Web Desk

ലക്‌നൗ

January 16, 2020, 5:11 pm

ഗര്‍ഭിണിയായ ഭാര്യയെ വെട്ടിനുറുക്കി, മില്ലില്‍ പൊടിച്ച് കവറിലാക്കി ഉപേക്ഷിച്ചു: ക്രൂര കൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ

Janayugom Online

ഗര്‍ഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. 27 കാരിയായ ഊര്‍മിളയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവ് രവീന്ദ്ര കുമാറിനെ (35)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി നാലിനാണ് കൊലപാതകം നടന്നത്. എന്നാല്‍ സംഭവത്തിന് ഏകസാക്ഷിയായ ഊര്‍മിളയുടെ മൂത്തമകള്‍ മുത്തശ്ശിയോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഊര്‍മിളയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മൃതദേഹം ചെറിയ കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. ഇതിന് ശേഷം മില്ലിലെ മെഷീനിലിട്ട് ഇവ പൊടിച്ചെടുത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

2011ലാണ് ഊര്‍മിളയും രവീന്ദ്രകുമാറും തമ്മിലുള്ള വിവാഹം നടന്നത്. ഏഴും 11ഉം വയസുള്ള രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഊര്‍മിള മകന് ജന്മം നല്‍കണമെന്നാണ് രവീന്ദ്രകുമാര്‍ ആഗ്രഹിച്ചത്. എന്നാല്‍ വീണ്ടും പെണ്‍കുഞ്ഞിന് ജന്മം നല്‍കുമോ എന്ന ഭയമാണ് ഭര്‍ത്താവിനെ ഇത്തരത്തിലുളള ഒരു പ്രകോപനത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. യുവതി മരിച്ച അന്ന് തന്നെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി രവീന്ദ്ര കുമാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഊര്‍മ്മിളയുടെ മൂത്തമകള്‍ അച്ഛന്റെ കൊലപാതകം അമ്മവീട്ടില്‍ ചെന്ന് പറഞ്ഞു.അച്ഛനൊടൊപ്പം മുത്തച്ഛനും അമ്മാവന്മാരും കൊലപാതകത്തില്‍ പങ്കാളികളാണെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ചോദ്യം ചെയ്യലില്‍ രവീന്ദ്രകുമാര്‍ കുറ്റം സമ്മതിച്ചു.

ഊര്‍മിളയുമായി വാക്കുതര്‍ക്കമുണ്ടാകുകയും പെട്ടെന്നുള്ള ദേഷ്യത്തെ തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായതോടെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പല കഷണങ്ങളാക്കി. തുടര്‍ന്ന് മില്ലില്‍ കൊണ്ടുപോയി കഷ്ണങ്ങള്‍ പൊടിയാക്കി. ഇവ കവറിലാക്കി നാലു കീലോമീറ്റര്‍ അകലെ ഉപേക്ഷിച്ചുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പിന്നീട് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

YOU MAY ALSO LIKE