Site iconSite icon Janayugom Online

ധനിക ദമ്പതികളുടെ വ്യാജമകനായി 40 വര്‍ഷം ജീവിച്ച് സ്വത്ത് തട്ടിയ ആള്‍ക്ക് തടവും പിഴയും

ധനിക ദമ്പതികളുടെ വ്യാജമകനായി 40 വര്‍ഷം ജീവിച്ച് സമ്പത്ത് മുഴുവന്‍ തട്ടിയെടുത്തത് പുറത്തായി. കാണാതായ മകനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദമ്പതികള്‍ ജീവിച്ചിരിക്കെ സ്വത്തുവില്പന നടത്തുകയും കാലശേഷം അനന്തരാവകാശിയെന്ന നിലയില്‍ സമ്പാദ്യം സ്വന്തമാക്കുകയും ചെയ്തത്. ജാമുയി ജില്ലയിലെ ദയാനന്ദ് ഗൊസൈനാണ് ആള്‍മാറാട്ടം നടത്തി 40 വര്‍ഷം ധനിക കുടുംബത്തോടൊപ്പം ജീവിച്ചത്. മുര്‍ഗാവനിലെ ഭൂവുടമയായിരുന്ന കാമേശ്വര്‍ സിങ്ങ്-രംസകീ ദേവി ദമ്പതികളുടെ മകന്‍ കനയ്യയെ 1977 ഫെബ്രുവരി 20നാണ് കാണാതാവുന്നത്. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കിയെങ്കിലും കണ്ടെത്താനായില്ല.

നാലുവര്‍ഷത്തിനുശേഷം സന്യാസിയുടെ വേഷത്തിലെത്തിയ യുവാവ് തൊട്ടടുത്ത ഗ്രാമത്തിലെത്തി ദമ്പതികളുടെ മകനാണ് താനെന്ന് അവകാശപ്പെടുകയായിരുന്നു. ഈ വിവരമറിഞ്ഞെത്തിയ കാമേശ്വര്‍ സന്യാസവേഷത്തിലുള്ള യുവാവിനെ കണ്ടു. യുവാവ് നല്കിയ കനയ്യയുടെ കയ്യക്ഷരമെന്നു തോന്നിപ്പിക്കുന്ന കത്ത് ലഭിച്ചെങ്കിലും കാമേശ്വറിന് സംശയം ബാക്കിയായിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ ഇത് കാമേശ്വറിന്റെ മകന്‍ തന്നെയെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് 40 വര്‍ഷം മുമ്പ് വ്യാജമകന്‍ ദമ്പതികള്‍ക്കൊപ്പം ജീവിച്ചു തുടങ്ങിയത്.

എന്നാല്‍ രംസകീദേവിക്ക് യുവാവിനെ കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനം യുവാവിന് കനയ്യയുടെ ഛായയില്ലെന്നതായിരുന്നു. കൂടാതെ കനയ്യയുടെ നെറ്റിയിലുണ്ടായിരുന്നു മുറിവിന്റെ പാടു കാണാതിരുന്നതും അധ്യാപകര്‍ക്ക് യുവാവും കനയ്യയുമായി സാമ്യം തോന്നാതിരുന്നതും അവരുടെ സംശയം ബലപ്പെടുത്തി. മകനെ കാണാന്‍ അപരിചിതരായ ചിലരെത്തുന്നതും സംശയത്തെ ബലപ്പെടുത്തിയിരുന്നു. അതിനാല്‍ യുവാവ് വീട്ടിലെത്തി മാസങ്ങള്‍ക്കുശേഷം 1981 നവംബറില്‍ അവര്‍ പരാതി നല്കുകയും ചെയ്തു. എന്നാല്‍ അതില്‍ രംസകീദേവി സമ്മര്‍ദം ചെലുത്താതിരുന്നതിനാല്‍ തുടര്‍ നടപടികളുണ്ടായില്ല.

അതിനിടെ യുവാവ് വിവാഹിതനാവുകയും ഭാര്യാസമേതം കാമേശ്വറിന്റെ വസതിയില്‍ താമസിക്കുകയും ചെയ്തു. 1990ല്‍ കാമേശ്വറും 1995ല്‍ രംസകിയും മരിച്ചതോടെ കേസ് റദ്ദാക്കപ്പെടുകയും ചെയ്തു. എന്നാല്‍ ദമ്പതികളുടെ മകള്‍ സുപ്രീം കോടതിയെ സമീപിച്ച് കേസ് പുനരാരംഭിക്കുന്നതിനുള്ള ഉത്തരവ് സമ്പാദിച്ചതനുസരിച്ച് പരാതി ജാമുയി ജില്ലാ കോടതിയുടെ പരിഗണനയ്‌ക്കെത്തുകയായിരുന്നു. കോടതിയുടെ വിചാരണയിലാണ് 40 വര്‍ഷം വ്യാജമകനായി ജവിച്ചത് ദയാനന്ദ് ഗോസൈനാണെന്ന് കണ്ടെത്തിയത്. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ദയാനന്ദിനെ ആറുവര്‍ഷം തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചിരിക്കുകയാണ് കോടതി.

Eng­lish sum­ma­ry; Man jailed for 40 years for cheat­ing on wealthy couple

You may also like this video;

Exit mobile version