Saturday
23 Feb 2019

മണ്ടേന്ദ്രവര്‍മ്മനും തുരങ്കപ്പനും

By: Web Desk | Sunday 23 September 2018 1:03 AM IST


Story of Raja

ബാലയുഗം

സന്തോഷ് പ്രിയന്‍

പണ്ട് മണ്ടലപുരം രാജ്യത്ത് മരമണ്ടനായ ഒരു രാജാവുണ്ടായിരുന്നു- മണ്ടേന്ദ്രവര്‍മ്മന്‍. ഒരിയ്ക്കല്‍ മണ്ടേന്ദ്രവര്‍മ്മന്റെ മകളുടെ പിറന്നാള്‍ അതിഗംഭീരമായി കൊട്ടാരത്തില്‍ ആഘോഷിച്ചു.
പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രാജാവ് കൊട്ടാരം തടവറയിലുള്ള കുറ്റവാളികളെ ഒന്നു സന്ദര്‍ശിക്കാമെന്ന് തീരുമാനിച്ചു. താമസിയാതെ രാജാവ് നേരെ തടവറയിലേക്ക് വച്ചടിച്ചു. മന്ത്രിയും പരിവാരങ്ങളും പിന്നാലെ ഒാടിക്കിതച്ചെത്തി.
തടവറയിലെത്തി മണ്ടേന്ദ്രവര്‍മ്മന്‍ കുറ്റവാളികളെ കണ്ടു. അപ്പോള്‍ അദ്ദേഹത്തിനൊരു സംശയം. ഇക്കൂട്ടത്തില്‍ നിരപരാധികള്‍ ആരെങ്കിലുമുണ്ടാകുമോ? എങ്കില്‍ അവരെ രക്ഷിക്കണം. മണ്ടേന്ദ്രവര്‍മ്മന്‍ തീരുമാനിച്ചു.
മണ്ടന്‍ രാജാവ് ഉടന്‍ വിളിച്ചുചോദിച്ചു.
‘ഇവിടെ തെറ്റു ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന ആരെങ്കിലുമുണ്ടോ?’
‘ഉണ്ടേ…..പൊന്നു തിരുമേനീ ഉണ്ട്, ഒരു പാവത്താന്‍ ഇവിടെയുണ്ട്.’ കള്ളന്മാരുടെ കൂട്ടത്തില്‍നിന്നും തുരങ്കപ്പനായിരുന്നു അതു പറഞ്ഞത്. രാജാവ് തല നീട്ടിപ്പിടിച്ച് നോക്കി. ഒരാള്‍ തൊഴുതു പിടിച്ചു നില്‍ക്കുന്നു. പെരുങ്കള്ളനായിരുന്നു തുരങ്കപ്പന്‍.
മരമണ്ടന്‍ രാജാവിനെ പറ്റിച്ച് എങ്ങനെയെങ്കിലും തടവറയില്‍ നിന്നും രക്ഷപ്പെടണമെന്നായിരുന്നു കള്ളന്‍ തുരങ്കപ്പന്റെ മനസിലിരിപ്പ്. തുരങ്കപ്പന്‍ വേഗം മുന്നോട്ടു വന്നു.
മണ്ടേന്ദ്രവര്‍മ്മ രാജാവ് ചോദിച്ചു.
‘പറയു, നിന്നെ എന്തിനാണ് തടവിലിട്ടിരിക്കുന്നത്?’
തുരങ്കപ്പന്‍ രാജാവിനെ താണു തൊഴുതു. എന്നിട്ട് പറഞ്ഞു.
‘തിരുമേനീ, അയല്‍ക്കാരനോട് കുറച്ച് പണം കടം ചോദിച്ചതിനാ അടിയനെ തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്നത്.’
‘എന്ത്? കടം ചോദിച്ചതിന് തടവു ശിക്ഷയോ? അതു അന്യായമല്ലേ, എന്താണുണ്ടായതെന്ന് വിശദമായി പറയു.’
രാജാവ് കല്‍പ്പിച്ചു. -ഹായ് ഹായ് വിദ്യ ഏല്‍ക്കുന്നുണ്ട്. മരമണ്ടനായ രാജാവിനെ പറ്റിക്കുക തന്നെ- തുരങ്കപ്പന് ആലോചിച്ചപ്പോള്‍ ചിരി വന്നു.
അവന്‍ കണ്ണുതുടച്ചുകൊണ്ടു പറഞ്ഞു.
‘തിരുമേനീ അടിയന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം. കേട്ടാല്‍ കഷ്ടം തോന്നും തിരുമേനീ കഷ്ടം തോന്നും. എല്ലാം കേട്ടു കഴിയുമ്പോള്‍ തിരുമേനിയ്ക്ക് കരച്ചിലും വരും. അത്രയ്ക്കു നിരപരാധിയാണു തിരുമേനീ ഞാന്‍.’
‘ഉം സമയം കളയാതെ പറയീന്‍’
‘എന്റെ പൊന്നു തിരുമേനീ ഒരു ദിവസം പാതിരാത്രി എനിക്ക് കുറച്ചു പണത്തിന് ആവശ്യം വന്നു. അയല്‍ക്കാരനോടു ചോദിക്കാമെന്നു കരുതി അയാളുടെ വീട്ടില്‍ ചെന്നു. എന്തു ചെയ്യാനാ, എന്റെ കഷ്ടകാലമെന്നു പറഞ്ഞാമതിയല്ലോ, അപ്പോള്‍ വാതില്‍ അടച്ചിരിക്കുകയായിരുന്നു. പിന്നെ അടിയന്‍ മറ്റൊന്നും ആലോചിച്ചില്ല. അടിയന്‍ പതുക്കെ ഓടിളക്കി അകത്തു കടന്നു. രാത്രി കതകില്‍ മുട്ടി ബഹളം വയ്ക്കുന്നത് മോശമല്ലേ? അങ്ങനെ അകത്തു കടന്നപ്പോള്‍ വീട്ടുകാരന്‍ മൂടിപ്പുതച്ച് സുഖമായി ഉറങ്ങുന്നു. അര്‍ധരാത്രി ഉണര്‍ത്തുന്നത് കഷ്ടമല്ലേ… അടിയന്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ അലമാരി തുറന്നു. എങ്ങനെയോ എന്റെ കൈതട്ടി മേശപ്പുറത്തെ പാത്രം താഴെ വീണു. ശബ്ദം കേട്ട് വീട്ടുകാരന്‍ ഉണര്‍ന്നു. അയാള്‍ കിടന്ന് ബഹളം വച്ചു. അതുകേട്ട് നാട്ടുകാര്‍ ഓടിവന്നു. അവര്‍ എന്നെ പിടിച്ച് രാജഭടന്മാരെ ഏല്‍പ്പിച്ചു. അവര്‍ എന്നെ ജയിലിലടയ്ക്കുകയും ചെയ്തു. ഇതല്ലാതെ അടിയന്‍ ഒരു തെറ്റും ചെയ്തില്ല തിരുമേനീ…..ചെയ്തില്ല….എന്നെ തിരുമേനി രക്ഷിക്കണം.’
തുരങ്കപ്പന്‍ മണ്ടേന്ദ്രവര്‍മ്മന്റെ കാല്‍ക്കല്‍ വീണു കരയാന്‍ തുടങ്ങി. തുരങ്കപ്പന്റെ സങ്കടം കണ്ട് മണ്ടേന്ദ്രവര്‍മ്മ രാജാവ് പൊട്ടിക്കരഞ്ഞു. -പാവം തുരങ്കപ്പന്‍. കടം ചോദിക്കാന്‍ ചെന്നിട്ട് അതിനുള്ള അവസരം പോലും കിട്ടിയില്ല. അതിനു മുമ്പ് ജയിലില്‍ ആയല്ലോ. മണ്ടന്ദ്രവര്‍മ്മന്‍ കുറേ നേരം കരഞ്ഞു. ഒടുവില്‍ കണ്ണുതുടച്ചുകൊണ്ട് കല്‍പ്പിച്ചു.
‘ആരവിടെ, നമ്മുടെ രാജ്യത്ത് ഒരു നിരപരാധിയും ശിക്ഷിക്കരുത്. പാവത്താനായ ഇയാളെ പുറത്തുവിടാന്‍ നാം കല്‍പ്പിക്കുന്നു.’
അപ്പോള്‍ മന്ത്രി പറഞ്ഞു. ‘പ്രഭോ, അത് ഇയാള്‍…’
‘ഉം, ഒന്നും പറയണ്ടാ, എന്റെ ആജ്ഞ അനുസരിക്കുക’
തുരങ്കപ്പന്‍ ഉള്ളില്‍ ചിരിച്ചു. -ഹാവൂ ഈ രാജാവ് മരമണ്ടന്‍ ആയതുകൊണ്ട് രക്ഷപെട്ടു. തുരങ്കപ്പന്‍ ഒരു മൂളിപ്പാട്ടും പാടി വേഗം സ്ഥലംവിട്ടു.