മംഗള്‍പാണ്ഡെ

Web Desk
Posted on November 06, 2017, 11:36 pm

ഗൗതം എസ് എം
ക്ലാസ്: 5 ബി
ഇന്ത്യന്‍ സ്‌കൂള്‍,
അല്‍ഗൂബ്ര, മസ്‌കറ്റ്

നൂറുവര്‍ഷത്തെ ജനങ്ങളുടെ പീഡനങ്ങള്‍ക്ക് അറുതി വരുത്തേണ്ട സമയമായെന്ന് ചെറുപ്പക്കാര്‍ക്ക് തോന്നിത്തുടങ്ങി. ബ്രിട്ടീഷുകാരുടെ പ്രവൃത്തികള്‍ക്കെതിരെ ചെറുപ്പക്കാരായ ശിപായിമാര്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാകുവാന്‍ തുടങ്ങി. 1857 ലെ ഒരു പാതിരാ നേരത്ത് ബംഗാളിലെ ഒരു കൊച്ചു പട്ടാള ക്യാമ്പിന് പുറത്തുള്ള നദീതീരത്ത് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ തീക്കുണ്ഡമുണ്ടാക്കി അതിനു ചുറ്റമിരുന്ന് തീകായുകയാണ് കുറച്ചുപേര്‍. ബാരക്പൂര്‍ പട്ടാള ക്യാമ്പിലെ ശിപായിമാരില്‍ ചിലരായിരുന്നു അവര്‍. അതില്‍ ഹൈന്ദവരും മുസ്‌ലിങ്ങളുമുണ്ടായിരുന്നു. അവരിലൊരാളായിരുന്നു മംഗള്‍പാണ്ഡെ. ബംഗാളിലെ ഒരു കുഗ്രാമത്തിലെ വൈദികന്റെ മകന്‍.
”കൊത്തിക്കൊത്തി ഒടുവില്‍ മുറത്തില്‍ കയറി നിന്നാണല്ലോ കൊത്തുന്നത്” മംഗള്‍പാണ്ഡെ ജനങ്ങളുടെ പീഡനങ്ങള്‍ മുഴുവന്‍ ഒരൊറ്റ വാക്യത്തില്‍ ഒതുക്കിയിരുന്നു.
ഇന്ത്യന്‍ ശിപായിമാരെ (പട്ടാളക്കാരെ) അവരുടെ മേലുദ്യോഗസ്ഥന്മാര്‍ വിളിച്ചിരുന്നത് കാപ്പിരികളെന്നും കറുത്ത ഇന്ത്യന്‍ പട്ടികളെന്നും പന്നികളെന്നുമൊക്കെയായിരുന്നു. ഈ അപമാനഭാരം പേറി നടന്ന അവര്‍ ജീവിക്കണോ എന്ന് നിശ്ചയമില്ലാതെ ഒരു സന്ദിഗ്ധഘട്ടത്തില്‍പ്പെട്ടിരിക്കുയായിരുന്നു. ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ വേണ്ടിയായിരുന്നു അവര്‍ ആ നദീതീരത്ത് ഒത്തുകൂടിയത്.
എന്‍ഫീല്‍ഡ് തോക്ക്
ശിപായിമാര്‍ക്ക് കൊണ്ടുനടക്കാനും പരിശീലനത്തിനും എന്‍ഫീല്‍ഡ് തോക്ക് എന്ന പുതിയ ഒരിനം തോക്ക് വെള്ളക്കാര്‍ ഇറക്കുമതി ചെയ്തിരുന്നു. ആ തോക്ക് കൈകാര്യം ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എന്നാല്‍ അതിലെ വെടിത്തിര കൊഴുപ്പു പുരട്ടിയ ഒരു കടലാസുകൊണ്ട് ആവരണം ചെയ്തിരിക്കും. ഈ മൂടിയുടെ അറ്റം പല്ലുകൊണ്ട് ഞെരിച്ചുമുറിച്ചു വേണം തിര തോക്കിനുള്ളില്‍ നിറയ്ക്കാന്‍. എന്നാല്‍ പുരട്ടാനുപയോഗിക്കുന്ന കൊഴുപ്പ് പന്നിയുടേയോ കാളയുടേയോ ആയിരിക്കും. ഇത് അവര്‍ക്കിടയില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നായിരുന്നു. പന്നി മുസ്‌ലിമിനും കാള ഹിന്ദുവിനും നിഷിദ്ധമായിരുന്നു. നാളെ തോക്കിന്‍തിര തന്നാല്‍ വാങ്ങരുത് എന്ന ദൃഢനിശ്ചയത്തോടെയാണവര്‍ മംഗള്‍പാണ്ഡെയുടെ നേതൃത്വത്തില്‍ അന്നു രാത്രി പിരിഞ്ഞത്.
അവരുടെ അസഹിഷ്ണുതയ്ക്ക് മറ്റൊരു പ്രധാനകാരണം കൂടെയുണ്ടായിരുന്നു. വളരെ തുച്ഛമായ ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. അതില്‍ തന്നെ നല്ലൊരു പങ്ക് മേലുദ്യോഗസ്ഥന് നല്‍കണമായിരുന്നു. മുട്ടുവായ്പ എന്നാണതിന് പേര്. ഉയര്‍ന്ന ഉദ്യോഗസ്ഥരോട് ധിക്കാരം കാണിക്കാനുമാകില്ലല്ലോ. പണം തിരികെ ചോദിച്ചാല്‍ തെറിയും ഭീഷണിയും തൊഴിയുമാണ് ഫലം.
”നമ്മുടെ ഉപ്പും ചോറും കട്ടുഭുജിച്ച് ഐശ്വര്യം ഊതിയണച്ച് ആ വെള്ളെലികള്‍ ഇവിടെ അഹങ്കരിച്ച് കഴിയുകയാണ്. കടലും കടന്ന് വന്ന് മാളം കുത്തി പാര്‍ക്കുകയാണവര്‍. അവരെ പുകച്ചു പുറത്തുചാടിക്കാത്തിടത്തോളം കാലം നമുക്ക് മനസ്സമാധാനമുണ്ടാകില്ല.…” എന്നിങ്ങനെ പോകുന്നു മംഗള്‍പാണ്ഡെയുടെ അസഹ്യതയുടെ കാരണങ്ങള്‍.
മംഗള്‍പാണ്ഡെ പറയുന്നതൊക്കെ എല്ലാവരും ശരിവച്ചു. പക്ഷേ മിണ്ടിയാല്‍ കുറ്റം, രാജ്യദ്രോഹം, കടുത്തശിക്ഷയ്ക്ക് പാത്രമാകേണ്ടിവരും. പീരങ്കിമുഖത്ത് വരിഞ്ഞുകെട്ടി തീകൊളുത്തുക,കെട്ടിത്തൂക്കുക, തുടങ്ങിയവയാണ് ശിക്ഷാ വിധികള്‍. അതുകൊണ്ട് ഇതൊന്നും ഓര്‍ക്കാന്‍ പോലും ആരും തയാറായിരുന്നില്ല.
”തൂക്കുമരെമങ്കില്‍ തൂക്കുമരം. വെടിയെങ്കില്‍ വെടി. കുറേപ്പേര്‍ മരിക്കാന്‍ തയാറാകണം. സായ്പിന്റെ ചോറ്റുപട്ടിയായി ജീവിക്കുന്നതിലും ഭേദം വീരോചിതമായ മരണമാണ്. അങ്ങനെ കുറേപ്പേര്‍ ജീവത്യാഗം ചെയ്യാന്‍ തയാറായെങ്കില്‍ മാത്രമേ ഇന്ത്യന്‍ പട്ടികള്‍ക്ക് ശാപമോക്ഷം ലഭിക്കൂ.” അങ്ങനെ പോകുന്നു മംഗള്‍പാണ്ഡെയുടെ വാക്കുകള്‍. ഇത്തരം വാഗ്വാദങ്ങളും ആവലാതികളും മറ്റുള്ള പട്ടാള ക്യാമ്പുകളിലേക്കും വ്യാപിക്കുകയും ഇന്ത്യന്‍ ശിപായിമാര്‍ക്കിടയില്‍ അസ്വസ്ഥത പടരുകയും ചെയ്യാന്‍ തുടങ്ങി. ദുരിതമനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളിലേക്കും അത് പടര്‍ന്നുപിടിച്ചു. പക്ഷേ അവരൊന്നാകെ സംഘടിപ്പിച്ചു പൊരുതുവാന്‍ കെല്‍പുള്ള ഒരു നേതൃത്വത്തിന്റെ അഭാവം അപ്പോഴുമുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു മാര്‍ച്ച് മാസത്തിലെ ഞായറാഴ്ച മംഗള്‍പാണ്ഡെ വിപ്ലവത്തിന്റെ ആദ്യവെടിപൊട്ടിക്കാന്‍ തോക്കുമായി ഏകനായി ഒരു ഈറ്റപ്പുലിയെപ്പോലെ പരേഡ് മൈതാനത്തിലേക്ക് ചാടിവീണു.