വിദേശത്ത് നിന്നെത്തി ക്വാറന്റീന്‍ ലംഘിച്ച് നടന്ന യുവാവിനെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ഓടിച്ചിട്ട് പിടികൂടി

Web Desk

പത്തനംതിട്ട

Posted on July 06, 2020, 2:07 pm

നഗരത്തില്‍ ക്വാറന്റീന്‍ ലംഘിച്ച യുവാവിനെ സാഹസികമായി പിടികൂടി. വിദേശത്ത് നിന്നെത്തിയ യുവാവ് ക്വാറന്റീന്‍ ലംഘനം നടത്തി നഗരത്തില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പൊലീസ് ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചത്. മാസ്ക് വയ്ക്കാതെ നഗരത്തിലൂടെ നടന്ന ഇയാളെ പൊലീസ് ചോദ്യം ചെയ്തപ്പോളാണ് വീട്ടില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പിണങ്ങിയിറങ്ങിയതാണെന്ന് മനസിലാക്കിയത്.

ആശുപത്രിയില്‍ പോകുവാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.തുടര്‍ന്ന് പൊലീസ് ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ആംബുലന്‍സില്‍ പോകുവാന്‍ കൂട്ടാക്കാതെ ഇയാള്‍ റോഡിലേക്കിറങ്ങി ഓടി. പൊലീസും ആരോഗ്യപ്രവര്‍ത്തകരും ഓടിച്ചിട്ടാണ് ഇയാളെ പിടികൂടിയത്.പിന്നീട് കയ്യും കാലും കൂട്ടിക്കെട്ടി ആംബുലന്‍സില്‍ കയറ്റി ഇയാളെ കോഴഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ENGLISH SUMMARY:man who break quar­an­tine caught by police and health work­ers
You may also like this video