Friday
22 Feb 2019

മാനാഞ്ചിറ

By: Web Desk | Saturday 16 June 2018 10:40 PM IST

കെ എം റഷീദ്

മാനാഞ്ചിറയില്‍ കാത്തുനിന്ന്
കഴുത്ത് കഴയ്ക്കുമ്പോള്‍
അയാള്‍ വിളിച്ചു പറയുന്നു,
ഞാന്‍ വരില്ല നീ വിട്ടോ
പലനാള്‍ നൂറ്റ തറ്റുടുത്ത്
കണ്ണെഴുതി മുടി ചീകി
മറ്റാരോടും പറയാതെ
ഝടുതിയില്‍ പുറപ്പെട്ടതായിരുന്നു.
വനവനാന്തരങ്ങളില്‍
നിശ്ശബ്ദ വീഥികളില്‍
ഒരു കപ്പു ചായയില്‍
സിഗരറ്റ് കുറ്റിയില്‍
ആര്‍ക്കും തിരകളില്‍
തിരശ്ശീലയില്‍….
ഉറുമ്പിനും പഴുതാരക്കും
പാമ്പിനും ശലഭത്തിനും
തളിരിലകള്‍ക്കുമില്ലാത്തൊരകം
പൊള്ളും നിസ്സഹായത.
കാത്തിരുന്ന് കാത്തിരുന്ന്
കാത്തിരിപ്പൊരു മരമായ്
വേരിലൂടെ
ഇലകളിലൂടെ
ഏകാന്തതയുടെ ജനിതകം തേടിപ്പുറപ്പെടുന്നു.
മണലില്‍, ജലത്തില്‍
പാറയില്‍, ലാവയില്‍
സമുദ്രത്തില്‍,കിളികളില്‍
ആകാശത്തില്‍….
കിളികള്‍ മാത്രം
തിരിച്ചെത്തുന്നു
ഒന്നും പറയാതെ….
കണ്ണീരില്‍ നനഞ്ഞ് ഉയിരെടുക്കുന്ന
കൊച്ചു ചെടികള്‍
മുഴക്കുന്ന സംഘഗാനം
കാറ്റേറ്റു പാടുന്നു….