Web Desk

December 23, 2019, 2:42 pm

പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടയാളെ വനിതാ ഹോസ്റ്റലിൽ നിന്ന് പിടികൂടി

Janayugom Online

കളമശ്ശേരി: എറണാകുളം ഗവണ്‍മെന്റ് നഴ്‌സിങ് കോളേജ് വനിതാ ഹോസ്റ്റലില്‍ നുഴഞ്ഞു കയറിയയാള്‍ പിടിയില്‍. മറുനാടന്‍ തൊഴിലാളിയായ രവി ധാപ്പയെയാണ് പിടികൂടിയത്. ശനിയാഴ്ച മൂന്ന് മണിയോടെ ഹോസ്റ്റലിന്റെ അടുക്കള ഭാഗത്ത് കൂടെയാണ് ഇയാള്‍ അകത്ത് കയറിയത്. ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരി ചോദ്യം ചെയ്തപ്പോള്‍ അടുക്കളയിലുപയോഗിക്കുന്ന കോരി എടുത്ത് ആക്രമിച്ചു. മറ്റു ജീവനക്കാരെത്തി ബഹളം വെച്ചപ്പോള്‍ ഇയാള്‍ അവിടെ നിന്ന് ഓടി മാറി.

പിന്നീട് സെക്യൂരിറ്റി ജീവനക്കാരുടെ അന്വേഷണത്തിലാണ് ഇയാളെ അലമാരയുടെ പിറകില്‍ നിന്ന് പിടികൂടിയത്. ഇവര്‍ ഇയാളെ പിടികൂടി കളമശ്ശേരി പൊലീസിന് കൈമാറി. ഇയാളുടെ ആക്രമണത്തില്‍ ഒരു ജീവനക്കാരിക്കും സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റതായി മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ പൈപ്പ് ലൈന്‍ റോഡിലെ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയതിന് രവി ധാപ്പയെ ജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ പൊലീസ് പിടിയില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ലേഡീസ് ഹോസ്റ്റലില്‍ കയറിയത്.

you may also like this video;