Web Desk

ഇടുക്കി

July 29, 2021, 5:42 pm

അമ്മയില്ല: കാടുകാണാനിറങ്ങി കുഞ്ഞ് മംഗള

Janayugom Online

അമ്മക്കടുവ ഉപേക്ഷിച്ചതോടെ പെരിയാർ ടൈഗർ റിസർവ് സംരക്ഷണച്ചുമതല ഏറ്റെടുത്ത മംഗള എന്ന 10 മാസം പ്രായമുള്ള പെൺ കടുവക്കുട്ടി ഇന്ന് ആദ്യമായി കാട് കാണാനിറങ്ങും. വേട്ടയാടൽ പരിശീലനത്തിന്റെ ഭാഗമായി വനം വകുപ്പ് അധികൃതര്‍ തന്നെയാണ് മംഗളയെ കാട്ടിലേയ്ക്ക് അയയ്ക്കുന്നത്.
ആദ്യമായാണ് മംഗള കാട് കാണുന്നത്. വനമേഖലയിൽ നിന്ന് 60 ദിവസം പ്രായമായ കടുവക്കുട്ടിയെ വാച്ചർമാർ കണ്ടെടുത്തത് കഴിഞ്ഞ നവംബറിലാണ്. അവശ നിലയിലായിരുന്നു കടുവക്കുട്ടി. അമ്മക്കടുവയെ സമീപത്ത് കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വനപാലകര്‍ കടുവക്കുട്ടിയെ ഏറ്റെടുത്ത് സംരക്ഷണവും ആരംഭിച്ചു. മംഗളയെന്ന് പേരുമിട്ടു.
തള്ളക്കടുവയുടെ അടുത്ത് കുട്ടിയെ എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്താനും അധികൃതര്‍ മറന്നില്ല. എന്നാല്‍ തള്ളക്കടുവയ്ക്കു വേണ്ടി വനത്തിൽ ക്യാമറ സ്ഥാപിച്ചു തിരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് മംഗളയെ അധികൃതര്‍ തന്നെ വളര്‍ത്തുകയായിരുന്നു.
കടുവക്കുട്ടിയെ മറ്റു മൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ കൂടിനു ചുറ്റും 10, 000 ചതുരശ്ര അടി വേലികെട്ടി. കാടുമായി മംഗള ഇണങ്ങാൻ റീവൈൽഡിങ് എന്ന പരിശീലന രീതിയാണ് അവലംബിക്കുന്നത്. നീരീക്ഷണത്തിനായി ക്യാമറകള്‍ സ്ഥാപിച്ചാണ് പരിശീലനം നടത്തുന്നത്. പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ വനംവകുപ്പ് സംഘത്തിന്റെ നിരീക്ഷണത്തിൽ പ്രത്യേക പരിശീലനവും മംഗളക്കുണ്ട്. 50 ലക്ഷത്തോളം രൂപ ഇതിന് ചെലവു പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. സ്വന്തമായി വേട്ടയാടാനും കാടിനോടു ചേർന്നുപോകാനുമുള്ള പരിശീലനം കഴിഞ്ഞാൽ മംഗളയെ പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിൽ തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനം.

Eng­lish Eng­lish Sum­ma­ry: man­gala tiger to for­est first time

You may like this video also