ടെക്കികളെ നിരന്തരം ശല്യപ്പെടുത്തി; യുവാവിനെ പൊലീസ് കയ്യോടെ പൊക്കി

Web Desk
Posted on November 22, 2019, 5:04 pm

തിരുവനന്തപുരം: കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിലും പരിസരത്തും സ്കൂട്ടറില്‍ കറങ്ങി ടെക്കികളെ ശല്യപ്പെടുത്തുന്നത് പതിവാക്കിയ യുവാവിനെ തുമ്പ പൊലീസ് കൈയ്യോടെ പൊക്കി. കഴക്കൂട്ടം ആറ്റിപ്ര സ്വദേശി അനീഷാണ് (23) പിടിയിലായത്. ഇന്ന് രാവിലെ 8 മണിയോടെ മണ്‍വിളയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. രാവിലെ ടെക്നോ പാര്‍ക്കിലേയ്ക്ക് പോകുകയായിരുന്ന യുവതിയെ സ്കൂട്ടറില്‍ പിന്തുടര്‍ന്ന ഇയാള്‍ കടന്നുപിടിച്ചു.

പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ സ്കൂട്ടറില്‍ രക്ഷപ്പെട്ട ഇയാള്‍ ടെക്നോപാര്‍ക്കിന്റെ പലഭാഗത്തായി സ്കൂട്ടറില്‍ കറങ്ങി യുവതികളെ ശല്യപ്പെടുത്താറുണ്ട്. പലരും ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചതിന് പിന്നാലെ മണ്‍വിളയില്‍ വീണ്ടും ഒരു യുവതിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ യുവതി ഇയാളെ തടഞ്ഞുവച്ച്‌ പൊലീസിന് കൈമാറിയത്. പൊലീസ് പിടിയിലായപ്പോള്‍ മാനസിക രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.