കല്യാണത്തിന് പെണ്‍വീട്ടുകാര്‍ വിസമ്മതിച്ചു; യുവാവ് കാമുകിയെ കുത്തിയശേഷം ആത്മഹത്യ ചെയ്തു

Web Desk
Posted on October 01, 2019, 12:16 pm

മുംബൈ: കാമുകിയുടെ വീട്ടുകാര്‍ വിവാഹത്തിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ കുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു. മുംബൈയിലെ മലാഡിലാണ് സംഭവം. 24 കാരനായ മങ്കേഷ് റാണയാണ് വിവാഹം നടത്താന്‍ വിസമ്മതിച്ചതില്‍ മനംനൊന്ത് കൊലപാതകശ്രമത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്.

18 വയസ്സുകാരിയായ പെണ്‍കുട്ടിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു വീട്ടുജോലിക്കാരനായ മങ്കേഷ്. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാവ് ഈ ബന്ധത്തിനെതിരായിരുന്നു. ഇരുവരും തമ്മില്‍ ആറുവയസ്സിന്റെ വ്യത്യാസമുള്ളതും മങ്കേഷിന്റെ ജോലിയുമെല്ലാം ഇവരുടെ വിവാഹത്തിന് തടസ്സങ്ങളായി പെണ്‍വീട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് പറയുന്നു.

തിങ്കളാഴ്ച പെണ്‍കുട്ടിയുടെ മാതാവ് പുറത്തുപോയതിനുപിന്നാലെ മങ്കേഷും പെണ്‍കുട്ടിയുംതമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെത്തുടര്‍ന്ന് മങ്കേഷ് പെണ്‍കുട്ടിയുടെ വയറ്റില്‍ കത്തികൊണ്ട് നിരവധിതവണ കുത്തി. ശേഷം തന്റെ ഞരമ്പ് മുറിക്കുകയും കെട്ടിടത്തിന്റെ പത്താംനിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.