28 March 2024, Thursday

Related news

March 28, 2024
March 28, 2024
March 24, 2024
March 16, 2024
March 11, 2024
March 3, 2024
March 2, 2024
February 28, 2024
February 16, 2024
February 14, 2024

മണിപ്പൂരില്‍ ചരിത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നിര്‍ബന്ധമാക്കി

Janayugom Webdesk
ഇംഫാല്‍
September 18, 2022 6:30 pm

മണിപ്പൂരില്‍ ചരിത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ചരിത്രം, സംസ്കാരം, പാരമ്പര്യം, ഭൂമിശാസ്ത്രം തുടങ്ങിയവ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനാണ് അനുമതി വാങ്ങേണ്ടത്. പുസ്തക പ്രകാശനത്തിന് അംഗീകാരം നല്‍കുന്നതിനായി സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ 15 അംഗ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ബിജെപി നേതാവും മണിപ്പൂര്‍ വിദ്യാഭ്യാസ മന്ത്രിയുമായ ബസന്ത സിങ് ആയിരിക്കും സമിതിയുടെ ചെയര്‍പേഴ്സണ്‍. മണിപ്പൂര്‍, ധനംജുരി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, പ്രൊഫസര്‍മാര്‍ തുടങ്ങിയവരും സമിതിയിലെ അംഗങ്ങളായിരിക്കും.

ഈ മാസം 15നാണ് സംസ്ഥാന ഉന്നത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് വി‍ജ്ഞാപനം ചെയ്തത്.
സംസ്ഥാനത്തിന്റെ ചരിത്രം, സംസ്കാരം, പാരമ്പര്യം, ഭൂമിശാസ്ത്രം എന്നിവയിൽ പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങളിൽ വസ്തുതകളെ വളച്ചൊടിക്കുന്നതോ വിവിധ സമുദായങ്ങൾക്കിടയിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിന് ഭംഗം വരുത്തുന്നതോ ആയ കാര്യങ്ങൾ അടങ്ങിയിരിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് പരിശോധിക്കാനാണ് സമിതിക്ക് രൂപം നല്‍കിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇത്തരം ഉള്ളടക്കങ്ങളടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വ്യക്തികളോ സംഘടനകളോ യൂണിവേഴ്സിറ്റി ആന്റ് ഹയര്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതിയോടൊപ്പം അപേക്ഷ സമര്‍പ്പിക്കണം. കയ്യെഴുത്തുപ്രതി പരിശോധിച്ച് സമിതി അംഗീകാരം തീരുമാനിക്കും. ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം ശിക്ഷിക്കുമെന്നും ഉത്തരവിൽ പറയുന്നു.

സിആര്‍പിഎഫില്‍ നിന്നും വിരമിച്ച ബ്രിഗേഡിയര്‍ സുശീല്‍ കുമാര്‍ ശര്‍മ തയാറാക്കിയ ഒരു പ്രബന്ധം വിവാദമായതിനു പിന്നാലെയാണ് എന്‍ ബിരേന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. ഇന്ത്യയുമായി ലയിപ്പിക്കുമ്പോള്‍ 700 സ്ക്വയര്‍ കിലോമീറ്റര്‍ താഴ്‌വര പ്രദേശങ്ങള്‍ മാത്രമാണ് മണിപ്പൂരിനുണ്ടായിരുന്നതെന്നാണ് പ്രബന്ധത്തില്‍ പറഞ്ഞിരുന്നത്. നാഗാ, കുക്കി, മറ്റ് ഗോത്രക്കാർ അധിവസിക്കുന്ന മണിപ്പൂരിലെ മലയോര പ്രദേശങ്ങൾ ഒരിക്കലും സംസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ‘ദ കോപ്ലക്സിറ്റി കോള്‍ഡ് മണിപ്പൂര്‍ : റൂട്ട്സ്, പേര്‍സിപ്ഷന്‍ ആന്റ് റിയാലിറ്റി’ എന്ന പുസ്തകത്തിലും ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.

Eng­lish Sum­ma­ry: man­dat­ed per­mis­sion to pub­lish his­to­ry books in Manipur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.