പ്രണയത്തിന്റെ പേരിൽ ആക്രമണം; യുവാവ് ആത്മഹത്യ ചെയ്തു

Web Desk
Posted on November 12, 2019, 11:36 am

മലപ്പുറം: മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു ഷാഹിർ. യുവതിയുടെ ബന്ധുക്കൾ ഞായറാഴ്ച ദിവസം ഷാഹിറിനെ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ഷാഹിറിൻറെ ബന്ധുക്കൾ ആരോപിക്കുന്നത്. അനിയൻ ഷിബിലൻറെ പരാതിയിൽ ആൾക്കൂട്ട മർദ്ദനത്തിന് 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികൾ കാണാൻ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടർന്ന് ഷാഹിറിന് ഒരു ഫോൺ കോൾ വരികയും പിന്നാലെ അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും ചെയ്‍തു. പിന്നീട് വീട്ടിലെത്തിയ ഷാഹിർ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നിൽവച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നെന്ന് ബന്ധു പറയുന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.