത കൂടുതലായതിനാലാണ് ഇത്തരമൊരു വഴി സ്വീകരിച്ച് നാട്ടിലേക്ക് പുറപ്പെട്ടതെന്ന് പാണ്ഡെ പറഞ്ഞു. വിൽക്കാതെ കെട്ടികിടക്കുന്ന സവാള നല്ല വിലയ്ക്ക് വിൽക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രേം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: man escapes lock down claim­ing to be veg­etable sell­er

YOU MAY ALSO LIKE THIS VIDEO