മാമ്പഴം വീണേ…

Web Desk
Posted on February 25, 2018, 1:14 am

ബാലയുഗം

സന്തോഷ് പ്രിയന്‍

മഹാവികൃതിയായിരുന്നു ചിങ്കുമുയല്‍. അമ്മ പറയുന്നതൊന്നും അവന്‍ അനുസരിക്കില്ല. ഒരു ദിവസം അമ്മയില്ലാത്ത തക്കം നോക്കി ചിങ്കുമുയല്‍ നാടു കാണാനിറങ്ങി. വഴിക്കു വച്ച് അവന്‍ ചീരന്‍ ആമയെ കണ്ടു.
ഇഴഞ്ഞു നീങ്ങുന്ന ചീരനെ നോക്കി ചിങ്കുമുയല്‍ കളിയാക്കാന്‍ തുടങ്ങി.
’ ഹി..ഹി.… നിനക്ക് ഒട്ടും വേഗതയില്ല. നാണക്കേടു തന്നെ. നിന്റെ തോടിന് ഒരു ഭംഗിയുമില്ല. ’
പാവം ചീരന്‍ ഒന്നും പറയാതെ ഇഴഞ്ഞുപോയി. എന്നിട്ടും ചിങ്കു അവനെ വെറുതെ വിടാന്‍ ഭാവമില്ലായിരുന്നു. ചീരന്‍ ആമയുടെ ഒപ്പം നടന്ന് കളിയാക്കാന്‍ തുടങ്ങി.
പെട്ടെന്ന് വലിയ കാറ്റ് വീശി. അടുത്തുള്ള ഒരു മാവില്‍ നിന്നും മുഴുത്ത മാമ്പഴങ്ങള്‍ താഴേക്ക് ചറപറായെന്ന് വീണു. ചിങ്കുവിന്റെ പുറത്തും ടപ്പേയെന്ന് കുറേ മാമ്പഴങ്ങള്‍ വീണു. അവന് നന്നായി വേദനിച്ചു.
ചീരന്‍ ആമയുടെ പുറത്തും കുറേ മാമ്പഴം വീണു. പക്ഷേ കട്ടിയുള്ളതുകൊണ്ട് അവന് വേദനിച്ചതേയില്ല. അവന്‍ ഒരു മൂളിപ്പാട്ടും പാടി നടന്നു. അതുകണ്ട് ചിങ്കുമുയല്‍ നാണിച്ച് വീട്ടിലേക്ക് ഓടി.