നിപാ: മെഡിക്കല്‍ കോളജിലെ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു

Web Desk
Posted on May 27, 2018, 7:35 pm

കോഴിക്കോട്: നിപാ വൈറസ് ബാധയെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. റഫറല്‍ കേസുകള്‍ക്ക് നിയന്ത്രണമില്ലെന്ന് കോളെജ് പ്രിന്‍സിപ്പള്‍ വിശദീകരിച്ചു.
നിപാ വൈറസ് ബാധ പകരുന്നത് ഒഴിവാക്കാനായിട്ടാണ് രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ തീരുമാനിച്ചിരുന്നത്. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികിത്സയില്‍ തുടരുന്നവരെ ഡിസ് ചാര്‍ജ് ചെയ്യാനുമായിരുന്നു പ്രിന്‍സിപ്പലിന്റെ ഉത്തരവ്. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രസവ കേസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇതില്‍ മാറ്റം വരുത്തുകയായിരുന്നു.
കൂടുതല്‍ മുന്‍കരുതലിനായി ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പാവപ്പെട്ട രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അത്യാഹിക കേസുകള്‍ മാത്രം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചാല്‍ മതി, സാധാരണ പ്രസവ കേസുകള്‍ ഐ എം സി എച്ചില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്നിങ്ങനെയായരുന്നു അധികൃതര്‍ സ്വീകരിച്ച നടപടികള്‍. ദിവസവും നൂറു കണക്കിന് രോഗികളാണ് അയല്‍ ജില്ലകളില്‍ നിന്നടക്കം ഇവിടെ എത്താറ്. രോഗം അല്‍പ്പം ഭേദപ്പെട്ട രോഗികളെ തുടര്‍ ചികിത്സയ്ക്ക് ഇനി എവിടേക്ക് കൊണ്ടപോകുമെന്ന ആശങ്കയിലായിരുന്നു കുടുംബങ്ങള്‍. ഗൈനക്കോളജിസ്റ്റുകളുടെ നിര്‍ദ്ദേശം അനുസരിച്ച് പരിചരണം നല്‍കിവരുന്ന ഗര്‍ഭിണികള്‍ക്ക് പെട്ടന്ന് പുതിയ ആശുപത്രി തേടുകയും പ്രയാസമായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ സാധാരണ പ്രസവത്തിന് പോലും വലിയ തോതിലുള്ള ഫീസാണ് ഈടാക്കുന്നത്. ഇത് സാധാരണക്കാരായ രോഗികള്‍ക്ക് താങ്ങുവാന്‍ സാധിക്കില്ല.