മണപ്പുറം ഫിനാന്‍സിന് 1461.8 കോടിയുടെ അറ്റാദായം

Web Desk

കൊച്ചി

Posted on May 15, 2020, 4:11 pm

രാജ്യത്തെ മുന്‍നിര ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 2019–20 സാമ്പത്തിക വര്‍ഷം 1,461.8 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ സാമ്പത്തിക വര്‍ഷം 938.9 കോടി രൂപയായിരുന്ന അറ്റാദായത്തില്‍ 55.7 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2020 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 392.7 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം . മുന്‍ സാമ്പത്തിക വര്‍ഷം 274.6 കോടി രൂപയായിരുന്നു ഇത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 30.8 ശതമാനം വര്‍ധിച്ച് 5,465 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 4,179 കോടി ആയിരുന്നു. നാലാം പാദത്തിലെ മൊത്തം ലാഭം 534 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 409 കോടിയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷം 1,456.5 കോടി രൂപയായിരുന്ന കമ്പനിയുടെ മൊത്തം ലാഭം 2019–20 വര്‍ഷം 37.8 ശതമാനം വര്‍ധിച്ച് 2,007 കോടി രൂപയിലെത്തി.

2019–20 വര്‍ഷവും കരുത്തുറ്റ പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതായി മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഓയുമായ വിപി നന്ദകുമാര്‍ പറഞ്ഞു. നാലാം പാദത്തില്‍ കോവിഡ്19മായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടായെങ്കിലും ബിസിനസിലും, ലാഭസാധ്യതയിലും കമ്പനിക്ക് മികച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു. ഭാവിയില്‍ കോവിഡ്-19 മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനും കമ്പനി സജ്ജമാണ്. വരുന്ന സാമ്പത്തിക വര്‍ഷവും ഈ കുതിപ്പ് തുടരാന്‍ കമ്പനിക്കു കഴിയുമെന്നുംڈ, അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും ആകെ ആസ്തി 29.8 ശതമാനം വര്‍ധിച്ച് 25,225 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 19,438 കോടി രൂപയായിരുന്നു. സ്വര്‍ണ വായ്പാ വിതരണത്തിലെ വളര്‍ച്ചയുടെ ചുവട് പിടിച്ചാണ് ഈ വര്‍ധന. സ്വര്‍ണ വായപാ ആസ്തി 30.90 ശതമാനം വര്‍ധിച്ച് 16,967 കോടി രൂപയിലെത്തി. കമ്പനിയുടെ സ്വര്‍ണ ശേഖരം 7.2 ശതമാനം വര്‍ധിച്ച് 72.4 ടണ്‍ ആയി. 2019–20 സാമ്പത്തിക വര്‍ഷം കമ്പനി വിതരണം ചെയ്തത് 1,68,909 കോടി രൂപയുടെ സ്വര്‍ണ വായ്പയാണ്. മുന്‍ വര്‍ഷമിത് 89,649 കോടിയായിരുന്നു. 2020 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 26.2 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.

സ്വര്‍ണ വായ്പാ ബിസിനസിനു പുറമെയുളള കമ്പനിയുടെ മൈക്രോഫിനാന്‍സ്, വാഹന-ഉപകരണ വായ്പാ വിഭാഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കമ്പനിയുടെ ഉപസ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സിന്‍റെ മൊത്തം ആസ്തി 43.3 ശതമാനം വര്‍ധിച്ച് 5,503 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 3,841 കോടിയായിരുന്നു. വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്‍റെ ആസ്തി 20.6 ശതമാനം വര്‍ധിച്ച് 1,344.35 കോടി രൂപയിലും, ഭവന വായ്പാ വിഭാഗത്തിന്‍റെ ആസ്തി മുന്‍ വര്‍ഷത്തെ 519 കോടിയില്‍ നിന്നും 630 കോടി രൂപയിലുമെത്തി. കമ്പനിയുടെ മൊത്തം ആസ്തിയില്‍ 32.7 ശതമാനം സ്വര്‍ണ ഇതര ബിസിനസുകളില്‍ നിന്നാണ്.

2020 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഉപസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ ആസ്തി മൂല്യം 5,745 കോടി രൂപയാണ്. കമ്പനി ഓഹരിയുടെ ബുക് വാല്യൂ 68 രൂപയും, ഓഹരി നിരക്ക് 17.54  ശതമാനവും മൂലധന പര്യാപ്തതാ അനുപാതം 23.44 ശതമാനവുമാണ്. 2020 മാര്‍ച്ച് 31 പ്രകാരം കമ്പനിയുടെ അറ്റ നിഷ്ക്രിയ ആസ്തി 0.47 ശതമാനവും മൊത്ത നിഷ്ക്രിയ ആസ്തി 0.88 ശതമാനവുമാണ് രേഖപ്പെടുത്തിയത്.

Eng­lish Sum­ma­ry: Man­a­pu­ram finance got  net prof­it of 1461.8 crore.

You may also like this video: