16 January 2025, Thursday
KSFE Galaxy Chits Banner 2

മണലില്‍ ജി നാരായണപിള്ള: ഒന്നും നേടാതെ എല്ലാം നേടിയ കര്‍മ്മയോഗി

ചവറ കെ എസ് പിള്ള
ഓര്‍മ്മ
December 29, 2024 2:25 am

വർത്തമാന സാംസ്കാരിക കേരള നിർമ്മിതിയിൽ നമ്മുടെ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ വലുതും ചെറുതുമായ സംഭാവനകൾ എത്ര വിലപ്പെട്ടതാണ്. സമൂഹ നന്മയെ ലക്ഷ്യമാക്കി അവർ നടത്തിയ സ്വയം സമർപ്പിത സാഹസിക പ്രവർത്തനങ്ങളുടെ പരിണിത ഫലമാണ് നമ്മെ നാമാക്കി മാറ്റിയത്. അത് ചരിത്രപാഠം. ചരിത്രപാഠങ്ങളെ മറവി മായ്ച്ചു കളയുമ്പോൾ ഓർമ്മിക്കേണ്ടവരെ ഓർമ്മിക്കാനും ആദരിക്കേണ്ടവരെ ആദരിക്കാനും കഴിയാതെവരുന്നു. അത്തരക്കാരുടെ പട്ടിക വലുതാണ്. ആ പട്ടികയിൽ ഉൾപ്പെട്ടതാണ് മണലിൽചേട്ടൻ എന്നറിയപ്പെടുന്ന മണലിൽ ജി നാരായണപിള്ള.
സ്വാതന്ത്യ്ര സമരത്തെ തുടർന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായാണ് തുടക്കം. പാർട്ടിയുടെ നിരോധനാനന്തരകലത്തെ രാഷ്ട്രീയപ്രവർത്തനം അന്ന് സുഗമമല്ലായിരുന്നു. അധികാരത്തിന്റെ തേർവാഴ്ചകൊണ്ട് വീർപ്പുമുട്ടിയ സാമൂഹികാന്തരീക്ഷം. പൊലീസിന്റെയും പട്ടാളത്തിന്റെയും കിരാത വാഴ്ച. പട്ടിണി, പകർച്ചവ്യാധികൾ. ഇല്ലായ്മയും വല്ലായ്മയുംകൊണ്ട് പൊറുതുമുട്ടിയ കാലം. കെട്ടകാലത്തെ ഇരുട്ടിൽനിന്നും വെളിച്ചം തേടിയുള്ള സമരാവേശം. “സഖാക്കളെ മുന്നോട്ട്’ എന്ന പ്രചോദനമന്ത്രം. ആ മന്ത്രധ്വനിയിൽ ആവേശഭരിതരായവരിൽ ഒരാളായിരുന്നു മണലിൽ ജി നാരായണപിള്ള. 

സർഗാഗ്ഗാത്മക രാഷ്ട്രീയ സംസ്കാസ്ക്കാരമാണ് അദ്ദേഹത്തെ നയിച്ചത്. കലാസാഹത്യ സംസ്കാരിക പ്രവർത്തനങ്ങളിലൂടെ തന്റെ രാഷ്ട്രീയ പ്രവർത്തനം നടത്തുകയായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തനരംഗത്താണ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. നല്ലൊരു വായനക്കാരൻകൂടിയായിരുന്ന അദ്ദേഹം വായനശാലകളുടെ നല്ല നടത്തിപ്പിൽ ഏറെ തല്പരനായിരുന്നു. വായനയും വായനശാലകളും വിരളമായിരുന്ന അക്കാലത്ത് ഗ്രാമഗ്രാമാന്തരങ്ങളിൽ എത്രയെത്ര പുതിയ ഗ്രന്ഥശാലകൾക്ക് അദ്ദേഹം രൂപം നൽകി. കാൽനടയായും സൈക്കിളിന്റെ പിറകിലിരുന്നും ക്ലേശപൂർണമായ യാത്രകൾ ചെയ്ത എത്തേണ്ടിടങ്ങളിലെത്തി പ്രവർത്തകരെ പാകപ്പെടുത്തിയ ഭഗീരഥ പ്രയത്നം. ഗ്രന്ഥശാലാപ്രവർത്തനത്തിന്റെ പുത്തനുണർവിന്റെ കാലം. ഭരണകൂടത്തിന്റെ പിടിയിലമർന്ന ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനകീയ മുഖം വീണ്ടെടുക്കാൻ നടത്തിയ സമരപഥങ്ങളിൽ കടമ്മനിട്ടയുടെയും ഐ വി ദാസ് മാഷിന്റെയും നേതൃത്വത്തിൽ അദ്ദേഹം പ്രവർത്തിച്ചു. സമരാനന്തരം നിലവിൽവന്ന സംസ്ഥാന ലൈബ്രറി കൗൺസിലിൽ വൈസ് പ്രസിഡന്റായി തന്റെ ഗ്രന്ഥശാലാപ്രവർത്തന മേഖല സംസ്ഥാന വ്യാപകമാക്കി.

യുവകലാസാഹിതിയുടെ കൊല്ലം ജില്ലയിലെ പ്രവർത്തനങ്ങളിൽ അദ്ദേഹം ഒരു ശക്തികേന്ദ്രമായിരുന്നു. പുതിയ പ്രവർത്തകരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും കർമ്മനിരതരാക്കുകയും ചെയ്തിരുന്നു. (കൊല്ലം ജില്ലാ സെക്രട്ടറിയായി ഈ ലേഖകനെ കണ്ടെത്തിയതും മണലിൽചേട്ടനായിരുന്നു) പുതിയ യൂണിറ്റുകൾ സംഘടിപ്പിക്കുന്നതിലും അവിടങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിലും പരിപാടികളിലൂടെ അവരെ സംഘടനയുടെ ഭാഗമാക്കി മാറ്റുന്നതിലും മുന്നിൽനിന്നു. ബാലസാഹിത്യക്യാമ്പ്, കവിതാക്യാമ്പ്, നാടക പഠനക്യാമ്പ്, ചെറുകഥാക്യാമ്പ്, മറ്റ് ചർച്ചാ സമ്മേളനങ്ങൾ എല്ലാം വിജയിപ്പിക്കുന്നതിൽ നേതൃത്വം നൽകി. അവശ്യമായ സാമ്പത്തിക സമാഹാരണക്കാര്യത്തിൽ അദ്ദേഹം ഞങ്ങൾക്ക് വഴികാട്ടിയായിരുന്നു. മറ്റുള്ളവർ പിറകിൽ നിൽക്കുകയേ വേണ്ടു. കാര്യം ഭദ്രം. കാരണം മണലിചേട്ടൻ സമൂഹത്തിന്റെ സ്നേഹപാത്രമായിരുന്നു. സി രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന സമാധാന യാത്രയിൽ ആദ്യന്തം പങ്കെടുത്തു. സംസ്ഥാന തലത്തിൽ അതിരപ്പള്ളിയോടൊപ്പം നടന്ന് പ്രകൃതി സംരക്ഷണസമര നിരകളിൽ നേതൃത്വസ്ഥാനത്തുണ്ടായിരുന്നു. കരുനാഗപ്പള്ളിയിലെ ആലപ്പാട്ട് കരിമണൽ ഖനനത്തിനെതിരെ നടത്തിയ പ്രതിഷേധ ജലയാത്ര ഏറെ വിജയകരവും കൂടുതൽ പൊതുജന ശ്രദ്ധയാകർഷിക്കുന്നതുമായിരുന്നു. ഡോ. വള്ളിക്കാവ് മോഹൻദാസ് ക്യാപ്റ്റനായിരുന്ന ആ ജലയാത്രയിൽ എൻ സി മമ്മൂട്ടി, ആര്യാട് ഗോപി, മണലിൽ ജി നാരായണപിള്ള, പി ആർ കർമ്മചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇഞ്ചക്കാട് ബാലചന്ദ്രൻ, ഇടക്കുളങ്ങര ഗോപൻ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ലാൽജി, പി ശിവപ്രസാദ്, ശാസ്താംകോട്ട ഭാസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇപ്റ്റ, ഇസ്കസ്, ഐപ്സോ. തുടങ്ങിയവയുടെ സംഘാടനത്തിലും പ്രവർത്തനത്തിലും ജാഗരൂഗനായിരുന്നു. 

ഒരു കവി മനസിന്റെ ഉടമയായിരുന്നു അദ്ദേഹം. കാളിദാസ- കവിത്രയ ‑അരുണദശക പുരോഗനകവികൾവരെയുള്ള കാവ്യസംസ്കാരം ഉൾക്കൊണ്ടിരുന്നു. വൈവിധ്യമാർന്ന നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. കവിതകൾ പുസ്തകമാക്കാൻ കുറേ കവിതകൾ സി രാധാകൃഷ്ണൻ സാറിനെ ഏല്പിക്കുകയും അദ്ദേഹം പരിശോധിച്ച് നൽകിയെങ്കിലും പ്രസിദ്ധീകരിച്ചുകണ്ടില്ല. പ്രധാനമായും ഗ്രന്ഥശാലാ പ്രവർത്തനരംഗത്ത് നിറഞ്ഞുനിന്ന മണലിൽചേട്ടന്റെ പേരിൽ യുവകലാസാഹിതി കൊല്ലം ജില്ലാകമ്മിറ്റി എഴുത്തുകാർക്കുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യപുരസ്കാരം ഒന്നുമാത്രമാണ് അദ്ദേഹത്തിന്റെ ഓർമ്മയെ ഉണർത്തുന്നത്.
കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രവെളിച്ചമുൾക്കൊണ്ട് സമൂഹ മനസിൽ പുരോഗമനാശയങ്ങളുടെ വിത്ത് വിതയ്ക്കാനും മാനവികതയുടേയും വായനാസംസ്കാരത്തിന്റെയും പ്രസാദമധുരം ചൊരിയാനും നന്മയുടെ വസന്തമൊരുക്കാനും സാംസ്ക്കാരിക രാഷ്ട്രീയ പ്രവർത്തനം എങ്ങനെ ഉപയുക്തമാക്കാമെന്ന് തെളിയിക്കുകയായിരുന്നു മണലിച്ചേട്ടൻ തന്റെ സമർപ്പിതമായ ധന്യജീവിതംകൊണ്ട്. ഒന്നും നേടാതെ എല്ലാം നേടിയ കർമ്മയോഗി. 1995 ജനുവരി രണ്ടിന് കടന്നുപോയെങ്കിലും നമ്മോടൊപ്പം അദ്ദേഹം എപ്പോഴുമുണ്ട്. ഓർമ്മകളുടെ ശക്തിചൈതന്യം നമ്മെ കൂടുതൽ കർമ്മോൽസുകരാക്കുന്നു. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.