ചൗല്‍സി കെ റോബിന്‍സണ്‍

February 22, 2021, 3:06 am

യാഥാസ്ഥിതിക മുതലാളിത്തം സൃഷ്ടിച്ച മനുഷ്യ നിര്‍മ്മിത ദുരന്തം

Janayugom Online

രാഴ്ചയായി യുഎസ് സംസ്ഥാനമായ ടെക്സസ് അഭൂതപൂര്‍വവും അപ്രതീക്ഷിതവുമായ ശീതക്കാറ്റിന്റെയും മരവിപ്പിക്കുന്ന ശൈത്യത്തിന്റെയും പിടിയില്‍ അമര്‍ന്നിരിക്കയാണ്. ദശലക്ഷക്കണക്കിന് മനുഷ്യ ജീവിതമാണ് കുടിവെള്ളവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായത്. ജനങ്ങള്‍ കൊടിയ ദുരിതത്തെ നേരിടുമ്പോള്‍ ടെക്സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ്‍ക്രൂസ് മെക്സിക്കോയിലെ കാന്‍കുണിലെ ഊഷ്മളതയിലേക്ക് കുടുംബസമേതം അവധിയാഘോഷത്തിനു പുറപ്പെടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഒഴിവാക്കാമായിരുന്ന മനുഷ്യനിര്‍മ്മിത ദുരന്തത്തെയാണ് ടെക്സസ് ജനത നേരിടുന്നത്.

ടെക്സസില്‍ ഭരണം കയ്യാളുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദുര്‍ഭരണത്തെയും മുതലാളിത്ത ലാഭാര്‍ത്തിയെയുമാണ് ഈ ദുരന്തം തുറന്നുകാട്ടുന്നത്. ദശകങ്ങളായി റിപ്പബ്ലിക്കന്‍ ഭരണം സാമാന്യ ജനതാല്പര്യത്തിന് ഉപരിയായി വരേണ്യ സമ്പന്ന വര്‍ഗത്തിന്റെയും ഊര്‍ജ കമ്പനികളുടെയും താല്പര്യത്തിനുവേണ്ടി നടപ്പാക്കിയ നയപരിപാടികളാണ് ദുരന്തം ക്ഷണിച്ചുവരുത്തിയത്.

കൊടിയ ശൈത്യവും വൈദ്യുതി വിതരണം തകര്‍ന്നതും നാല് ദശലക്ഷത്തിലധികം ജനങ്ങളെയാണ് വെള്ളവും വൈദ്യുതിയുമില്ലാത്ത ദുരവസ്ഥയില്‍ എത്തിച്ചത്. തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ വീടുകള്‍ ചൂടുപിടിപ്പിക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ദേശീയ ഗ്രിഡില്‍ നിന്നും ഒറ്റപ്പെട്ടു നില്ക്കുന്ന ടെക്സാസിലെ വൈദ്യുതി സംവിധാനം പൂര്‍ണമായി തകര്‍ന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചേക്കാവുന്ന അസാധാരണമായ ഒന്നായി ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയില്ല. കരുതലോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അത്യാഹിതമാണ് സംഭവിച്ചത്.

1930 ല്‍ ഒറ്റപ്പെട്ട ‘പരസ്പരബന്ധിത സംവിധാന’മായാണ് ടെക്സസിലെ പവര്‍ഗ്രിഡ് പ്രവര്‍ത്തിച്ചിരുന്നത്. 1935 ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ലിന്‍ റൂസ്‍വെല്‍റ്റ് സംസ്ഥാനങ്ങള്‍ പരസ്പരം വൈദ്യുതി വാങ്ങുകയും വില്ക്കുകകയും ചെയ്യാനുതകുന്ന ഫെഡറല്‍ പവര്‍ ആക്ടില്‍ ഒപ്പുവയ്ക്കുകയും ഊര്‍ജ കൈമാറ്റ അധികാരം ഫെഡറല്‍ പവര്‍ കമ്മിഷനില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു. ടെക്സസില്‍ വൈദ്യുതി ഉല്പാദന‑വിതരണ നിയന്ത്രണത്തിന് മതിയായ യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. അത് അങ്ങനെ തുടരാനാണ് ഊര്‍ജ ഉല്പാദന‑വിതരണ കമ്പനികള്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങള്‍ തമ്മില്‍ വൈദ്യുതി ആവശ്യാനുസരണം കൈമാറുന്നത് തങ്ങള്‍ക്ക് ലാഭകരമല്ലെന്നതിനാലാണ് പുതിയ സംവിധാനത്തിലേക്ക് മാറാന്‍ അവര്‍ വിസമ്മതിച്ചത്. ഊര്‍ജ കമ്പനികളുടെ ഈ നിലപാടിനു റിപ്പബ്ലിക്കന്‍ ഭരണകൂടവും നിയമനിര്‍മ്മാതാക്കളും കൂട്ടുനിന്നു.

ടെക്സസിലെ പവര്‍ഗ്രിഡില്‍ 90 ശതമാനവും ഇ­പ്പോഴും ദേശീയ ഗ്രിഡിന് പുറത്താണ്. 1965 ല്‍ സമാനമായ വൈദ്യുതി വിതരണ തകര്‍ച്ച ഉണ്ടായപ്പോള്‍ രൂപീകരിച്ച ‘ഇലക്ട്രിസിറ്റി റിലേബിലിറ്റി കൗണ്‍സിലി‘ന്റെ നിയന്ത്രണത്തിലാണ് സംസ്ഥാനത്ത് ഉല്പാദനവും വിതരണവും തുടര്‍ന്നുവരുന്നത്. ഫെഡറല്‍ നിയന്ത്രണങ്ങള്‍ക്ക് പുറത്ത് ഒറ്റപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഊര്‍ജ ഗ്രിഡാണ് ടെക്സസില്‍ നിലവിലുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കഴിയുന്ന ഗ്രിഡ് സംവിധാനം ഇവിടെ നിലവിലില്ല. ഇതാണ് ഇപ്പോഴത്തെ ദുരന്തം ക്ഷണിച്ചുവരുത്തിയത്.

ഫെഡറല്‍ പവര്‍ഗ്രിഡില്‍ നിന്ന് വിട്ടുനില്ക്കുന്നത് ഊര്‍ജ കമ്പനികള്‍ക്ക് യഥേഷ്ടം വിലനിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം നല്കുന്നു. ഊര്‍ജ ലഭ്യതയുടെയും ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ ഊര്‍ജം ആവശ്യമായിവരുന്ന സമയത്ത് ഉപഭോക്താക്കളില്‍ നിന്നും അമിതവില ഈടാക്കാന്‍ ഈ സംവിധാനം ഊര്‍ജ കമ്പനികള്‍ക്ക് അവസരം ഒരുക്കി നല്കി. കാര്യക്ഷമമായ ഊര്‍ജവിതരണ ശൃംഖലകളും ഉപരിഘടനയും സൃഷ്ടിക്കുന്നതില്‍ നിന്നും പുതിയ നിക്ഷേപം നടത്തുന്നതില്‍ നിന്നും ഒഴിഞ്ഞുനില്ക്കാനും അവര്‍ക്ക് കഴിഞ്ഞു. കമ്പനികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനും വിതരണ ചെലവ് കുറയ്ക്കാനും കൂടുതല്‍ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനും അവസരം ലഭിച്ചു. ഫലത്തില്‍ ഇപ്പോഴത്തെ ദുരന്തം പ്രകൃതി ദുരന്തത്തേക്കാളേറെ മനുഷ്യനിര്‍മ്മിതമാണെന്ന് വ്യക്തം.

മേല്‍പറഞ്ഞ വസ്തുതകള്‍ അപ്പാടെ മറച്ചുവച്ച് ആവര്‍ത്തന സാധ്യതയുള്ള അഥവാ പുനരുപയോഗ്യമായ ഊര്‍ജസ്രോതസുകളെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ രൂപംനല്‍കിയ ‘ഗ്രീന്‍ ന്യൂ ഡീല്‍’ നയത്തെയും പഴിചാരാനാണ് റിപ്പബ്ലിക്കന്‍ — വലതുപക്ഷ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത്. അവരാണ് ദശകങ്ങളായി ടെക്സസിലെ ഊര്‍ജരംഗം കൈകാര്യം ചെയ്തുപോന്നിരുന്നത്.

ഊര്‍ജ തകര്‍ച്ചയുടെ മുഖ്യകാരണം കാറ്റിനെയും സൗരോര്‍ജത്തെയും ആശ്രയിച്ചതാണെന്നു വരുത്തിത്തീര്‍ക്കാനാണ് ടെക്സസ് ഗവര്‍ണര്‍ ഗ്രഗ് അബോ‍ട്ട് ശ്രമിച്ചത്. ഡമോക്രാറ്റുകളും പുരോഗമന, പരിസ്ഥിതി പ്രസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്ന ‘ഗ്രീന്‍ ന്യൂ ഡീല്‍’ അമേരിക്കയ്ക്ക് എത്രത്തോളം ആപത്കരമാണെന്ന് സ്ഥാപിക്കാനാണ് ദുരന്തമധ്യത്തിലും അദ്ദേഹം ശ്രമിച്ചത്. ആ വാദഗതി മുന്നോട്ടുവയ്ക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് മൊത്തം ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പത്തുശതമാനത്തില്‍ താഴെ മാത്രമാണ് കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്നതെന്നും അബോട്ട് സമ്മതിക്കുന്നു. ടെക്സസില്‍ വൈദ്യുതി ഉല്പാദനം പ്രധാനമായും പ്രകൃതിവാതകം, കല്‍ക്കരി, അണുശക്തി എന്നിവയില്‍ നിന്നുമാണ്. അവയെല്ലാംതന്നെ കൊടുംശൈത്യത്തില്‍ താറുമാറായി.

യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുകയും പുനരുപയോഗ്യമായ ഊര്‍ജസ്രോതസുകളെയും ‘ഗ്രീ­ന്‍ ന്യൂ ഡീല്‍’ നയത്തെയും കടന്നാക്രമിക്കുകയും ചെയ്യുന്നത് കാലാവസ്ഥാ വ്യതിയാനമെന്ന യാഥാര്‍ത്ഥ്യത്തെ രാഷ്ട്രീയവല്ക്കരിക്കാനുള്ള വലതുപക്ഷ ശ്രമങ്ങളുടെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനം ഋതുഭേദങ്ങളില്‍ വലിയ മാറ്റങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. ആഗോളതാപനത്തിന്റെ ഫലമായി ആര്‍ടിക് മേഖലയിലെ വായു തെക്കോട്ട് തള്ളിക്കയറി യുഎസില്‍ കനത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ടെക്സസിലെ ഇപ്പോഴത്തെ അതിശൈത്യം അതിന്റെ വളരെ മൃദുവായ പ്രതിഭാസങ്ങളില്‍ ഒന്നുമാത്രമാണ്. ആര്‍ടിക് താപം ഉയരുന്നത് കൊടും ശൈത്യത്തിനും ഉഷ്ണവാതത്തിനും പ്രളയങ്ങള്‍ക്കും വരള്‍ച്ചക്കും കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ മുന്നറിയിപ്പു നല്കുന്നു.

ടെക്സസ് റിപ്പബ്ലിക്കന്‍‍ നേതൃത്വത്തിന്റെ ഇപ്പോഴത്തെ ദുരന്തത്തോടുള്ള പ്രതികരണം ആ ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളുടെ നിരാകരണവും വെല്ലുവിളിയുമാണ്. കോവിഡ് മഹാമാരിയോടുള്ള നിരുത്തരവാദപരമായ സമീപനം പോലെ ഈ ദുരന്തത്തേയും അടിസ്ഥാനരഹിതമായി രാഷ്ട്രീയവല്ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇപ്പോഴത്തെ ദുരന്തത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിനു മുതിരുന്നതിനു പകരം ഫോസില്‍ ഇന്ധന കമ്പനികളുടെ സാമ്പത്തിക താല്പര്യ സംരക്ഷണമാണ് അവരുടെ അജണ്ട.

ടെക്സസിലെ ഇപ്പോഴത്തെ ദുരന്തം ഭാവിയെ സംബന്ധിക്കുന്ന താക്കീതാണ്. കാലാവസ്ഥ വ്യതിയാനം എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും ഉപരി ലാഭത്തെ പുല്കുന്ന രാഷ്ട്രീയത്തിനും നേതൃത്വത്തിനും എതിരായ താക്കീതാണ് ഈ ദുരന്തം നല്കുന്നത്.

കടപ്പാട്: പീപ്പിള്‍സ് വേള്‍ഡ്

(സിപിയുഎസ്എ മുഖപത്രം)