തമിഴ്‌നാട്ടിൽ മാന്‍ഡൗസ് ചുഴലിക്കാറ്റില്‍ നാല് പേര്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമർദ്ദമാണ് മാൻഡൗസ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. മാമല്ലപുരത്ത് തീരം കടന്ന ചുഴലിക്കാറ്റ് നഗരത്തിലും സമീപപ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് മൻഡൗസ് തീരംതൊട്ടത്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നഗരത്തിലെ 400ഓളം മരങ്ങൾ കടപുഴകി വീണതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. സ്ഥിതിഗതികൾ മുൻകൂട്ടി കണ്ട് എല്ലാ പ്രതിരോധ നടപടികളും സജ്ജമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
25,000 ത്തോളം പേരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിൽ വൈദ്യുത തൂണുകൾക്കും ട്രാൻസ്ഫോർമറുകൾക്കും കേടുപാടുകൾ സംഭവിച്ചതോടെ 600 സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആവശ്യമെങ്കിൽ കേന്ദ്രസഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 205 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 9,000ത്തിലധികം പേർ കഴിയുന്നുണ്ടെന്ന് സംസ്ഥാന റവന്യു, ദുരന്തനിവാരണ മന്ത്രി കെ കെ എസ് എസ് ആർ രാമചന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ തന്നെ കടലോര മേഖലകളിൽ കുടിലുകളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. അതേസമയം, മാൻഡൗസ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ 30 ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ റദ്ദാക്കി.
English Summary: Mandause wreak havoc in Tamil Nadu: four deaths
You may also like this video