തൃശ്ശൂര്‍: പ്രായമായ സ്ത്രീകളെ കേന്ദ്രികരിച്ച് പണവും സ്വർണ്ണഭരണങ്ങളും തട്ടുന്നയാൾ പിടിയിൽ. കാസര്‍കോട്, ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫ (43) യാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയ്ക്കു സമീപത്തുവെച്ച് പരിചയപ്പെട്ട വെളുത്തൂര്‍ സ്വദേശിയായ സീതമ്മ(62)യുടെ പക്കൽ നിന്ന് ഒന്നരപ്പവന്‍ മാല കവര്‍ന്ന കേസിലാണ് മുസ്തഫ പിടിയിലായത്.
പലിശയില്ലാതെ മൂന്നുലക്ഷം രൂപ ലോണ്‍ നല്കുന്ന പദ്ധതി ബാങ്കും കളക്ടറേറ്റും ചേര്‍ന്ന് ആരംഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ സീതമ്മയെ കളക്ടറേറ്റില്‍ എത്തിച്ചു.
you may also like this video;
സ്വര്‍ണാഭരണങ്ങള്‍ കണ്ടാല്‍ ലോണ്‍ ലഭിക്കില്ലെന്ന് ഇയാള്‍ സീതമ്മയെ വിശ്വസിപ്പിക്കുകയും സ്വര്‍ണമാല തന്ത്രത്തില്‍ കൈക്കലാക്കിയശേഷം അപേക്ഷ വാങ്ങിവരാമെന്ന് പറഞ്ഞ് ഇയാള്‍ കടന്നു കളയുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലായത്.
ബാങ്ക് ഉദ്യോഗസ്ഥന്, റവന്യൂ ഉദ്യോഗസ്ഥന്, കളക്ടറുടെ അസിസ്റ്റന്റ്, ലോണുകള്‍ ശരിയാക്കുന്ന ആള്, ഗള്‍ഫിലുള്ള അറബിയുടെ പിഎ എന്നിങ്ങനെ ആള്‍മാറാട്ടം നടത്തിയാണ് ഇയാളുടെ തട്ടിപ്പ്. ആശുപത്രി, കോടതി, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളാണ് ഇയാള്‍ തട്ടിപ്പിനായി തിരഞ്ഞെടുത്തിരുന്നത്.