രണ്ടേരണ്ടു മുറി; ബില്ലു വന്നത് എട്ട് ലക്ഷം: കര്ഷകന് ആത്മഹത്യചെയ്തു

ഔറംഗബാദ്:
വൈദ്യതി ബില്‍ കണ്ട കര്ഷകന് ആത്മഹത്യ ചെയ്തു. ഔറംഗബാദില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മാര്‍ച്ച് മാസത്തിലെ വൈദ്യുതി ഉപഭോഗത്തിന് ഷെല്‍ക്കെയ്ക്ക് ലഭിച്ചത് 8.64 ലക്ഷം രൂപയുടെ ബില്ലാണ്. 61,178 യൂണിറ്റ് ഉപയോഗിച്ചതായാണ് ബില്ലില്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് കാണിച്ച് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ സ്ഥലത്തെ ഓഫീസില്‍ പലവട്ടം കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതില്‍ മനംനൊന്ത് ഷെല്‍ക്കെ തൂങ്ങിമരിക്കുകയായിരുന്നു. പുണ്ടില്ക്നഗര് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്.
തനിക്ക് എല്ലാ മാസവും ആയിരം രൂപയില്‍ കൂടുല്‍ വൈദ്യുതി ബില്‍ വരാറില്ലെന്ന് ഷെല്‍ക്കെയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് അക്കൌണ്ടിംഗ് അസിസ്റ്റന്റ് സുശീല്‍ കാശിനാഥ് കോലിയെ സസ്പെന്‍ഡ് ചെയ്തു. ഷെല്‍ക്കെയുടെ ആത്മഹത്യാകുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നായിരുന്നു നടപടി. ഷെല്‍ക്കെയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുന്നതു വരെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.