Friday
22 Feb 2019

അച്ഛനോടുള്ള വിരോധംമൂലം മകനെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍

By: Web Desk | Monday 18 June 2018 7:58 PM IST

കാസര്‍ഗോഡ്: പിതാവിനോടുള്ള വിരോധം തീര്‍ക്കാന്‍ എട്ടുവയസുകാരനായ മകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. പെരിയ കണ്ണോത്തെ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനും കല്യോട്ട് ജിഎച്ച്എസ്എസിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ഫഹദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയും തെങ്ങുകയറ്റതൊഴിലാളിയുമായ വിജയകുമാറിനെ(37)യാണ് കാസര്‍ഗോഡ് അഡീ. സെഷന്‍ കോടതി(ഒന്ന്) ജഡ്ജ് പി.എസ്.ശശികുമാര്‍ ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴ ശിക്ഷയും വിധിച്ചത്. 341, 302 പ്രകാരമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2015 ജൂലൈ ഒമ്പതിനു രാവിലെ 8.45ഓടെ കല്യോട്ട് ചാന്തന്‍മുള്ളിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ട ഫഹദിന് ഒരു കാലിന് സ്വാധീനക്കുറവുണ്ട്. വീട്ടില്‍ നിന്നും സ്‌കൂളിലേയ്ക്കുള്ള ഒന്നരകിലോമീറ്റര്‍ ദൂരം നടന്നാണ് പോയിരുന്നത്.

സംഭവദിവസം പതിവുപോലെ സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്നു ഫഹദ്. അപ്പോഴാണ് വിജയന്‍ വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്. ഭയചകിതനായി ഓടുന്നതിനിടെ ഫഹദ് നിലത്തുവീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന്‍ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. ആറുവെട്ടുകളാണ് ശരീരത്തിലുണ്ടായിരുന്നത്. നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. വിജയനെതിരെ ബേക്കല്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നത്തെ ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു.പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. ജില്ലാജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. വിജയന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടും പ്രതിക്ക് ജാമ്യം കിട്ടുന്നതിന് തടസമായി. കേസിന്റെ ഭാഗമായി 20 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും 11 തൊണ്ടിമുതലുകളും കണ്ടെടുത്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.രാഘവനാണ് ഹാജരായത്.