സിഎഎക്കെതിരെ ജാമിയ മിലിയ സർവകലാശാലാ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിനുനേരെ സംഘപരിവാറുകാരന്റെ വെടിവയ്പ്പ്. വെടിവയ്പ്പിൽ ഒരു വിദ്യാർത്ഥിക്കു പരിക്കേറ്റു. സിഎഎക്കെതിരെ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ അണിചേരാനാണ് ജാമിയ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ മാർച്ചുമായി മുന്നേറുന്നതിനിടെ ഒരാൾ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച തോക്കെടുത്ത് വെല്ലുവിളി നടത്തുകയും സിഎഎ അനുകൂല മുദ്രാവാക്യം വിളിച്ചശേഷം ഇതാ പിടിച്ചോ സ്വാതന്ത്ര്യം എന്നലറിക്കോണ്ട് വെടിയുതിർക്കുകയുമായിരുന്നു. ജാമിയയിലെ എംഎ മാസ് കമ്യൂണിക്കേഷൻ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയായ ഷദാബ് ഫാറൂഖിനാണ് വെടിയേറ്റത്.
അക്രമി സംഘപരിവാറുമായി ബന്ധമുള്ള ഗോപാൽ ശർമയാണെന്ന വാർത്ത പുറത്തുവന്നതോടെ ഇയാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗോപാൽ ശർമ്മ ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നായാളാണെന്ന് വ്യക്തമാക്കുന്ന രേഖകളും ചിത്രങ്ങളുമാണ് പുറത്തുവന്നത്.
കേന്ദ്ര മന്ത്രി ഗിരിരാജ് സിങുമൊത്തുള്ള പ്രതിയുടെ ചിത്രങ്ങൾ ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. താൻ തീവ്ര ഹിന്ദുവാദിയാണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും പ്രതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അക്രമിയുടെ ആധാറിലെയും സ്കൂൾ സർട്ടിഫിക്കറ്റുകളിലും ജനന തിയതി 2002 ഏപ്രിൽ എട്ടാണ്. ഇതുചൂണ്ടിക്കാട്ടിയാണ് ഇയാൾ പ്രായപൂർത്തിയാകാത്തയാളെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്.
അക്രമിയെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷദാബിന്റെ ഇടതു കൈക്കു വെടിയേറ്റതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷദാബിനെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം തുടർ ചികിത്സയ്ക്കായി എയിംസ് ട്രോമ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. ഷദാബ് അപകടനില തരണം ചെയ്തിട്ടുണ്ട്. നൂറുകണക്കിനു പൊലീസുകാർ കാഴ്ചക്കാരായി നോക്കി നിൽക്കെയാണ് അക്രമി വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്തത്. കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ ജേവാർ സ്വദേശിയാണ് അക്രമി. അക്രമിയെ ചോദ്യം ചെയ്തു വരികയാണെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി ചിൻമയി ബിസ്വാൾ പറഞ്ഞു. വെടിവയ്പ്പിനെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്. വൈകുന്നേരത്തോടെ പൊലീസ് ബാരിക്കേടിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ മാറ്റി. തുടർന്ന കുറെ വിദ്യാർത്ഥികളെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിലെടുത്തു.
English summary:Man fires at student protesters of jamia milia
YOU MAY ALSO LIKE THIS VIDEO